കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നടത്താൻ നിശ്ചയിച്ച കാലിബ്രേഷൻ ഇന്നും നാളേയുമായി നടത്തിയേക്കും. ആകാശം മേഘാവൃതമായതിനാൽ ഇന്നലെ നിശ്ചയിച്ച കാലിബ്രേഷൻ മുടങ്ങുകയായിരുന്നു. ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ കാലിബ്രേഷനുവേണ്ടിഎയർപോർട്ട് അഥോറിറ്റിയുടെ വിമാനം ഇന്നലെ കണ്ണൂരിൽ എത്തി പരിശോധന നടത്തണമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്.

അതനുസരിച്ച് കോയമ്പത്തൂരിൽ നിന്നും ഇന്നലെ ഉച്ച തിരിഞ്ഞ് കണ്ണൂരിലെത്താൻ പാകത്തിൽ വിമാനം പുറപ്പെട്ടെങ്കിലും ആകാശം മേഘാവൃതമായതോടെ കണ്ണൂരിലിറക്കാതെ മംഗളൂരുവിലേക്ക് പറക്കുകയായിരുന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ കൃത്യത പൂർണ്ണമായും ഉറപ്പിക്കാനായിരുന്നു ഇന്നലത്തെ കാലിബ്രേഷൻ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. ഇന്നോ നാളേയോ വിമാനം മംഗളൂവിൽ നിന്നും കണ്ണൂരിലെത്തിച്ച് പരിശോധനകൾ പൂർത്തിയാക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.

എയർപോർട്ട് അഥോറിറ്റിയുടെ ബീച്ച് ക്രാഫ്റ്റ് വിമാനം ഉപയോഗിച്ച് നേരത്തെ മൂന്ന് ദിവസങ്ങളിലായി ഐ.എൽ. എസ്. കാലിബ്രേഷൻ നടത്തിയിരുന്നു. അതേ തുടർന്ന് തയ്യാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജർ പ്രകാരം എയർ ഇന്ത്യാ എക്സ്പ്രസ്സിന്റേയും ഇൻഡിഗോയുടേയും വിമാനങ്ങൾ പരീക്ഷണ പറക്കൽ നടത്തിയിരുന്നു. എന്നാൽ ഇത് പൂർണ്ണവിജയമായിരുന്നില്ല. അതേ തുടർന്ന് ഡോണിയർ വിമാനം കണ്ണൂർ വിമാനത്താവളത്തിൽ കാലിബ്രേഷനുവേണ്ടി പരീക്ഷണ പറക്കൽ നടത്തി.

എന്നാൽ സാങ്കേതികമായി അതും പൂർണ്ണവിജയത്തിലായിരുന്നില്ല. കോഴിക്കോട്, കോയമ്പത്തൂർ വിമാനത്താവളങ്ങളിൽ നിന്നും കാലിബ്രേഷനുവേണ്ടി വിമാനം കണ്ണൂരിൽ നിന്ന് പറന്നു. അതോടെയാണ് കിയാലും സി.എൻ. എസ്. വിഭാഗവും ഐ.എൽ. എസുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ പരിശോധിക്കുകയും അതിന്റെ കാര്യക്ഷമത ഉറപ്പാക്കുകയും ചെയ്തത്. ഐ.എൽ.എസ് കാലിബ്രേഷൻ നടത്താൻ വീണ്ടും കിയാൽ അധികൃതർ എയർപോർട്ട് അഥോറിറ്റിയോട് ആവശ്യപ്പെടുകയായിരുന്നു.

രാജ്യത്തെ 127 വിമാനത്താവളങ്ങളിലും എയർപോർട്ട് അഥോറിറ്റിയുടെ ഡോണിയർ, ബീച്ച് ക്രാഫ്റ്റ് ഇനങ്ങളിൽപെട്ട വിമാനങ്ങളാണ് കാലിബ്രേഷൻ നടത്തുന്നത്. ഇനി കണ്ണൂർ വിമാനത്താവളത്തിന് എയറോനോട്ടിക്കൽ ഇൻഫർ മേഷൻ നോട്ടം ആയോ സപ്ലിമെന്ററി ഡേറ്റ ആയോ ഐ.എൽ. എസ് .സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ ഉൾപ്പെട്ട വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്. അതിന് കാലിബ്രേഷൻ പൂർത്തിയാക്കി ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജർ തയ്യാറാക്കി പരീക്ഷണ പറക്കൽ കൂടി നടത്തേണ്ടതുണ്ട്.

ഉത്ഘാടന സമയത്ത് തന്നെ വിവരങ്ങൾ പ്രസിദ്ധീകരിക്കണം. സെപ്റ്റംബർ 26 ന് ഐ.എൽ.പി. ഒഴികെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി എയർപോർട്ട് അഥോറിറ്റി എയറോഡ്രോം ഡാറ്റ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതനുസരിച്ച് ഡിസംബർ 6 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഡിസംബർ 9 നാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഉത്ഘാടനം നിശ്ചയിച്ചിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള സന്ദർശനാനുമതി ഇപ്പോൾ പിൻവലിച്ചിരിക്കയാണ്. ലൈസൻസ് ലഭിച്ച സാഹചര്യത്തിൽ വിമാനത്താവളത്തിൽ പൊതു ജനങ്ങളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണമുണ്ട്.