കണ്ണൂർ: കണ്ണൂരിൽ ഒരു വിമാനത്താവളമെന്ന ആശയത്തിന് തുടക്കമിട്ട ഡോ. പി വി ബാലകൃഷ്ണന് ഉദ്ഘാടനചടങ്ങിൽ കാഴ്‌ച്ചക്കാരനാകാൻ പോലും ക്ഷണം ലഭിച്ചില്ല. 1980 മുതൽ കണ്ണൂരിൽ വിമാനത്താവളമെന്ന ആവശ്യവുമായി കണ്ണൂർ സാമൂഹ്യ വികസനസമിതി സെക്രട്ടറിയായ ഡോ.പി.വി.പ്രവർത്തനം തുടങ്ങിയിരുന്നു. അന്ന് സമൂഹത്തിലെ പരിഹാസ ശരങ്ങൾ ഏറെ ഏറ്റുവാങ്ങേണ്ടി വന്നു. ഇയാൾക്ക് ഭ്രാന്താണെന്ന് പലരും പ്രചരിപ്പിച്ചു. കോഴിക്കോടും മംഗളുരുവിലും വിമാനത്താവളങ്ങൾ ഉള്ളപ്പോൾ കണ്ണൂരിനെന്തിനു വേറെ വിമാനത്താവളം, ഇത് ബസ് സ്റ്റാൻഡ് ആണോ. അന്ന് കണ്ണൂർ ബാറിലെ അഭിഭാഷകനും ഹിന്ദു പത്രത്തിന്റെ ലേഖകനുമായിരുന്നു ഡോ .പി.വി.എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബാലകൃഷ്ണൻ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‌ടെ ചിറക്കൽ കണ്ണോത്തുവീടിന്റെ അയൽക്കാരനായിരുന്നു.

കോൺഗ്രസ്സ് പ്രവർത്തകൻ കൂടിയായിരുന്ന ബാലകൃഷ്ണൻ റിട്ട.ജസ്റ്റിസ് മൊയ്തു ചെയർമാനായ കണ്ണൂർ വികസന സമിതിയിലെ സെക്രട്ടറിയായിരുന്നു. സമിതിയുടെ പേരിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കാണാൻ ഡൽഹിയിലെത്തി .മുഖ്യമന്ത്രിയായ ഇ.കെ.നായനാർ പ്രധാനമന്ത്രിയെ കാണാൻ സമയം കാത്തു നില്പുണ്ടായിരുന്നു.അതിനിടെ അന്നത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ജി.കെ.മൂപ്പനാരെ കാണുകയും ഇന്ദിരാജിയെ കാണാൻ അല്പസമയം തരപ്പെടുകയും ചെയ്തു. കണ്ണൂറിന്‌ടെ ചരിത്രവും തെയ്യത്തെ കുറിച്ചുള്ള വിവരങ്ങളും അഞ്ച് നിമിഷത്തിനകം ധരിപ്പിച്ചു ഘണ്ടകർണനെക്കുറിച്ചായിരുന്നു പ്രധാനമായും പറഞ്ഞത്. ടൂറിസം എയർപോർട്ട് എന്ന ആശയമായിരുന്നു ഡോ .പി.വി.ഉയർത്തിക്കാട്ടിയത്.

അടുത്തമാസം കോഴിക്കോട് നടന്ന യൂത്ത് കോൺഗ്രസ് പൊതുപരിപാടിയിൽ ഇന്ദിരാജി ഉദ്ഘാടകയാണെന്ന വിവരം പത്രങ്ങളിലൂടെ പി.വി.അറിഞ്ഞു.അതോടെ ഇന്ദിരയെ തെയ്യം കാണിക്കാനുള്ള ശ്രമം തുടങ്ങി .എന്നാൽ സുരക്ഷാ സംവിധാനം ഡോ .പി വിയുടെ മോഹത്തിന് വിലങ്ങുതടിയായി. ഉടൻ തന്നെ കരുണാകരനോട് കാര്യങ്ങൾ ധരിപ്പിച്ചു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം കനിഞ്ഞില്ല.എന്നാൽ ഡോ .പി.വി.തന്നെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഇന്ദിരാഗാന്ധിക്ക് തെയ്യത്തോടുള്ള താല്പര്യം അറിയിച്ചു. എന്നാൽ അവിടെയും ഘണ്ടകര്ണന്‌ടെ തീപ്പന്തം പ്രശ്‌നമായി. അതുകൊണ്ട് സ്റ്റേജിൽ അവതരിപ്പിക്കാൻ അനുമതി ഇല്ലാതായി.

അതിനും പി.വി.പരിഹാരം കണ്ടെത്തി.സമ്മേളന മൈതാനിയിൽ ഇന്ദിരാഗാന്ധിക്കും വി.ഐ.പികൾക്കും സുരക്ഷയോടുള്ള ഇരിപ്പിടം .ഘണ്ടകർണൻ അവിടെ ഉറഞ്ഞാടി.മറ്റു തെയ്യങ്ങളായ വിഷ്ണുമൂർത്തിയും കുട്ടി ശാസ്തനും സ്റ്റേജിലും കളിയാട്ടം നടത്തി.അതോടെ അടുത്തവർഷം ഏഷ്യാഡിലേക്ക് കണ്ണൂരിൽ നിന്ന് പോയത് നൂറുതെയ്യങ്ങൾ. എല്ലാം പി.വിയുടെ ശ്രമഫലമായി ഇന്ദിര അനുവദിച്ചത്. കണ്ണൂരിനെക്കുറിച്ച് ഇന്ദിരാഗാന്ധിയിൽ മതിപ്പുയർന്നു.

ഏഴിമല നേവൽ അക്കാദമിയിലെ ഏവിയേഷൻ സെന്റർ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി കെ.കരുണാകരൻ കണ്ണൂരിൽ വിമാനത്താവളം ഉറപ്പെന്ന് പ്രഖ്യാപിച്ചു. പിന്നെ സ്ഥലം തേടിയുള്ള അന്വേഷണം. മാടായിപ്പാറയായിരുന്നു ആദ്യം പരിഗണിക്കപ്പെട്ടത്ത്.പിന്നീടത് മൂർഖൻപറമ്പായി. അപ്പോഴേക്കും ഡോ .പി.വിയെ പരിഹസിച്ചവർ ആക്ഷൻ കമ്മിറ്റികളുമായി രംഗത്തെത്തി. 1988ൽ ഡോ .പി.വിയും സംഘവും കോഴിക്കോട് വെച്ച് അന്നത്തെ വ്യോമയാനമന്ത്രി സി.എം.ഇബ്രാഹിമിനെ കണ്ട് കണ്ണൂർ വിമാനത്താവളത്തെ കുറിച്ച് സംസാരിച്ചു.

തൊട്ടടുത്ത ദിവസം തന്നെ വിമാനത്താവളം പ്രഖ്യാപിക്കപ്പെട്ടു. എന്നാൽ ഇതിനെ ദക്ഷിണ കേരളത്തിലെ ചില ഉദ്യോഗസ്ഥർ എതിർത്തിരുന്നതായി പി.വി.പറയുന്നു. ഡൽഹിയിൽ നിന്നെത്തിയ ബക്ഷി എന്ന ഉദ്യോഗസ്ഥൻ സ്ഥലം കണ്ടപ്പോൾ രാജ്യത്തെ ഏറ്റവും മികച്ചത് എന്ന് സാക്ഷ്യപ്പെടുത്തി എന്നും ബാലകൃഷ്ണൻ പറയുന്നു.വിമാനത്താവള മോഹം സഫലമായെങ്കിലും ഡോ .പി.വിയെ കിയാലോ സംഘാടകരോ ഇതുവരെ പരിഗണിച്ചിട്ടില്ല. എന്നാൽ കണ്ണൂരിന്റെ ജനമനസ്സുകളിൽ വിമാനത്താവളത്തിൽ നിന്നും ആദ്യവിമാനം പറന്നുയരുമ്പോൾ പി.വിയുടെ പേര് കൂടി ഉയർത്തപ്പെടും.