കണ്ണൂർ: കൊച്ചി മെട്രോയും സ്മാർട് സിറ്റിയും എല്ലാം നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യാഥാർത്ഥ്യമാക്കുമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം. എന്നാൽ ഇതു രണ്ടും നടക്കില്ലെന്ന് ഉറപ്പായി. മലബാറിന്റെ മനസ്സ് പിടിക്കാനുള്ള മറ്റൊരു പദ്ധതിയായിരുന്നു കണ്ണൂർ വിമാനത്താവളം. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ സർക്കാർ ഉദ്ദേശിച്ച വേഗത മൂർഖൻപറമ്പിലെ പദ്ധതിക്കും വന്നിട്ടില്ല. ഡിസംബർ 31ന് പരീക്ഷാണാടിസ്ഥാനത്തിൽ വിമാനം ഇറക്കുമെന്നായിരുന്നു മന്ത്രി കെ ബാബു നൽകിയ ഉറപ്പ്. മേയിൽ വിമാനത്താവളം യാഥാർത്ഥ്യമാകുമെന്നും വ്യക്തമാക്കി. പക്ഷേ ഇതു രണ്ടും നീളുമെന്നാണ് സൂചന.

റൺവേക്ക് ആവശ്യമായ നീളമില്ലാത്തതിനാൽ കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ നിലനിൽപ്പുപോലും ഭീഷണിയായ സാഹചര്യവും കണ്ണൂർ പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നു. ഭാവി വികസനം മുന്നിൽക്കണ്ട് കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേ 3400 മീറ്റർ ആയി വർധിപ്പിക്കാനാണ് തീരുമാനം. ഇതും പദ്ധതി നീളാൻ കാരണമായി. അതിനിടെയാണ് നാലാംഘട്ടത്തിൽ വിമാനത്താവള സർവേയുമായി സഹകരിക്കില്ലെന്ന് കുടിയിറക്കു വിരുദ്ധ കർമസമിതി പ്രഖ്യാപിച്ചത്. രണ്ടാം ഘട്ടത്തിൽ പുനരധിവാസത്തിനു നൽകിയ സ്ഥലത്തെ വീടുകളിൽ ചിലത് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വീണ്ടും ഏറ്റെടുക്കുന്നതിനെ തുടർന്നാണ് കല്ലേരിക്കര, പാറാപ്പൊയിൽ, വായാന്തോട് ഭാഗങ്ങളിലെ ഭൂവുടമകൾ കുടിയിറക്കുവിരുദ്ധ കർമസമിതി രൂപവത്കരിച്ച് സമരരംഗത്തുള്ളത്. ഈ പ്രക്ഷോഭവും വിമാനത്താവളത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. ഈ സാഹചര്യം മനസ്സിലാക്കി ചില ഒത്തു തീർപ്പുകൾ സർക്കാർ തയ്യാറാക്കുന്നുണ്ട്. എങ്ങനേയും നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിമാനം ഇറക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം.

നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഴയും മറ്റു പ്രതികൂല സാഹചര്യവും മൂലം 90 ദിവസത്തെ പ്രവൃത്തി ദിവസങ്ങൾ നഷ്ടപ്പെടുത്തിയിരുന്നു. കാലാവസ്ഥയിലെ പ്രശ്‌നങ്ങൾ ഇപ്പോഴും തുടരുകയാണ്. ഈ സാഹചര്യമാണ് കണ്ണൂർ വിമാനത്താവള പദ്ധതി നീളാൻ കാരണം. റൺവേ നിർമ്മാണത്തിന്റെ 65% പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഡിസംബറിൽ വിമാനം ഇറങ്ങുന്നത് പ്രായോഗികമല്ല. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്റെ 45% നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം അടുത്ത വർഷം മെയിൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിക്കണമെങ്കിൽ ഈ വേഗതയിൽ പോയാൽ കാര്യങ്ങൾ പോയാൽ പോര.

നിലവിലെ റൺവേ 3,050 മീറ്ററിൽനിന്ന് 3,400 മീറ്ററായി വർധിപ്പിക്കുമ്പോൾ അധികമായി വരുന്ന 350 മീറ്റർ റൺവേക്കും ലൈറ്റ് അപ്രോച്ചിനുമുൾപ്പെടെ ആവശ്യമുള്ള 75 ഏക്കറിൽ 64.4 ഏക്കർ സ്ഥലമാണ് റൺവേയുടെ തെക്കുഭാഗമായ കാനാട് മേഖലയിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. ലൈറ്റ് അപ്രോച്ചിനായി 10.6 ഏക്കർ സ്ഥലം മാത്രമാണ് എതിർഭാഗമായ കല്ലേരിക്കര ഭാഗത്ത് ഏറ്റെടുക്കുന്നത്. ഇതിന്റെ പേരിൽ സമരങ്ങളുണ്ടാകുമോ എന്ന ആശങ്ക കിയാലിനുണ്ട്. വിവിധ സമരങ്ങളത്തെുടർന്ന് വിമാനത്താവള നിർമ്മാണ പ്രവർത്തനത്തിൽ 93 ദിവസം നഷ്ടപ്പെട്ടു. സ്‌ഫോടനത്തോടെയുള്ള ഖനനം വഴിയുണ്ടായ എതിർപ്പിനത്തെുടർന്ന് 60 ദിവസം പൂർണമായും 33 ദിവസം ഭാഗികമായും നഷ്ടപ്പെട്ടുകയായിരുന്നു.മഴ കാരണം പദ്ധതി പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നത്.

വിമാനത്താവളത്തിലേക്കുള്ള റെയിൽപാതയുടെ ഒന്നും രണ്ടും ഘട്ട സർവേ മാസങ്ങൾക്കുമുമ്പ് പൂർത്തിയായെങ്കിലും അക്കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. വിമാനത്താവള വികസനം ലക്ഷ്യമിട്ട് കഴിഞ്ഞ റെയിൽവേ ബജറ്റിലാണ് സർവേക്ക് അനുമതി നൽകിയത്. തുടർന്ന് കണ്ണൂർ മട്ടന്നൂർ പുതിയ പാതയുടെ സാധ്യതാ പഠനത്തിനു ചെന്നൈയിലെ ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ ചീഫ് എൻജിനീയർ ടെൻഡർ ക്ഷണിക്കുകയും ചെന്നൈയിൽ നിന്നുള്ള റെയിൽവേ ഡ്രോയിങ് വിഭാഗം സർവേ നടത്തുകയും ചെയ്തു. കണ്ണൂർ സൗത്തിൽനിന്ന് ആറ്റടപ്പ, പള്ളിപ്പൊയിൽ, മാച്ചേരി, കൂടാളി, ചാലോട്, എടയന്നൂർ വഴിയാണ് മൂർഖൻപറമ്പിലേക്ക് പാത ഉദ്ദേശിച്ചു സർവേ നടത്തിയത്. താഴെചൊവ്വയിൽനിന്ന് മൂർഖൻ പറമ്പിലേക്ക് 25കിലോ മീറ്റർ ദൂരമുണ്ട്. കണ്ണൂർ മട്ടന്നൂർ പാത ലാഭകരമാണോ എന്നത് പരിശോധിച്ചായിരിക്കും ഭാവിപ്രവർത്തനങ്ങൾ തുടരുക.

കണ്ണൂർ വിമാനത്താവളത്തിലെ ഫ്യൂവൽ ഫാം ബിസിനസ് നടത്തുന്നതിന് വേണ്ടി കിയാലും ബി.പി.സി.എല്ലും ചേർന്ന് ബി.പി.സി.എൽ കിയാൽ ഫ്യൂവൽ ഫാം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. മൂന്നാംഘട്ട ഭൂമി ഏറ്റെടുക്കൽ പദ്ധതിയിൽ ഉൾപ്പെട്ട 753 ഏക്കർ ഭൂമിയിൽ ഇതുവരെ 612 ഏക്കർ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. വിമാനത്താവളത്തിലേക്കുള്ള റോഡുകളുടെ നിർമ്മാണത്തിനായുള്ള സർവ്വേ നടപടികൾക്ക് ജില്ലാ കളക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. 131 ഏക്കർ ഡിനോവ ഭൂമിയും റൺവേയുടെ നീളം 3400 മീറ്ററാക്കി വർദ്ധിപ്പിക്കാനുള്ള 100 ഏക്കർ സ്ഥലവും ഏറ്റെടുക്കുതിന് കിൻഫ്രയെ ചുമതലപ്പെടുത്തി. വിമാനത്താവളത്തിലേയ്ക്ക് ആവശ്യമായ പാസഞ്ചർ ബോർഡിങ് ബ്രിഡ്ജ്, എസ്‌കലേറ്റർ ആൻഡ് എലിവേറ്റർ, ബാഗേജ് ഹാൻഡ്‌ലിങ് സിസ്റ്റം, എയർഫീൽഡ് ക്രാഷ് ഫയർ ടെൻഡർ എന്നിവ വാങ്ങുതിനുള്ള ടെണ്ടർ നടപടികൾ നടന്നു വരികയുമാണ്. ഇതെല്ലാം പൂർത്തിയാകാനും കാലതാമസം എടുക്കും.

വിമാനത്താവള പദ്ധതിയിൽ രണ്ടു പ്രധാന കാര്യങ്ങൾ പൂർത്തീകരിക്കുന്ന ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയാണു കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി. കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഫീൽഡ് വിമാനത്താവള നയം അനുസരിച്ച് അനുവദിച്ച വാർത്താവിനിമയഎയർ സംവിധാനങ്ങൾക്കായി എയർപോർട്ട് അഥോറിറ്റിയുമായി എ.എൻ.എസ്/എ.ടി.എം (എയർ നാവിഗേഷൻ സർവീസ്/എയർ ട്രാഫിക് മാനേജ്‌മെന്റ്) ഉടമ്പടിയാണ് ഒപ്പിട്ടത്. കാലാവസ്ഥ സംബന്ധിച്ച സേവനങ്ങൾക്കായി കേന്ദ്ര വാനനിരീക്ഷണ വകുപ്പുമായി ഒരു എംഒയുവും അനിവാര്യമാണ്. എയർപോർട്ട് അഥോറിറ്റിയുമായുള്ള എ.എൻ.എസ്/എ.ടി. എം ഉടമ്പടിയും ഡൽഹിയിൽ വച്ചാണ് ഒപ്പിട്ടത്. എ.എൻ.എസ്/എ.ടി.എം ഉടമ്പടി അനുസരിച്ച് കണ്ണൂർ വിമാനത്താവളത്തിനു എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയുടെ വി.എച്ച്.എഫ് കമ്മ്യൂണിക്കേഷൻസ്, ഡി. വി .ഒ. ആർ ആൻഡ് ഡി.എം.ഇ, വോയ്‌സ് റെക്കോർഡർ, ജി.പി.എസ് ക്ലോക്ക് സിസ്റ്റം, എ.ടി.എസ് ഓട്ടോമേഷൻ, ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം, കമ്മ്യൂണിക്കേഷൻ ലൈൻസ്, കൊച്ചി എയർപോർട്ടിൽ നിന്നും റഡാർ സിഗ്‌നൽസ് തുടങ്ങീ സൗകര്യങ്ങൾ ലഭ്യമാകും.

വാനനിരീക്ഷണ ഉടമ്പടി അനുസരിച്ച് വിമാനത്താവളത്തിനു ഇന്ത്യൻ വാനനിരീക്ഷണ വകുപ്പിന്റെ റൺവേ വിഷ്വൽ റേഞ്ച് അളക്കാനുള്ള ഉപകരണങ്ങൾ, കാറ്റിന്റെ വേഗത, ഗതി, അന്തരീക്ഷ ഊഷ്മാവ് എന്നിവ അളക്കാനുള്ള ഉപകരണങ്ങൾ, സാറ്റലൈറ്റ് മാപ്പുകൾചിത്രങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയും ലഭ്യമാകും. അനുബന്ധ കെട്ടിടങ്ങളുടെ പണി പൂർത്തിയായാലേ ഇവ എത്തിക്കാൻ കഴിയൂ എന്നതാണ് അവസ്ഥ.