കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ ആകർഷകമാക്കാൻ കർണ്ണാടകത്തിന്റെ രണ്ട് ചിത്രങ്ങൾ കൂടി ചുവരിൽ സ്ഥാനം പിടിച്ചു. കേരളീയരുടെ തനത് കലയായ കഥകളിയുമായി സാമ്യമുള്ള, കർണ്ണാടകത്തിന്റെ നാടോടി കലാരൂപമാണ് യക്ഷഗാനം. യക്ഷഗാന ബൈലാട്ട എന്നാണ് ഈ കലയെ വിളിച്ചു പോന്നത്. കേരളത്തിലെ കാസർഗോഡ് ജില്ലയിലും കർണ്ണാടകത്തിലെ കൊങ്കൺ തീരപ്രദേശത്തുമാണ് യക്ഷഗാനം നടന്നു പോന്നത്. നൃത്തവും അഭിനയവും സാഹിത്യവുമെല്ലാം യക്ഷഗാനത്തിൽ അരങ്ങേറും.

9 മീറ്റർ ഉയരത്തിലും ആറ് മീറ്റർ വീതിയിലുമുള്ള ഫ്രൈമിലാണ് യക്ഷഗാന ചിത്രം രൂപപ്പെടുത്തിയിട്ടുള്ളത്. പ്രശസ്തമായ മ്യൂറൽ പെയിന്റർ കെ. ആർ ബാബുവിന്റെ നേതൃത്വത്തിലുള്ള ആർട്ടിസ്റ്റ് സംഘമാണ് ഇത് നിർവ്വഹിച്ചത്. പരംമ്പരാഗത ചായക്കൂട്ടിൽ ചുവപ്പ്, മഞ്ഞ, ഓത്രേ, സാച്ചാ ഗ്രീൻ, കറുപ്പ്, നില, എന്നിവ ഉപയോഗിച്ചാണ് കേരളത്തിന്റെ തനതായ രീതിയിൽ ചിത്രം രൂപപ്പെടുത്തിയത്. ഇത്രയും വലിയ യക്ഷഗാന ചിത്രം മ്യൂറൽ രീതിയിൽ രൂപപ്പെടുത്തിയത് ഇത് ആദ്യമാണ്. രചനയിൽ രഞ്ജിത്ത്, സബർ, നിജേഷ്, പ്രദീപ്, മിഥുൻ, ഷിബു, അനിൽ ബാബു എന്നിവരും പങ്കാളികളായി.

കർണ്ണാടകത്തിലെ കുടക് ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ചിത്രമാണ് രണ്ടാമത്തേത്. കുടകിന്റെ പരമ്പരാഗത വേഷത്തിൽ ഒരു സ്ത്രീ കാപ്പി കുടിക്കുന്നതും കൂർഗ്ഗിയായ പുരുഷൻ ഒരു കയ്യിൽ തോക്കും മറുകൈയിൽ കത്തിയുമായി തൊപ്പി ധരിച്ച് ആചാരവേഷത്തിൽ നിൽക്കുന്നു. കുടവ സംസ്‌ക്കാരത്തെയാണ് സ്ത്രീയും പുരുഷനും പ്രതിനിധീകരിക്കുന്നത്. പിന്നിൽ കുടകിന്റെ പ്രശസ്തമായ കാപ്പിക്കുരുവും വന്യജീവി സമ്പത്തുമൊക്കെ ചിത്രീകരിച്ചിട്ടുണ്ട്. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമായ തലക്കാവേരിയും ചിത്രത്തിലുണ്ട്. ആനകളും പക്ഷികളും ചിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.

മൈസൂരിലെ ആർട്ട് കൺസൽട്ടൻസിയായ ചാരു ആട്സ് ഗ്യാലറിയിലെ ആർട്ടിസ്റ്റുകളാണ് കുടക് ചിത്രത്തിന്റെ മെറ്റൽ ആർട്ട് വർക്ക് നടത്തിയത്. ചിത്രനിർമ്മാണത്തിന് സ്റ്റീൽ , സ്റ്റെയിൻലെസ് സ്റ്റീൽ, ചെമ്പ് എന്നിവയാണ് ഉപയോഗിച്ചത്. കന്നഡ സാംസ്കാരിക വകുപ്പിന്റെ അനുമതിയോടെയാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇവ രേഖപ്പെടുത്തിയതെന്ന് ചാരു ആർട്ട് ഗ്യാലറിയുടെ മാനേജിഗ് പാർട്ട്ണർ എ.എൻ ഭീമേഷ് പറഞ്ഞു.

കണ്ണൂരിന്റെ തനത് അനുഷ്ടാന കലയായ തെയ്യവും കളരിയും വിമാനത്താവളത്തിന്റെ ചുവരിൽ നേരത്തെ സ്ഥാനം പിടിച്ചിരുന്നു. രൗദ്ര മൂർത്തിയായ വിഷ്ണു മൂർത്തിയെയാണ് വിമാനത്താവളത്തിന്റെ ചുവരിൽ രേഖപ്പെടുത്തിയിട്ടുള്ളത്. യക്ഷഗാനവും കുടവ സ്ത്രീയും പുരുഷനും രേഖപ്പെടുത്തിയതോടെ വിമാനത്താവളത്തിന്റെ ചുവർ കൂടുതൽ ആകർഷകമായിരിക്കയാണ്. കണ്ണൂർ എയർപോർട്ടുമായി വ്യോമയാന സൗകര്യമുള്ള കാസർഗോഡിനേയും കുടകിനേയും പ്രത്യേകം പരിഗണിച്ചാണ് അവരുടെ സാംസ്കാരിക പൈതൃകം കൂടി ഇവിടെ സ്ഥാനം പിടിച്ചത്.

കണ്ണൂർ എയർപോർട്ടിന്റെ സമീപ സ്ഥലമാണ് കുടക്. ദക്ഷിണ കൂർഗ് നഗരമായ വീരാജ് പേട്ടയിൽ നിന്നും വിമാനത്താവളത്തിലേക്ക് 58 കിലോ മീറ്റർ മാത്രമാണ് ദൂരം. കുടക് ജില്ലയുടെ ആസ്ഥാനമായ മടിക്കേരിയിൽ നിന്നും 90 കിലോ മീറ്ററും. ബംഗളൂരു എയർപോർട്ടിലേക്ക് ഉള്ള ദൂരത്തേക്കാൾ എത്രയോ കുറവ് ദൂരമാണ് കുടക് ജില്ലക്കാർക്ക് കണ്ണൂരിലെത്താൻ.