- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2300 ഏക്കർ സ്ഥലത്ത് 2350കോടി മുടക്കി നിർമ്മാണം; പ്രതിവർഷ പ്രവർത്തന ചെലവ് 250 കോടി; പ്രതീക്ഷിക്കുന്നത് നെടുമ്പാശ്ശേരിയേയും വെല്ലുന്ന വളർച്ച; 4000 കോടിയുടെ അനുബന്ധ നിക്ഷേപങ്ങൾ ഉടൻ; മൂർഖൻ പറമ്പ് നഗരമായി മാറും; ടൂറിസം മേഖലയിൽ മലബാറിന്റെ മുഖവും മാറും; മംഗലാപുരവും കരിപ്പൂരും കണ്ണൂരിന്റെ പ്രഭയിൽ മങ്ങും; കർണ്ണാടകയിൽ നിന്നുള്ള യാത്രക്കാരുടെ വരവ് ഗുണം ചെയ്യും; ഒരു പകൽ കൊണ്ട് കാറിൽ സഞ്ചരിച്ചാൽ എത്താൻ പറ്റുന്ന ദൂരത്തിൽ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉണ്ടാകുമ്പോൾ
കണ്ണൂർ; കണ്ണൂരിൽ നിന്ന് കൊച്ചിയിലെത്താൻ വേണ്ടത് ഏഴ് മണിക്കൂർ താഴെ കാർ യാത്ര. രണ്ടര മണിക്കൂർ കൊണ്ട് ഏത് ട്രാഫിക്കിലും കോഴിക്കോട്ടെ കരിപ്പൂരിലെ വിമാനത്താവളത്തിലുമെത്താം. മംഗലാപുരത്തെ വിമാനത്താവളത്തിൽ റോഡിലൂടെ പോകാനും മൂന്ന് മണിക്കൂർ സമയം മതി. അങ്ങനെ കാറിൽ ഒരു പകൽ കൊണ്ട് എത്താവുന്ന ഈ ദൂരത്തിനിടെയിലെ മൂന്ന് വിമാനത്താവളങ്ങൾ. കണ്ണൂരിലെ മൂർഖൻപറമ്പും മംഗലാപുരവും കരിപ്പൂരും നെടുമ്പാശേരിയും അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. ഈ നാലിലും ഇനി കേമൻ കണ്ണൂർ തന്നെയാകും. അത്യാധുനികതയുടെ മുഖമായി മൂർഖൻ പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളം മാറുകയാണ്. ചുറ്റിലും വിമാനത്താവളമുണ്ടെങ്കിലും കണ്ണൂരിനെ അത് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഉത്തരമലബാറിലെ വികസന സ്വപ്‌നങ്ങൾക്ക് പുതുവേഗം കൈവരുത്തുന്ന ചുവട് വയ്‌പ്പ് കൂടിയാകും ഇത്. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളമാണ് കണ്ണൂരിലേത്. തെക്കേ അറ്റത്ത് തിരുവനന്തപുരത്തായിരുന്നു ആദ്യ അന്താരാഷ്ട്ര വിമാനത്താവളമെത്തിയത്. അതും മുഖം മുനിക്ക് നവീകരിച്ച് കൂടുതൽ ആകർഷകമായിരുന്നു. നെട
കണ്ണൂർ; കണ്ണൂരിൽ നിന്ന് കൊച്ചിയിലെത്താൻ വേണ്ടത് ഏഴ് മണിക്കൂർ താഴെ കാർ യാത്ര. രണ്ടര മണിക്കൂർ കൊണ്ട് ഏത് ട്രാഫിക്കിലും കോഴിക്കോട്ടെ കരിപ്പൂരിലെ വിമാനത്താവളത്തിലുമെത്താം. മംഗലാപുരത്തെ വിമാനത്താവളത്തിൽ റോഡിലൂടെ പോകാനും മൂന്ന് മണിക്കൂർ സമയം മതി. അങ്ങനെ കാറിൽ ഒരു പകൽ കൊണ്ട് എത്താവുന്ന ഈ ദൂരത്തിനിടെയിലെ മൂന്ന് വിമാനത്താവളങ്ങൾ. കണ്ണൂരിലെ മൂർഖൻപറമ്പും മംഗലാപുരവും കരിപ്പൂരും നെടുമ്പാശേരിയും അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ്. ഈ നാലിലും ഇനി കേമൻ കണ്ണൂർ തന്നെയാകും. അത്യാധുനികതയുടെ മുഖമായി മൂർഖൻ പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളം മാറുകയാണ്. ചുറ്റിലും വിമാനത്താവളമുണ്ടെങ്കിലും കണ്ണൂരിനെ അത് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. ഉത്തരമലബാറിലെ വികസന സ്വപ്‌നങ്ങൾക്ക് പുതുവേഗം കൈവരുത്തുന്ന ചുവട് വയ്‌പ്പ് കൂടിയാകും ഇത്.
കേരളത്തിലെ നാലാമത്തെ അന്താരാഷ്ട വിമാനത്താവളമാണ് കണ്ണൂരിലേത്. തെക്കേ അറ്റത്ത് തിരുവനന്തപുരത്തായിരുന്നു ആദ്യ അന്താരാഷ്ട്ര വിമാനത്താവളമെത്തിയത്. അതും മുഖം മുനിക്ക് നവീകരിച്ച് കൂടുതൽ ആകർഷകമായിരുന്നു. നെടുമ്പാശ്ശേരിയിലേത് രാജ്യത്തെ തന്നെ അഭിമാന എയർപോർട്ടായി മാറിയിട്ടുണ്ട്. കരിപ്പൂരിൽ പല പ്രശ്‌നങ്ങളുണ്ടെങ്കിലും അവിടേയും വലിയ വിമാനങ്ങൾ വീണ്ടും എത്തി തുടങ്ങിയിരിക്കുന്നു. നാല് വിമാനത്താവളങ്ങൾ കേരളത്തെ പോലുള്ള കൊച്ചു സംസ്ഥാനത്ത് ആവശ്യമുണ്ടോ എന്ന ചോദ്യം ഉയരുമ്പോഴും ദൈവത്തിന്റെ സ്വന്തം നാട്ടിൽ വിമാനയാത്രക്കാർക്ക് പഞ്ഞമില്ലെന്നതാണ് വസ്തുത. പ്രവാസി മലയാളിയുടെ കരുത്തിൽ എല്ലാ വിമാനത്താവളങ്ങളും സജീവതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. കണ്ണൂരിലും യാത്രക്കാർക്ക് കുറവ് വരില്ലെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന.
2300 ഏക്കർ സ്ഥലത്ത് 2350 കോടി രൂപ മുടക്കി നിർമ്മിച്ച വിമാനത്താവളമാണ് മൂർഖൻ പറമ്പിലേത്. പ്രതിവർഷം ശരാശരി പ്രവർത്തനച്ചെലവ് 250 കോടി രൂപയായിരിക്കും. വിമാനത്താവളം എന്ന സൗകര്യം ഉപയോഗിച്ച് വിമാനത്താവള കമ്പനി വരുമാനമുണ്ടാക്കുമ്പോൾ,വിമാനത്താവളം എന്ന സാധ്യതയുപയോഗിച്ചു മലബാറും വികസനത്തിലേക്ക് കുതിക്കും. കൊച്ചിയിൽ സംഭവിച്ച വിപ്ലവങ്ങൾ കണ്ണൂരിലുമെത്തും. 2017-18 സാമ്പത്തിക വർഷത്തിൽ കേരളത്തിലെ ആകെ വിമാന സഞ്ചാരികൾ 1.73 കോടിയായിരുന്നു. ഇതിൽ 1.02 കോടിയും കൊച്ചി വഴി യാത്ര ചെയ്തവരാണ്.. തിരുവനന്തപുരത്തിനും കരിപ്പൂരിനും കൂടി 73 ലക്ഷത്തിൽ താഴെ മാത്രം.. കണ്ണൂർ കൂടി വരുന്നതോടെ ഈ കണക്കുകൾ മാറി മറിയും. മലബാറിലുള്ളവർ കൂടുതൽ ആശ്രയിക്കുന്ന എയർപോർട്ടായി മൂർഖൻ പറമ്പിലേത് മാറും.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണം കൂടുന്നതും കേരളത്തിലെ വിമാനത്താവളങ്ങൾക്ക് പ്രതീക്ഷയാമ്. കൊച്ചിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 20 ശതമാനമാണു വർധന. കേരളത്തിന്റെ വടക്കൻ ജില്ലയെന്നതും സംസ്ഥാനത്തിന്റെ അതിർത്തിയോടു തൊട്ടുകിടക്കുന്നു എന്നതും ആഭ്യന്തര സഞ്ചാരികളെ കൂടുതലായി ആകർഷിക്കും. ടൂറിസം സാധ്യതകളും ഉയരുന്നു. അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി കണ്ണൂരിനേയും കാസർഗോഡിനേയും വയനാടിനേയും മാറ്റാനും കണ്ണൂരിലെ വിമാനത്താവളത്തിന് കഴിയും. 2500 ഏക്കർ സ്ഥലമാകും എല്ലാ ഘട്ടത്തിലും കൂടെ വിമാനത്താവളത്തിനായി മുർഖൻപറമ്പിൽ ഏറ്റെടുക്കുക. ഇതിൽ നിറയെ വികസന പദ്ധതികളെത്തുമ്പോൾ മൂർഖൻപറമ്പിന് നഗരമുഖമെത്തും.
എയ്‌റോ ഓപ്പറേഷൻ കഴിഞ്ഞുള്ള മറ്റ് പദ്ധതികൾക്കുപയോഗിച്ച് വരുമാനമുണ്ടാക്കാം.. നേരിട്ടു ഡ്യൂട്ടി ഫ്രീ ഷോപ് നടത്തി പ്രതിവർഷം ശരാശരി 250 കോടി രൂപയാണു കൊച്ചി രാജ്യാന്തര വിമാനത്താവളം ( സിയാൽ) നേടുന്നത്. അനുബന്ധ കമ്പനി രൂപീകരിച്ച് സർക്കാരിന്റെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതികൾ ഏറ്റെടുത്തു വരുമാനമുണ്ടാക്കുന്ന സിയാൽ മാതൃകയും കണ്ണൂരിലും പരീക്ഷിക്കപ്പെടും. കൊച്ചിയിൽ വിമാനമിറങ്ങി ആലപ്പുഴ, കോട്ടയം വഴി തിരുവനന്തപുരത്ത് എത്തുകയാണ് കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികളിൽ ഭൂരിപക്ഷവും. ഇതിനും കണ്ണൂർ മാറ്റം വരുത്തും. ഇനി വടക്കോട്ടേക്കും വിദേശ വിനോദ സഞ്ചാരികൾ യാത്ര ചെയ്യും. ഇത് മനസിലാക്കി. വടക്കൻ മലബാറിലെ ടൂറിസം മേഖലയിൽ 700 കോടി രൂപയുടെ ടൂറിസം പദ്ധതികൾക്കാണു സർക്കാരും സർക്കാർ നിയന്ത്രിത ഏജൻസികളും തുടക്കമിട്ടിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ ജലാശയങ്ങളും ഗ്രാമങ്ങളും തുരുത്തുകളും കോർത്തിണക്കിയുള്ള ടൂറിസം പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ട്.
രാജ്യാന്തര വിമാനത്താവളത്തിന് ആയിരം ഏക്കറിലധികം സ്ഥലം ആവശ്യമാണ്. അതുകൊണ്ട് തന്നെ ലോകത്തെവിടേയും ഭൂരിപക്ഷം വിമാനത്താവളങ്ങളും നഗരത്തിനു പുറത്താണു നിർമ്മിച്ചിട്ടുള്ളത്. അവിടെ പിന്നീട് നഗരമായി രൂപാന്തരപ്പെടും. ടെർമിനലിനു പുറത്ത് എയർപോർട്ട് വില്ലേജ് സ്ഥാപിക്കുമെന്നു കിയാൽ പറയുന്നുണ്ട്. എന്നാൽ റോഡ്, ആശുപത്രി, ഹോട്ടൽ, ഫൈൻ ഡൈനിങ് റസ്റ്ററന്റ്, ക്ലബ്ബ്, തിയറ്റർ, വിദ്യാലയം, ഷോപ്പിങ് കേന്ദ്രം, മൈതാനം, ഫ്‌ളാറ്റ് സമുച്ചയം എന്നിവയെല്ലാം ഉൾപ്പെടുന്ന ടൗൺഷിപ്പാണ് വിഭാവനം ചെയ്യുന്നത്. ഇത് മൂർഖൻ പറമ്പിന്റെ മുഖച്ഛായ തന്നെ മാറ്റും. രണ്ടുവർഷം മുൻപു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സിന്റെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിച്ച സംഗമത്തിൽ 4000 കോടി രൂപയുടെ നിക്ഷേപ സാധ്യതകളാണു തുറന്നത്. ടൂറിസം, കൃഷി, ഭക്ഷ്യസംസ്‌കരണം, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ മുതൽ മുടക്കുകളെത്തും.
ഇവന്റ് ടൂറിസം, കോൺഫറൻസ് ടൂറിസം എന്നിവയും പച്ചപിടിക്കും. വ്യവസായ സംരംഭങ്ങൾക്ക് 4000 ഏക്കർ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടിയുമായി കിൻഫ്ര അതിവേഗം മുന്നേറുകയാണ്. മൂർഖൻ പറമ്പിലെ വിമാനത്താവള സാധ്യത പരമാവധി ഉപയോഗിക്കാനാണ് ഇത്. ഐടി പാർക്ക്, പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റ് തുടങ്ങിയവ കിൻഫ്രാ പാർക്കിൽ ഉണ്ടാകും.സർക്കാർ തലത്തിൽ വിമാനത്താവളത്തിനു സമീപം രാജ്യാന്തര ആയുർവേദ ഗവേഷണ കേന്ദ്രം പ്രാരംഭഘട്ടത്തിലും സ്വകാര്യ മേഖലയിൽ വിമാനത്താവളത്തിന്റെ 30 കിലോമീറ്റർ പരിധിയിൽ മൂന്നു മൾട്ടി സ്‌പെഷൽറ്റി ആശുപത്രികൾ എന്നിവ അന്തിമഘട്ടത്തിലുമാണ്.
കണ്ണൂരിൽ വിമാനത്താവളത്തിനുള്ള ആലോചന 100 വർഷം മുൻപ് തുടങ്ങിയതാണ്. പത്രങ്ങളിൽ വാർത്തകളും വന്നിരുന്നു. കണ്ണൂരിനെ വ്യോമയാന സങ്കേതസ്ഥാനമാക്കി മാറ്റുന്നതിന് സ്ഥലം കണ്ടെത്താൻ പലയിടങ്ങളിലും പരിശോധന നടത്തിയെന്നാണ് സൂചന. നഗരത്തിൽ നിന്ന് മാറി ഏകദേശം 6 ഏക്കർ സ്ഥലം വേണ്ടി വരുമെന്നും വാർത്തകളിൽ സൂചിപ്പിക്കുന്നു. എന്നാൽ സ്ഥലം കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സൂചന. ഇതോടെയാണ് കണ്ണൂരിലെ വിമാനതാവള സ്വപ്‌നങ്ങൾ കാത്തിരിപ്പിലേക്ക് വഴിമാറിയത്. ഈ പ്രതീക്ഷയാണ് മൂർഖൻ പറമ്പിൽ സാക്ഷാത്കരിക്കുന്നത്. കണ്ണൂർ വിമാനത്താവള കമ്പനി ലിമിറ്റഡി(കിയാൽ)നാണ് വിമാനത്താവളത്തിന്റെ നിയന്ത്രണം. 6700ൽ ഏറെ ഓഹരിയുടമകളാണുള്ളത്, സംസ്ഥാന സർക്കാരിന് 35 ശതമാനം ഓഹരി പങ്കാളിത്തവുമുണ്ട്.
മംഗലാപുരത്തെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരെ കൂടുതലായി കണ്ണൂരിലേക്ക് ആകർഷിക്കാനാണ് നീക്കം. 4000 കോടിയുടെ നിക്ഷേപത്തിലൂടെ വിമാനത്താവള പരിസരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. ഇതെല്ലാം കർണ്ണാടകയിലെ യാത്രക്കാരേയും കണ്ണൂരിലെത്തിക്കുമെന്നാണ് പ്രതീക്ഷ.