ന്യൂഡൽഹി: ഐഎസ് തീവ്രവാദിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ഡൽഹിയിൽ പിടിയിൽ. സിറിയയിൽനിന്ന് വരികയായിരുന്ന ഇയാളെ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽവച്ചാണ് പിടികൂടിയത്.

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് ഡൽഹി പൊലീസിലെ പ്രത്യേക വിഭാഗമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വ്യാജ പാസ്പോർട്ടും ഇയാളിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ സിറിയയിൽനിന്ന് നാടുകടത്തിയതാണെന്നാണ് വിവരം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

കഴിഞ്ഞ വർഷം ആഗസ്തിൽ ഐഎസിലേയക്ക് ആളെ റിക്രൂട്ട് ചെയ്ത മുഹമ്മദ് ഹനീഫ് എന്നയാളെ കണ്ണൂർ ജില്ലയിലെ പെരിങ്ങത്തൂരിൽനിന്ന് പിടികൂടിയിരുന്നു. കേരളത്തിൽനിന്ന് 21 പേരെയാണ് ഇയാൾ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തത്.

കർണാടകയിലെ ബട്കൽ സ്വദേശിയായ മുഹമ്മദ് ഷാഫി അമർ എന്നയാളെ അടുത്തിടെ അമേരിക്ക അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിച്ചിരുന്നു. 30ൽ അധികം ഇന്ത്യക്കാരെ ഇയാൾ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്തതായി അന്വേഷണ ഏജൻസി കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മറ്റൊരാൾ അറസ്റ്റിലാകുന്നത്.