- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏച്ചൂർ സംഘം വന്നത് ആസൂത്രണത്തോടെ; കയ്യിൽ മൂന്ന് ബോംബ്; വിവാഹ ആഘോഷത്തിനിടെ ആംഗ്യം കാണിച്ചപ്പോൾ ബോംബ് എറിഞ്ഞു; ജിഷ്ണുവിന്റെ തലയിൽ വീണു പൊട്ടിയതിൽ ലോഹച്ചീൾ; ഗുണ്ടാസംഘത്തിന്റെ സഹായവും ഏച്ചൂർ സംഘം തേടിയതായി റിപ്പോർട്ട്; സ്ഫോടനത്തിന് മുമ്പ് ഒരാളെ തടഞ്ഞു നിർത്തി മർദ്ദിച്ചു
കണ്ണൂർ: കണ്ണൂരിൽ ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏച്ചൂർ സംഘം കൃത്യമായ ആസൂത്രണം നടത്തിയെന്ന റിപ്പോർട്ടുകൾ. സുഹൃത്തിന്റെ വിവാഹ ദിവസമായ ഞായറാഴ്ച തോട്ടട 12 കണ്ടിയിൽ ഏച്ചൂർ സംഘം എത്തിയതു തന്നെ കൃത്യമായ ലക്ഷ്യത്തോടയാണെന്നാണ് റിപ്പോർട്ട്. ഏച്ചൂർ സംഘം 3 ബോംബുകളാണു രാവിലെ മുതൽ കൈയിൽ കരുതിയിരുന്നതെന്നും മൂന്നും തോട്ടട സംഘത്തിനു നേരെ എറിഞ്ഞതായും സ്ഥിരീകരിച്ചു. ഒരു ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് പൊട്ടി. മൂന്നാമത്തേതാണു ലക്ഷ്യം തെറ്റി ജിഷ്ണുവിന്റെ തലയിൽ പതിച്ചത്. പൊട്ടാത്ത ബോംബ് സംഭവ സ്ഥലത്തു നിന്നു പൊലീസ് വീണ്ടെടുത്തിരുന്നു.
ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ ബോംബിൽ ലോഹച്ചീളുകളുണ്ടായിരുന്നുവെങ്കിൽ പൊട്ടാത്ത ബോംബിൽ ലോഹത്തിന്റെ അംശമില്ലെന്നും പൊലീസ് സ്ഥിരീകരിച്ചു. രണ്ടാമത്തെ ബോംബ് പൊട്ടിയെങ്കിലും ഇതിൽ ലോഹച്ചീളുകളില്ലാത്തതു കൊണ്ടാണ് ആർക്കും സാരമായി പരുക്കേൽക്കാതിരുന്നതെന്നും പൊലീസ് കരുതുന്നു.
വിവാഹ വീട്ടിൽ തലേന്നു രാത്രിയിലെ ആഘോഷത്തിനിടെ മിഥുനെ തോട്ടട സംഘത്തിൽപ്പെട്ടയാൾ തല്ലിയെന്നും മിഥുൻ അയാളെ വാഹനത്തിന്റെ താക്കോൽ കൊണ്ട് കുത്തിയെന്നുമുള്ള വിവരവുമുണ്ട്. ഇതിനു വിവാഹദിവസം തിരിച്ചടിയുണ്ടായാൽ ബോംബെറിഞ്ഞ് എതിരാളികളെ അപായപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഏച്ചൂർ സംഘം കാര്യങ്ങൾ ആസൂത്രണം ചെയ്തതെന്നു പൊലീസ് കരുതുന്നു. 3 ബോംബുകളും സംഘം തന്നെയാണ് ഉണ്ടാക്കിയതെന്നാണ് ഇതുവരെ ലഭിച്ച മൊഴികളിൽ നിന്നുള്ള സൂചന.
പ്രതിരോധമെന്ന നിലയ്ക്കു മറ്റൊരു ഗുണ്ടാ സംഘത്തിന്റെ സഹായം ഏച്ചൂർ സംഘം തേടിയതായും വിവരമുണ്ട്. കല്യാണവീട്ടിലേക്കു കയറാൻ അനുവദിക്കാതെ തടഞ്ഞതിനു പിന്നാലെ സംഘർഷമുണ്ടായെന്നും ബോംബ് എറിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്. അതേസമയം ബോംബെറിയാൻ െൈകകൊണ്ട് ആംഗ്യം കാണിച്ചയുടൻ സ്‌ഫോടനം നടന്നതായി അന്വേഷണസംഘം വ്യക്തമാക്കുന്നു. വീഡിയോ ദൃശ്യത്തിൽനിന്നാണിത് വ്യക്തമായതെന്ന് അന്വേഷണസംഘം തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് മുൻപാകെ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇളംനീലനിറത്തിലുള്ള ഡ്രസ് കോഡിലെത്തിയവരുടെ ഇടയിൽനിന്നാണ് സ്‌ഫോടനം നടന്നതെന്ന് ഒരു വീഡിയോയിൽനിന്ന് വ്യക്തമായി. മറ്റൊരു വീഡിയോയിലാണ് ആംഗ്യം കാണിച്ച് മറ്റൊരാളോട് ബോംബെറിയാൻ നിർദേശിക്കുന്ന ദൃശ്യമുള്ളത്. ഒരാൾ ബോംബെറിയാൻ നിർദേശിക്കുന്ന രീതിയിൽ കൈകൊണ്ട് ആംഗ്യം കാണിക്കുന്നതും അതുകഴിഞ്ഞ് സ്‌ഫോടനം നടക്കുന്നതും ഇതിലുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
കേസിൽ അറസ്റ്റിലായ ഏച്ചൂർ പാറക്കണ്ടി ഹൗസിൽ പി.അക്ഷയ് (24) എറിഞ്ഞ ബോംബ് കൊണ്ടാണ് ഏച്ചൂർ ബാലക്കണ്ടി ഹൗസിൽ സി.എം.ജിഷ്ണു(26) മരിച്ചതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന സ്ത്രീയുൾപ്പെടെ അഞ്ചുപേർ പൊലീസിന് മൊഴി നൽകി. ഇതേത്തുടർന്ന് പൊലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. കുറ്റം സമ്മതിച്ചതിനെത്തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കല്യാണത്തിന്റെ തലേദിവസമായ 12-ന് രാത്രി കല്യാണവീട്ടിൽ പാട്ടുവെച്ചപ്പോൾ സൗണ്ട് ബോക്‌സിന്റെ കണക്ഷൻ വിച്ഛേദിച്ചത് അക്ഷയ് ആണ്. ഇതേത്തുടർന്നാണ് അന്ന് ഇരുവിഭാഗവും ചേരിതിരിഞ്ഞ് വാക്തർക്കമുണ്ടായത്. സംഭവദിവസം അക്ഷയ് ഉൾപ്പെടെയുള്ളവർ നാടൻബോംബുമായാണ് വിവാഹത്തിൽ പങ്കെടുത്തത്. പ്രതിയും സുഹൃത്തുക്കളും തോട്ടടയിലുള്ളവരുമായി വീണ്ടും വാക്തർക്കമുണ്ടായി. അക്ഷയ് കൈയിലുണ്ടായിരുന്ന നാടൻ ബോംബ് എറിഞ്ഞപ്പോൾ മുന്നിൽ നടക്കുകയായിരുന്ന ജിഷ്ണുവിന്റെ തലയിൽവീണ് പൊട്ടിത്തെറിച്ചാണ് അപകടം.
മൃതദേഹത്തിനു സമീപമുണ്ടായിരുന്ന പൊട്ടാത്ത ബോംബ് അക്ഷയാണ് അടുത്തുള്ള കെട്ടിടത്തിന്റെ ഗേറ്റിനു സമീപം വെച്ചത്. സ്‌ഫോടനം നടക്കുന്നതിന് തൊട്ടുമുൻപ് ഒരാളെ തടഞ്ഞുനിർത്തി മർദിച്ചിരുന്നു. മിഥുൻ എന്നയാളെ 'ഇവനാണെ'ന്നു പറഞ്ഞാണ് മർദിച്ചത്. അതിനുശേഷമാണ് സ്‌ഫോടനം നടന്നത്. തലേദിവസം നടന്ന വിവാഹപാർട്ടിയിൽ ജിഷ്ണു ഉണ്ടായിരുന്നില്ലെന്നും പൊലീസിന് വിവരം ലഭിച്ചു.
തലേദിവസമുണ്ടായ വാക്തർക്കമാണ് സംഭവത്തിന് കാരണമായത്. കൃത്യത്തിൽ പങ്കാളികളായ മറ്റു പ്രതികളെ കണ്ടെത്തണം. പ്രതികൾക്ക് എക്‌സ്പ്ലോസീവ് ലൈസൻസ് ഉണ്ടോയെന്നറിയണം. ബന്ധപ്പെട്ട വസ്തുക്കൾ രാസപരിശോധനയ്ക്കയക്കണം. സ്‌ഫോടകവസ്തുവിന്റെ ഉറവിടം കണ്ടെത്തണം. അതിനാൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് എടക്കാട് പൊലീസ് ഇൻസ്‌പെക്ടർ എം.അനിൽ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. അക്ഷയിനെ 28 വരെ കോടതി തലശ്ശേരി സബ്ജയിലിൽ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ