തിരുവനന്തപുരം: കണ്ണൂർ ഡീലക്‌സ് എന്നത് കെഎസ്ആർടിസിയുടെ തന്നെ അഭിമാന സർവീസ് ആണ്. 1969-ൽ എ ബി രാജിന്റെ സംവിധാനത്തിൽ പ്രേംനസീർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയായിരുന്നു കണ്ണൂർ ഡീലക്‌സ്. ആ സിനിമ നിർമ്മിക്കപ്പെട്ടതാവട്ടെ കെഎസ്ആർടിസിയുടെ കണ്ണൂർ ഡീലക്‌സ് എന്ന ബസ്സിനെ ആസ്പദമാക്കിയും. നസീറും ഷീലയുമായിരുന്നു ഈ സിനിമയിലെ നായകനും നായികയും.

കെ എസ് ആർ ടി സി എന്ന ചുരുക്കി എഴുത്തും കെഎസ്ആർടിസിയുടെ ലോഗോയും ആനവണ്ടി എന്ന പേരും കേരളത്തിന് സ്വന്തമായി അതിന് പിന്നിൽ വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിന്റെ കഥയുണ്ട്. തങ്ങളാണ് ഈയൊരു കെഎസ്ആർടിസി എന്ന പേര് ആദ്യം ഉപയോഗിച്ചത് എന്ന് പറഞ്ഞ കർണാടക കോടതിയിൽ വന്നിരുന്നു. വർഷങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ കേരളം കേസ് വിജയിച്ചു. കേസ് ജയിക്കാൻ ഉള്ള പ്രധാനപ്പെട്ട കാരണമാകട്ടെ കണ്ണൂർ ഡീലക്‌സ് ബസും.

ഈ കർണാടകവുമായി ബന്ധപ്പെട്ടുള്ള കേസിൽ നിർണായക തെളിവായി കേരളം ഹാജരാക്കിയത് കണ്ണൂർ ഡീലക്‌സ് എന്ന സിനിമയുടെ സിഡി ആണ്. കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും സംഭവം സത്യമാണ്. ഇതു തന്നെയാണ് കേരളം കേസ് ജയിക്കാനായി പ്രധാനപ്പെട്ട കാരണമായതും. പണ്ടുകാലത്ത് ട്രാൻസ്‌പോർട്ട് ബസ് എന്ന് മാത്രമായിരുന്നു ബസ്സുകളുടെ മുകളിൽ എഴുതിയിരുന്നത് കെഎസ്ആർടിസി എന്ന് എഴുതാറുണ്ടായിരുന്നില്ല.

എന്നാൽ സിനിമ പരിശോധിച്ചപ്പോൾ വ്യക്തമായി രണ്ട് ആനകൾ ചേർന്നുനിൽക്കുന്ന കെഎസ്ആർടിസിയുടെ ലോഗോ കൃത്യമായി കാണാം. ലോഗോയോട് ചേർന്ന് ഡീലക്‌സ് എക്സ്‌പ്രസ് എന്ന എഴുതിയിരുന്നതും ബസ്സിൽ ഉൾവശവും ബസ്റ്റാൻഡ് പരിസരവും വ്യക്തമായി കാണാൻ കഴിഞ്ഞു. ഈ പേരുമായും ലോഗോയുമായും ബന്ധപ്പെട്ട കേസിൽ കേരളത്തിലെ വാദങ്ങൾക്ക് ശക്തി പകരുന്നതിൽ ഈ വിഷയങ്ങൾ പ്രധാനപ്പെട്ട കാരണമായി. ഈ സിഡി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളം കേസ് ജയിച്ചു.

ഇന്നുമുതൽ കേരളത്തിലെ പേരും പെരുമയും ഉയർത്തിപ്പിടിച്ച് കണ്ണൂർ ഡീലക്‌സ് എന്ന ബസ് ഇനി ഓടില്ല. ബസിന്റെ ടിക്കറ്റ് റിസർവേഷനുള്ള സൗകര്യം റദ്ദാക്കണമെന്ന പറഞ്ഞ ഓർഡർ കഴിഞ്ഞദിവസം അധികൃതർ പുറപ്പെടുവിച്ചു. ഇനി കണ്ണൂരിൽ ഡീലക്‌സിന് പകരം സ്വിഫ്റ്റ് ബസ് ആയിരിക്കും ഈ റൂട്ടിൽ ഓട്ടം തുടരുക. തിങ്കളാഴ്ച വൈകിട്ട് 5 30ന് കണ്ണൂർ ഡിപ്പോയിൽ നിന്ന് കണ്ണൂർ ഡീലക്‌സ് ബസ് അവസാന യാത്ര പുറപ്പെട്ടു.

സർക്കുലർ പ്രകാരം ഇനി സൂപ്പർ ഫാസ്റ്റ് സ്വിഫ്റ്റ് തിരുവനന്തപുരത്ത് വരെ ഓടിക്കാൻ ആണ് പുതിയ തീരുമാനം. 5 45 ന് ഇനി എല്ലാ ദിവസവും വൈകിട്ട് കണ്ണൂരിൽ നിന്ന് ബസ് പുറപ്പെടും. കണ്ണൂർ ഡീലക്‌സ് ബസിന്റെ നിരക്കായ 700 രൂപ തന്നെയാണ് സ്വിഫ്റ്റ് ബസിനും ഈടാക്കുക. സ്വിഫ്റ്റ് ബസ് ഏപ്രിൽ 12 മുതൽ തന്നെ ഓടി തുടങ്ങിയെങ്കിലും വിഷു -ഈസ്റ്റർ കാരണം കണ്ണൂർ ഡീലക്‌സ് ബസിന്റെ ഓട്ടം നിർത്തിയിരുന്നില്ല.

പലരും കണ്ണൂർ ഡീലക്‌സ് ബസ്സിന്റെ ഓട്ടം നിർത്തരുത് എന്ന് പറഞ്ഞു മുന്നോട്ടേക്ക് വന്നിരുന്നുവെങ്കിലും ഒരേ റൂട്ടിൽ തന്നെ രണ്ടു ബസ് കെഎസ്ആർടിസിക്ക് വൻ നഷ്ടം വരുത്തും എന്നുള്ള നിഗമനത്തിലാണ് കണ്ണൂർ ബസ് ഓട്ടം നിർത്തിയത്. ഏകദേശം അര ലക്ഷത്തോളം രൂപയായിരുന്നു കണ്ണൂർ ഡീലക്‌സ് ബസിന്റെ ഒരു ദിവസത്തെ വരുമാനം.