കണ്ണൂർ: പഴയങ്ങാടിയിൽ ആർഎസ്എസ് രാമന്തളി മണ്ഡലം കാര്യവാഹും ബിജെപി പ്രവർത്തകനുമായ രാമന്തളി കുന്നരു കക്കംപാറയിലെ ചൂരക്കാട് ബിജു (34) വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയും ബിജെപി ഹർത്താൽ പുരോഗമിക്കുന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താൽ. കണ്ണൂരിനു പുറമേ മാഹിയിലും ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. പാൽ, പത്രം തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. ഉച്ചവരെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. പരിയാരം മെഡിക്കൽ കോളജിലായിരുന്നു നടപടികൾ. പോസ്റ്റ്‌മോർട്ടം വൈകിപ്പിക്കുന്നു എന്നാരോപിച്ച് ആർഎസ്എസ് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി.

ഇന്നലെ വൈകിട്ട് മൂന്നര കഴിഞ്ഞ് പഴയങ്ങാടി മുട്ടം പാലക്കോട് വച്ചായിരുന്നു ആക്രമണം. കഴിഞ്ഞ ജൂലൈയിൽ കുന്നരുവിലെ സി.പി.എം പ്രവർത്തകൻ ധനരാജിനെ (38) വീട്ടിൽ കയറി വെട്ടിക്കൊന്ന കേസിൽ 12-ാം പ്രതിയായ ബിജു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. മുട്ടം ഭാഗത്ത് നിന്ന് സുഹൃത്ത് രാജേഷുമൊന്നിച്ച് ബിജു മോട്ടോർ ബൈക്കിൽ കക്കംപാറയിലെ വീട്ടിലേക്ക് പോകവെ ഇന്നോവ കാറിൽ പിന്തുടർന്ന അക്രമിസംഘം വണ്ടി ഇടിച്ചു തെറിപ്പിച്ചു. തെറിച്ചു വീണ ബിജുവിനെ അക്രമികൾ വളഞ്ഞിട്ട് വെട്ടി. രക്തം വാർന്ന് തത്ക്ഷണം മരിച്ചു. ഒപ്പമുണ്ടായിരുന്ന രാജേഷ് ഓടി രക്ഷപ്പെട്ടു.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ സി.പി.എം ആണെന്ന് ആർഎസ്എസ്, ബിജെപി നേതൃത്വം ആരോപിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിലും മാഹിയിലും ഇന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു.

റോഡരികിലെ പറമ്പിൽ കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കൂട്ടക്കരച്ചിൽ കേട്ടാണ് നാട്ടുകാർ സംഭവസ്ഥലത്ത് ഓടിക്കൂടിയത്. അപ്പോഴേക്കും അക്രമികൾ കാറിൽ കയറി കടന്നിരുന്നു. അരമണിക്കൂറോളം വഴിയോരത്ത് കിടന്ന മൃതദേഹം പൊലീസെത്തിയാണ് പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റിയത്. പ്രതികൾക്കായി പൊലീസ് പരക്കെ തെരച്ചിൽ തുടങ്ങി.

പെയിന്റിങ് തൊഴിലാളിയായ ബിജു കക്കംപാറയിലെ പുരുഷോത്തമൻ - നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ. സുനിൽ, രതീഷ്, ബിന്ദു.

അതേസമയം, കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ലെന്നു സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിൽ പറഞ്ഞു.

ജൂലായ് 11ന് രാത്രിയാണ് മുഖംമൂടി ധരിച്ചെത്തിയ അക്രമി സംഘം കുന്നരുവിൽ ധനരാജിനെ കൊലപ്പെടുത്തിയത്. മണിക്കൂറുകൾ കഴിഞ്ഞപ്പോഴേക്കും അന്നൂരിൽ ബി.എം.എസ് പ്രവർത്തകൻ സി.കെ. രാമചന്ദ്രനും കൊലക്കത്തിക്ക് ഇരയായി.