തിരുവനന്തപുരം: കൈയേറ്റ മാഫിയയെ തുറന്നു കാട്ടിയാണ് പിണറായി വിജയനും സിപിഎമ്മും അധികാരം നേടിയെടുത്തത്. ബാർ കോഴ ചർച്ചയാക്കി. പല വമ്പന്മാരുടെ അനധികൃത കൈയേറ്റവും ഉയർത്തിക്കാട്ടി. തലസ്ഥാനത്ത് പല കെട്ടിടങ്ങളും പൊളിച്ചു കളയാത്തത് യുഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടന്ന വാദയമുർത്തി. എന്നാൽ അധികാരത്തിലെത്തിയപ്പോൾ എല്ലാം മാറി. കൈയേറ്റങ്ങൾക്ക് നിയമസാധുത നൽകി. ചട്ടം ലംഘിച്ച് കെട്ടിയ കെട്ടിടമെല്ലാം പിഴ വാങ്ങി സാധുവാക്കി. അങ്ങനെ പലതും. ഇപ്പോഴിതാ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിലും പറഞ്ഞതെല്ലാം ഇടതുപക്ഷം വിഴുങ്ങുന്നു. മെരിറ്റ് ലിസ്റ്റ് അട്ടിമറിച്ച് കോഴപ്പണം വാങ്ങി മെഡിക്കൽ അഡ്‌മിഷൻ കൊടുത്താൽ അതിനും അംഗീകാരം എത്തുന്നു. സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള എളുപ്പമാർഗ്ഗമൊരുക്കൽ.

കണ്ണൂർ, കരുണ സ്വകാര്യ മെഡിക്കൽ കോളജുകൾ ക്രമക്കേടിലൂടെ നടത്തിയ പ്രവേശനത്തിനു നിയമസഭയുടെ അംഗീകാരം കിട്ടുമ്പോൾ അതിനെ പ്രതിപക്ഷം പോലും എതിർക്കുന്നില്ല. ചട്ടവിരുദ്ധമെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയ പ്രവേശനമാണു 'കേരള മെഡിക്കൽ കോളജ് പ്രവേശനം സാധൂകരിക്കൽ' ബില്ലിലൂടെ സർക്കാർ ക്രമപ്പെടുത്തിയത്. ഭരണഘടനയുടെ അന്തസത്തയ്ക്കു നിരക്കാത്തതെന്നു സുപ്രീം കോടതിയിൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം.സിഐ) ആരോപിക്കുന്ന ഓർഡിനൻസിനു പകരമായുള്ള നിയമനിർമ്മാണം അങ്ങനെ കൊള്ളക്കാർക്ക് താങ്ങും തണലുമായി എത്തുന്നു. 'വിദ്യാർത്ഥികളുടെ ഭാവിയെക്കരുതി' എന്ന് ഭരണ, പ്രതിപക്ഷങ്ങളുടെ ന്യായീകരണം കച്ചവടത്തെ പ്രോത്സാഹിപ്പിക്കാനുള്ള തന്ത്രമാണ്. ഓർഡിനൻസിന് എതിരായ എം.സിഐയുടെ ഹർജി ഇന്നു സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് അതു നിയമമാക്കിയത്.

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ കുട്ടികളിൽനിന്ന് 22 മുതൽ 45 ലക്ഷം രൂപ വരെ വാങ്ങിയെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി കണ്ടെത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയിട്ടും കോളജുകൾക്കെതിരേ നടപടി ഉണ്ടായതുമില്ല. ഇപ്പോഴിതാ പ്രവേശനത്തിന് അംഗീകരാവും നൽകുന്നു. കോളേജിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം സജീവമായിരുന്നു. അന്ന് മുന്നിൽ നിന്നത് എസ് എഫ് ഐയാണ്. എന്നാൽ വിദ്യാഭ്യാസ കച്ചവടം പിണറായി സർക്കാർ അംഗീകരിക്കുമ്പോൾ എസ് എഫ് ഐ മൗനത്തിലാണ്. പ്രതിപക്ഷം പിന്തുണച്ചതു കൊണ്ട് കെ എസ് യുവും ഒന്നും പറയുന്നില്ല. നിലവിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെന്ന ന്യായത്തിലൂടെ ക്യാപ്പിറ്റേഷൻ ഫീസ് വീണ്ടും അംഗീകരിക്കപ്പെടുന്നു. ഇനി പണം വാങ്ങി അഡ്‌മിഷൻ കൊടുത്താലും സർക്കാർ ഒപ്പമുണ്ടെന്ന സന്ദേശം മാനേജ്‌മെന്റിനും.

കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ 150 വിദ്യാർത്ഥികളുടെയും പാലക്കാട് കരുണ മെഡിക്കൽ കോളജിലെ 30 വിദ്യാർത്ഥികളുടെയും പ്രവേശനം ചട്ടവിരുദ്ധമെന്നുകണ്ട് റദ്ദാക്കിയ മെഡിക്കൽ പ്രവേശന മേൽനോട്ട സമിതി (ജസ്റ്റിസ് ജയിംസ് കമ്മിറ്റി) യുടെ തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു. രണ്ടു മാനേജ്മെന്റുകൾക്കും ഒരു ലക്ഷം രൂപ വീതം കോടതിച്ചെലവും ചുമത്തി. തുടർന്ന് മാനേജ്മെന്റുകളും വിദ്യാർത്ഥികളും നൽകിയ ഹർജികളും പുനഃപരിശോധനാ ഹർജികളും സുപ്രീം കോടതിയും തള്ളി. പ്രവേശനം റദ്ദാക്കിയതിന് അനുകൂലമായി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സർക്കാർ പിന്നീട് നിലപാട് മാറ്റി. രണ്ടു മെഡിക്കൽ കോളജുകളിലെയും 2016-17 വർഷത്തെ പ്രവേശനം ക്രമപ്പെടുത്തി കഴിഞ്ഞ ഒക്ടോബർ 20-ന് ഓർഡിനൻസ് ഇറക്കി.

സുപ്രീം കോടതിവിധി മറികടക്കാനായി കൊണ്ടുവന്ന ഓർഡിനൻസ് എത്തിയത് മുൻ ചീഫ് ജസ്റ്റിസായ ഗവർണർ പി. സദാശിവത്തിനു മുന്നിലാണ്. നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഓർഡിനൻസ് മടക്കിയെങ്കിലും സർക്കാർ തിരിച്ചയച്ചതോടെ ഒപ്പുവച്ചു. ഈ ഓർഡിനൻസ് ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണെന്നാണ് സുപ്രീം കോടതിയിലുള്ള ഹർജിയിൽ എം.സി.എയുടെ പറയുന്നത്. എന്നാൽ ങ്ങളുടേതല്ലാത്ത കുറ്റത്തിന് വിദ്യാർത്ഥികളുടെ ഭാവി തകരുന്നത് ഒഴിവാക്കാനാണ് നിയമനിർമ്മാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എന്നാൽ, കോൺഗ്രസ് അംഗം വി.ടി. ബൽറാം ബിൽ അവതരിപ്പിക്കുന്നതിനെ ക്രമപ്രശ്നത്തിലൂടെ ചോദ്യം ചെയ്തു. എന്നാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ നിലപാട് തള്ളി. പിന്നീട് സഭ ഒറ്റക്കെട്ടായി ബിൽ പാസാക്കിയപ്പോൾ ബൽറാം എതിർത്തില്ല. ഇതായിരുന്നു സഭയിലെ കാഴ്ച.

ഇക്കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും മാനേജ്മെന്റുകൾക്കുവേണ്ടി ഒത്തുകളിക്കുന്നുവെന്ന് മാധ്യമങ്ങളും ചില കേന്ദ്രങ്ങളും നടത്തുന്ന വിമർശനം സത്യാവസ്ഥ മറച്ചുവെച്ചുകൊണ്ടോ മനസ്സിലാക്കാതെയോ ആണെന്ന് ബില്ലിനെ പിന്തുണച്ച് രമേശ് ചെന്നിത്തല പറഞ്ഞു. സുപ്രീംകോടതിയും വസ്തുതകൾ പൂർണമായും മനസ്സിലാക്കിയോ എന്നും സംശയമുണ്ട്. ഈ മെഡിക്കൽ കോളേജുകളിൽ പ്രവേശനംനേടിയ കുട്ടികൾ തലവരി കൊടുത്തിരിക്കും. ലാഭക്കൊതിയോടെ പ്രവേശനം നടന്നിരിക്കും. അതൊക്കെ നോക്കാൻ ഇവിടെ വേറെ സംവിധാനങ്ങളുണ്ട് -ചെന്നിത്തലയുടെ വാക്കുകളിൽ തന്നെ അഴിമതിയുടെ കുറ്റസമ്മതം നിഴലിച്ചിരുന്നു. സർക്കാരിന് കിട്ടിയ നിയമോപദേശങ്ങളുടെ അടിസ്ഥാനത്തിൽ മറ്റ് മാർഗമില്ലാത്തതുകൊണ്ടാണ് നിയമനിർമ്മാണം വേണ്ടിവന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സുപ്രീംകോടതിയിൽ സർക്കാരിനുവേണ്ടി ഹാജരാകുന്ന മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ബില്ലിൽ ഭേദഗതി വരുത്തിയത്.

മാനേജ്മെന്റുകൾ നിയമവിരുദ്ധമായാണ് പ്രവേശനം നൽകിയതെങ്കിലും നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം കിട്ടുമായിരുന്ന മെരിറ്റുള്ള കുട്ടികളാണ് ഇവരെന്നും മന്ത്രി പറഞ്ഞു. എന്നാൽ, മെരിറ്റുള്ള കുട്ടികളെ ബന്ദിയാക്കി മെരിറ്റില്ലാത്തവർ നേടിയ ചട്ടവിരുദ്ധ പ്രവേശനത്തെയും അംഗീകരിക്കാനാണ് ഈ നിയമനിർമ്മാണമെന്ന് ബൽറാം പറഞ്ഞു. കോൺഗ്രസിനുള്ളിലെ ചേരിതിരിവിന്റെ ഭാഗമാണോ ബൽറാമിന്റെ നിലപാടെന്ന് ഇ.പി. ജയരാജൻ ചോദിച്ചു. നിയമനിർമ്മാണത്തിൽ പാർട്ടിയുടെ നിലപാടല്ല, അംഗങ്ങൾക്ക് സ്വതന്ത്രമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് ബൽറാം പറഞ്ഞു. എന്നാൽ, ബില്ലിനെ പിന്തുണച്ച മുസ്ലിംലീഗ് അംഗം പി.കെ. ബഷീർ, ബൽറാേേമിനാട് വിയോജിച്ചു.

മാനേജ്മെന്റുകളുടെ ചട്ടലംഘനം അംഗീകരിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ താത്പര്യവും കൂടി പരിഗണിച്ചാണ് നിയമം കൊണ്ടുവന്നത്. വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന തരത്തിൽ നടപടിയുണ്ടാകണമെന്ന് ബിജെപി. അംഗം ഒ. രാജഗോപാലും ആവശ്യപ്പെട്ടിരുന്നു. അങ്ങനെ എല്ലാവരും ചേർന്ന് കച്ചവടത്തിന് അംഗീകരാം നൽകുകയാണ്.