കണ്ണൂർ: ന്യൂ മാഹി പുന്നോലിൽ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവർത്തകൻ ബട്ടേറ്റു മരിച്ച സ്ഥലത്തു നിന്നും പൊലിസ് ആയുധങ്ങൾ കണ്ടെത്തി. ചോര പുരണ്ട ഒരു വാളും ഇരുമ്പ് ദണ്ഡുമാണ് ഇവിടെ നിന്നും കണ്ടെത്തിയത്. ഇതു പൊലിസ് വിദഗ്ദ്ധ പരിശോധനയ്ക്കായി ഫോറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. ഹരിദാസനെ വെട്ടിക്കൊന്നത് പ്രൊഫഷനൽ കൊലയാളി സംഘമെന്നാണ് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കൊലപാതകത്തിൽ ഏഴോളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

നാലംഗ സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട് സിറ്റി പൊലിസ് കമ്മീഷണർ ആർ.ഇളങ്കോ അറിയിച്ചു.കൈയുടെ മണിബന്ധനത്തിനേറ്റ ആഴത്തിലുള്ള വെട്ടും കണങ്കാലിനു മേറ്റ വെട്ടും ഹരിദാസന്റെ മരണം ഉറപ്പുവരുത്തുന്നതിനായിരുന്നു. ഇതു കൂടാതെ വെട്ടേറ്റ് ഒരു കാൽ ഒടിഞ്ഞു തുങ്ങി. പുന്നോലിൽ നിന്നും തലശേരിയിലേക്കുള്ള യാത്രാമധ്യേയാണ് ഹരിദാസൻ രക്തം വാർന്ന് മരിക്കുന്നത്. അത്യന്തം മാരകമായി പരുക്കേറ്റ ഹരിദാസൻ ഒരു കാരണവശാലും രക്ഷപ്പെടാൻ പാടില്ലെന്ന നിർബന്ധബുദ്ധി രണ്ടു ബൈക്കുകളിലായെത്തിയ നാലംഗ സംഘത്തിനുണ്ടൊയിരുന്നു കടലിൽ മത്സ്യബന്ധനത്തിനായി പോയ ഹരിദാസൻ തിരിച്ചു വരുന്നത് തീരത്ത് കാത്തുനിൽക്കുകയായിരുന്നു അക്രമികൾ.

കഴിഞ്ഞ ഫെബ്രുവരി ആറിന് പുന്നോൽ കൊയ്യാൽ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട തർക്കം മർദ്ദനത്തിൽ കലാശിക്കുകയും രണ്ട് ബിജെപി- ആർ.എസ്.എസ് പ്രവർത്തകർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു. സിപിഎം പ്രവർത്തകരായ രണ്ടു പേരുടെ നേതൃത്വത്തിലാണ് മർദ്ദനമഴിച്ചുവിട്ടതെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.ഇതിൽ പ്രതിഷേധിച്ചാണ് ബിജെപി കോടിയേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും പൊതുയോിവും പുന്നോലിൽ നടത്തിയത്.ഈ പൊതുയോഗം ഉദ്ഘാടനം ചെയ്യവേയാണ് ബിജെപി നേതാവും തലശേരി നഗര സഭാ കൗൺസിലറുമായ ലിജേഷ് പ്രകോപനപരമായ പ്രസംഗം നടത്തിയതായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

എന്നാൽ പിന്നീട് ഒന്നരയാഴ്‌ച്ചയോളം പ്രദേശത്ത് അക്രമസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇതിനിടെയിൽ ബിജെപി ബൂത്ത് സമ്മേളനങ്ങൾ തലശേരി മേഖലയിൽ വ്യാപകമായി നടന്നു വരികയായിരുന്നു. ശനിയാഴ്‌ച്ചയോടെയാണ് ബൂത്ത് സമ്മേളനങ്ങൾ അവസാനിച്ചത്. ഇതായിരിക്കാം ഞായറാഴ്‌ച്ച പുലർച്ചെ അക്രമം നടത്താൻ പ്രതികളെ പ്രേരിപ്പിച്ചതെന്ന നിഗമനത്തിലാണ് പൊലിസ് .രണ്ടു ബൈക്കുകളിലെത്തിയ നാലു പേരാണ് കൊല നടത്തിയതെന്നു കൊല നടന്നു മണിക്കൂറുകൾക്കുള്ളിൽ പൊലിസ് തിരിച്ചറിഞ്ഞിരുന്നു. ഇതു സംബന്ധിച്ചു ഇവർ അന്നേ ദിവസം സഞ്ചരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.

ഇതോടെയാണ് പ്രതികളെന്ന് സംശയിക്കുന്നവർ വലയിലായത്.ഇവരെ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ ചോദ്യം ചെയ്തു വരികയാണ്. പ്രതികളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന. അതേസയമം ഹരിദാസിന്റെ മൃതദേഹം പരിയാരത്ത് നിന്നും വിലാപയാത്രയായി പുന്നോലിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കും പാർട്ടി നേതാക്കൾക്കും ബന്ധുക്കൾക്കും വിട്ടുകൊടുത്തു.

തുടർന്ന് പരിയാരത്തെ കണ്ണുർ ഗവ.മെഡിക്കൽ കോളേജിൽ നിന്നും വിലാപയാത്ര തുടങ്ങി.സി .പി .എം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിലാണ് വിലാപയാത്രയായി ന്യു മാഹി പുന്നോലിലെ വീട്ടുവളപ്പിൽ മൃതദേഹം സംസ്‌കരിക്കാനായി കൊണ്ടുവരുന്നത്.വിവിധ കേന്ദ്രങ്ങളിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരം അഞ്ചിന് പുന്നോലിലെ വീട്ടുവളപ്പിൽ സംസ്‌കരിക്കും.