കണ്ണൂർ: മരണക്കളിയായ ബ്‌ളൂവെയിൽ കണ്ണൂരിലുമെന്ന് സംശയം. രണ്ടു മാസം മുമ്പ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കണ്ണൂർ സ്വദേശി സാവന്ത് ഫോൺ ഗെയിമിന് അടിമയായിരുന്നുവെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. രാത്രി മുഴുവൻ ഫോണിൽ കളിച്ചിരുന്ന സാവന്ത് മരണക്കളിയായ ബ്‌ളൂവെയിൽ പോലെയുള്ള കളിയായിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു.

മെയ് മാസത്തിലാണ് സാവന്ത് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. അസ്വാഭാവിക പെരുമാറ്റത്തെ തുടർന്ന് പലതവണ മകനെ കൗൺസിലിങ്ങിനു വിധേയനാക്കിയിരുന്നതായും മാതാപിതാക്കൾ പറഞ്ഞു. തിരുവനന്തപുരം പേയാട് സ്വദേശിയായ മനോജ് മരിച്ചതിനെ കുറിച്ചുള്ള വാർത്തകളാണ് സാവന്തിന്റെ മരണത്തിലും സംശയം ഉയർത്തിയത്.

രാത്രി മുഴുവൻ സാവന്ത് ഫോണിൽ കളിക്കുമായിരുന്നു. സാവന്തിന്റെ ഉറക്കവും ആഹാരവും പുലർച്ചെയായിരുന്നു. രാത്രി ഒറ്റയ്ക്കു പുറത്തുപോയാൽ പുലർച്ചെയാണ് മടങ്ങി വന്നിരുന്നത്. കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കിയത് മാനസിക സമ്മർദം മൂലമെന്നാണ് കരുതിയത്. ഇതേ തുർന്ന് പലതവണ കൗൺസിലിംഗിന് വിധേയമാക്കി. എന്നാൽ ഇത്തരത്തിലുള്ള ഗെയിമിനെ കുറിച്ച് അറിവില്ലായിരുന്നെന്നും മാതാപിതാക്കൾ പറയുന്നു. ശരീരത്തിൽ അക്ഷരങ്ങൾ കോറിയിടുന്ന ശീലത്തിലേക്ക് പിന്നീട് അത് മാറി. കൈ മുറിച്ചതിനെ തുടർന്ന് ഒരു തവണ സ്റ്റിച്ച് ഇടേണ്ടിവന്നു. നെഞ്ചത്ത് എസ്എഐയെന്നും എഴുതിയിരുന്നു. കോമ്പസുകൊണ്ട് കുത്തിയാണ് അതെഴുതിയിരുന്നത്. മൂന്നുമാസം മുൻപ് ബ്ലേഡുകൊണ്ടും കൈയിൽ മുറിവേൽപ്പിച്ചിരുന്നുവെന്നും അമ്മ പറയുന്നു. സാവന്തിന് മാനസിക പ്രശ്‌നമാണെന്നാണ് കരുതിയതെന്നും അവർ പറയുന്നു. രാത്രിയിൽ ഇടയ്ക്ക് പോയി നോക്കുന്നതിനുള്ള ബുദ്ധിമുട്ടുകാരണം മൂന്നു മാസം മുൻപ് വരെ തനിക്കൊപ്പമായിരുന്നു മകനെ കിടത്തിയിരുന്നതെന്നും അമ്മ പറയുന്നു.

ഒരു തവണകാണാതായപ്പോൾ തലശേരി കടൽപ്പാലത്തിൽനിന്നാണ് കണ്ടെത്തിയത്. അപ്പോൾ കൈവശമുണ്ടായിരുന്ന ബാഗും പുസ്തകങ്ങളുമെല്ലാം കടലിലേക്ക് വലിച്ചെറിഞ്ഞു. അതുപോലെ കല്യാണത്തിനെന്നു പറഞ്ഞ് ഇറങ്ങിയിട്ട് വിവാഹവീട്ടിൽ എത്താതിരിക്കുന്ന സാഹചര്യവും ഒരിക്കലുണ്ടായി. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത മനോജിന്റെ വാർത്ത പുറത്തുവന്നതോടെ മകന്റെ മരണത്തിലും സംശയം തോന്നുകയായിരുന്നുവെന്ന് സാവന്തിന്റെ അമ്മ പറഞ്ഞു.

ബ്‌ളൂവെയ്ൽ പോലെയുള്ള മരണക്കളി കേരളത്തിൽ കൂടുതൽ ആഴത്തിൽ വ്യാപിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. മാതാപിതാക്കളുടെ ശ്രദ്ധ ഇതിൽ കൂടുതലായി പ്തിയേണ്ടതുണ്ട്. റഷ്യയിൽ വേരുറപ്പിച്ച മരണക്കളിയാണ് ഇപ്പോൾ കേരളത്തിലും ഭീഷണിയാവുന്നത് . ഗെയിമിന്റെ തീവ്രത മനസിലാക്കാതെയാണ് കുട്ടികൾ ഇതിൽ അകപ്പെട്ടു പോകുന്നത്. എന്നാൽ ഇടയ്ക്ക്വച്ചു അവസനിപ്പിച്ചു പോകാനു സാധിക്കില്ല.തങ്ങളുടെ ഫോണിലുള്ള വിവരങ്ങൾ ചോർത്തി ഭീക്ഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി.അവസാനം ഗെയിം മാസ്റ്ററുടെ ഭീക്ഷണിയിൽ തുടർന്ന് സ്വന്തമായി ഇവർ ജീവനെടുക്കുന്നു. സൈലന്റ് ഹൗസ്, സീ ഓഫ് വെയ്ൽസ് എന്നീ പേരുകളിലും ഗെയിം അറിയപ്പെടുന്നുണ്ട്. ഫേസ് ബുക്ക് വാട്ട്‌സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങൾ വഴി കേരളത്തിലും ഇതിനെതിരെ ക്യാമ്പയിൻ തുടങ്ങിക്കഴിഞ്ഞു.