കോഴിക്കോട്: വെളുത്ത പശ്ചാത്തലത്തിൽ വ്യക്തതയുള്ള കറുത്ത അക്ഷരത്തിലാകണം വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് എന്നാണ് നിയമം. എങ്കിൽ മാത്രമേ വ്യക്തതയോടെ ആളുകൾക്ക് നമ്പർ പ്ലേറ്റ് വായിക്കാൻ കഴിയൂ. വാഹനങ്ങളുപയോഗിച്ചുള്ള കുറ്റകൃത്യങ്ങൾ തടയാനാണ് മോട്ടോർ വാഹന വകുപ്പിലെ ഈ ചട്ടം. ഇത് നടപ്പാക്കുമെന്ന് ആവർത്തിച്ച് മുന്നോട്ട് പോകുന്ന ഗതാഗത കമ്മീഷണർ നിരവധി നടപടികളും എടുക്കുന്നു. സർക്കാർ വാഹനങ്ങളിലെ ബോർഡുകളെ നിയന്ത്രിക്കുന്നതിനായി പുതിയ പദ്ധതിയും പ്രഖ്യാപിച്ചു. ഓപ്പറേഷൻ ബോസ്. എന്നാൽ ഇതൊന്നും പല ഉന്നതരും അറിഞ്ഞിട്ടില്ല. ഇതിന് തെളിവാണ് കണ്ണൂർ സർവ്വകലാശാല വൈസ് ചാനസലറുടെ കാറിന്റെ നമ്പർ പ്ലേറ്റ്.

കാറിന്റെ നമ്പർ പ്ലേറ്റിനേക്കാൾ വലുതാണ് വൈസ് ചാനസലർ, കണ്ണൂർ യൂണിവേഴ്‌സിറ്റി എന്ന ബോർഡ്. അതിനപ്പുറം ഗൗരവതരം നമ്പർ പ്ലേറ്റാണ്. വെള്ള പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ കൊണ്ട് നമ്പർ പ്ലേറ്റ്. കെ എൽ 13-എഎ 8201 എന്ന നമ്പർ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാൻ കഴിയില്ല. ഇതിന് പുറമേ കണ്ണൂർ സർവ്വകലാശാലയുടെ പതാകയും കാറിൽ ഉണ്ട്. ഇതെല്ലാം നിയമവിരുദ്ധമാണ്. ഗതാഗത കമ്മീഷണറായ ടോമിൻ തച്ചങ്കരി ഓപ്പറേഷൻ ് ബോസുമായി നീങ്ങുമ്പോഴാണ് അതിനെയെല്ലാം വെല്ലുവിളിച്ച് കണ്ണൂർ സർവ്വകലാശാല വൈസ് ചാനസലറുടെ കാറിന്റെ റോഡിലൂടെയുള്ള യാത്ര. ആരും തടയുന്നുമില്ല.

'ഓപ്പറേഷൻ ബോസ് ' എന്ന പേരിലാണ് അനധികൃതമായി സർക്കാർ ബോർഡും ബീക്കൺ ലൈറ്റും വയ്ക്കുന്ന കാറുകൾക്കെതിരെ ഗതാഗത വകുപ്പിന്റെ നടപടി. രാജ്ഭവന്റെ കാറുകൾക്ക് എതിരെ പോലും നടപടിയുണ്ടായി. ഇതെല്ലാം ശ്രദ്ധയിൽപ്പെട്ടിട്ടും കണ്ണൂർ സർവ്വകലാശാല വൈസ് ചാനസലർ തന്റെ കാറിലെ നിയമലംഘനങ്ങൾ തുടരുകയാണ്. അനുമതിയില്ലാതെ ബീക്കൺ ലൈറ്റും കേരള സർക്കാർ, ഗവൺമെന്റ് ഒഫ് കേരള എന്നീ ബോർഡുകളും ഉപയോഗിച്ച 12 വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് രണ്ടു ദിവസം മുമ്പ് കേസെടുത്തിരുന്നു. കൃഷി വകുപ്പ് ഡയറക്ടർ, ഹാൻഡ്‌ലൂം ഡയറക്ടർ, പട്ടികവർഗ വികസന ഡയറക്ടർ എന്നിവരുടെ വാഹനങ്ങളിലാണ് അനധികൃതമായി ബോർഡ് കണ്ടെത്തിയത്. 37 എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. ഇതെല്ലാം വലിയ വാർത്തയുമായി. അപ്പോഴാണ് നമ്പർ പ്ലേറ്റിലെ എഴുത്തിൽ പോലും ചട്ടലംഘനമുള്ള വാഹനവുമായി വിസിയുടെ കറക്കം.

അതിനിടെ നിയമം ലംഘിച്ച് കേരള സർക്കാർ ബോർഡ് വച്ച് നിരത്തിലൂടെ വിലസുന്ന 51 വാഹനങ്ങളുടെ ഉടമകൾക്കു കൂടി ടോമിൻ ജെ. തച്ചങ്കരി നോട്ടീസ് നൽകി. നോട്ടീസ് ലഭിച്ചവരിൽ സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാർ, പ്രസിഡന്റുമാർ, സർക്കാർ വകുപ്പുകളുടെ ഡയറക്ടർമാർ, ഐ.പി.എസുകാർ, ഐ.എ.എസുകാർ എന്നിവരുൾപ്പെടുന്നു. അനധികൃതമായി ബീക്കൺ ലൈറ്റ് ഉപയോഗിച്ചവരും കൂട്ടത്തിലുണ്ട്. ലീഗൽ മെട്രോളജി വകുപ്പിലെ ഡയറക്ടറായ ഐ.പി.എസുകാരൻ തന്റെ വാഹനത്തിൽ ലീഗൽ മെട്രോളജി വകുപ്പ് എന്നതിനു പുറമെ , പൊലീസെന്നും എഴുതിയിരിക്കുന്നതും കണ്ടെത്തി. ചില ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിലും സർക്കാർ ബോർഡ് വച്ചതായി കണ്ടെത്തിയിട്ടുണ്ട്.

മന്ത്രിമാരുടെ ഔദ്യോഗികവാഹനങ്ങളിൽ രജിസ്‌ട്രേഷൻ നമ്പർ പ്രദർശിപ്പിക്കുന്നില്ലെന്ന് കാണിച്ച് പോലും ടോമിൻ തച്ചങ്കരി പൊതുഭരണ സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. നിലവിൽ പൊതുഭരണവകുപ്പ് അനുവദിക്കുന്ന നമ്പരുകളാണ് മന്ത്രിമാരുടെ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ഇതിനുപുറമെ അതത് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ കൂടി ഉപയോഗിക്കണമെന്നാണ് നിയമം അനുശാസിക്കുന്നതെന്നും കമ്മിഷണർ കത്തിൽ പറഞ്ഞിരുന്നു. കേന്ദ്ര മോട്ടോർവാഹനനിയമപ്രകാരം എല്ലാ വാഹനങ്ങളും അവയുടെ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിക്കേണ്ടതുണ്ട്. ഇത്ര കർശനമായ നടപടിയെടുക്കുമ്പോഴാണ് കണ്ണൂരിലെ കറക്കം.

അതിനിടെ മാദ്ധ്യമ സ്ഥാപനങ്ങളുടെയും പ്രവർത്തകരുടെയും വാഹനങ്ങളിൽ ''പ്രസ്'' എന്നെഴുതിയ സ്റ്റിക്കറോ ബോർഡോ ഉപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ ടോമിൻ തച്ചങ്കരി. വാഹനങ്ങളിൽ അനധികൃതമായി 'പ്രസ്' ബോർഡ്/സ്റ്റിക്കർ ഉപയോഗിക്കുന്നതിരെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അർഹരായവർ മാത്രം ഉപയോഗിക്കുവെന്ന് ഉറപ്പുവരുത്തണമെന്നും അറിയിച്ച് കമ്മിഷണർ തിരുനന്തപുരം പ്രസ് ക്‌ളബ്ബ് സെക്രട്ടറിക്കും കെ.യു.ഡബ്‌ള്യു.ജെ പ്രസിഡന്റിനും പി.ആർ വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.

മാദ്ധ്യമപ്രവർത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും അനധികൃതമായി മറ്റുപലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഇത് തടയാനാണ് നടപടിയെന്നും കത്തിൽ പറയുന്നു. അംഗീകൃത മാദ്ധ്യമപ്രവർത്തകർ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തിലേ പ്രസ് ബോർഡ് ഉപയോഗിക്കാവൂവെന്നും അല്ലാത്തപക്ഷം കർശന നടപടികളുണ്ടാകുമെന്നും കത്തിൽ വ്യക്തമാക്കുന്നു.