- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിസി നിയമനത്തിൽ സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ ഭരണഘടനയുടെ 254ാം അനുച്ഛേദം അനുസരിച്ച് കേന്ദ്രനിയമം നിലനിൽക്കും; ഗുജറാത്ത് കേസിലെ ഈ സുപ്രീംകോടതി വിധി കേരളത്തിലും ചലനമുണ്ടാക്കും; കണ്ണൂർ വിസി നിയമനം വീണ്ടും ചർച്ചകളിൽ
ന്യൂഡൽഹി: സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള സർവകലാശാലകളാണെങ്കിലും യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി വൈസ് ചാൻസലറെ നിയമിക്കാൻ പാടില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കുമ്പോൾ അതിന്റെ അലയൊലികൾ കേരളത്തിലും പ്രകടമാകും. ഇനി ഗവർണ്ണർ മുഹമ്മദ് ആരിഫ് ഖാൻ എടുക്കുന്ന നിലപാടുകളും നിർണ്ണായകമാണ്.
സുപ്രീംകോടതി വിധി, പ്രഫ.ഗോപിനാഥ് രവീന്ദ്രനു കണ്ണൂർ സർവകലാശാലാ വിസിയായി പുനർനിയമനം നൽകിയതിനെതിരായ കേസിനു ബലം നൽകും. യുജിസി ചട്ടപ്രകാരമുള്ള സേർച് കമ്മിറ്റി പിരിച്ചുവിട്ടാണ്, ഗോപിനാഥ് രവീന്ദ്രന്റെ പേര് ഗവർണർക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയതും ഗവർണർ അംഗീകരിച്ചതും. വിസിക്കു പുനർ നിയമനം നൽകാൻ യുജിസി ചട്ടങ്ങളിൽ വ്യവസ്ഥ ഇല്ലെന്നതും നിർണായകമാണ്. വിസി നിയമനത്തിനെതിരെ 2 അദ്ധ്യാപകർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
വിസിയുടെ നിയമനവുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകൾ ഗവർണ്ണർ നടത്തിയിരുന്നു. എന്നാൽ ഹൈക്കോടതിയിൽ സർക്കാരിനൊപ്പമായിരുന്നു ഗവർണ്ണർ. അതുകൊണ്ട് പരിക്കില്ലാതെ സർക്കാർ രക്ഷപ്പെട്ടു. എന്നാൽ സുപ്രീംകോടതിയുടെ നിരീക്ഷണം നിർണ്ണായകമാണ്. ഇത് ഈ കേസിനേയും ബാധിക്കും. വിദ്യാഭ്യാസം ഭരണഘടനയുടെ പൊതുപട്ടികയിൽപെടുന്നതിനാൽ പാർലമെന്റ് പാസാക്കുന്ന നിയമങ്ങൾ സംസ്ഥാനങ്ങൾക്കും ബാധകമാകുമെന്നാണ് സുപ്രീംകോടതി പറയുന്നത്.
ഇതുപ്രകാരം യുജിസി ചട്ടം ലംഘിച്ചുള്ള നിയമനം നടന്നാൽ, പൊതുതാൽപര്യം സംരക്ഷിക്കുന്നതിന് ഏതു പൗരനും കോടതിയെ സമീപിക്കാവുന്നതാണെന്നും ജഡ്ജിമാരായ എം.ആർ.ഷാ, ബി.വി.നാഗരത്‌ന എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ഗുജറാത്തിലെ സർദാർ പട്ടേൽ സർവകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം. ഫലത്തിൽ കേരളത്തിലെ വിവാദങ്ങളിലും ഇത് ചർച്ചയാകും. കണ്ണൂരിലേയും കലാമണ്ഡലത്തിലേയും വിസി നിയമന വിവാദങ്ങൾ ഇനിയും ചർച്ചയാകും.
യുജിസി നിബന്ധന പ്രകാരം, വിസി നിയമനത്തിന് പ്രഫസർ എന്ന നിലയിൽ 10 വർഷത്തെ അദ്ധ്യാപക പരിചയം ആവശ്യമാണ്. ഇതിനു പുറമേ, യോഗ്യതയുള്ള പേരുകൾ സേർച് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുകയും വേണം. ചാൻസലർ, യുജിസി ചെയർമാന്റെ പ്രതിനിധി, സിൻഡിക്കറ്റ് പ്രതിനിധി എന്നിവരാണ് സേർച് കമ്മിറ്റി അംഗങ്ങൾ. എന്നാൽ, സർദാർ പട്ടേൽ സർവകലാശാലയിലെ ഇപ്പോഴത്തെ വിസിയെ 2008 ൽ നിയമിക്കുമ്പോൾ സേർച് കമ്മിറ്റിയിൽ യുജിസി ചെയർമാന്റെ പ്രതിനിധി ഉണ്ടായിരുന്നില്ലെന്നും യുജിസി ചട്ടത്തിൽ വെള്ളം ചേർക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടി ഗുജറാത്ത് ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളി.
യുജിസി ചട്ടം ഗുജറാത്ത് സ്വീകരിച്ചിട്ടില്ലെന്നും യോഗ്യത മാനദണ്ഡം സർദാർ പട്ടേൽ സർവകലാശാലയ്ക്കു ബാധകമല്ലെന്നുമുള്ള വാദം അംഗീകരിച്ചായിരുന്നു ഇത്. അതേസമയം, യുജിസി ചട്ടം സ്വീകരിക്കാനും ഇതിനനുസരിച്ചു സംസ്ഥാന സർവകലാശാല നിയമത്തിൽ മാറ്റം വരുത്താനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതിനെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. ഇതോടെ കേരളത്തിലെ വിവാദങ്ങൾക്കും പുതിയ മാനം വരികയാണ്.
വിസി നിയമനത്തിൽ സംസ്ഥാന നിയമവും കേന്ദ്രനിയമവും തമ്മിൽ വൈരുധ്യമുണ്ടെങ്കിൽ ഭരണഘടനയുടെ 254ാം അനുച്ഛേദം അനുസരിച്ച് കേന്ദ്രനിയമം നിലനിൽക്കുമെന്ന് സുപ്രീംകോടതി വിലയിരുത്തി. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ധാർമിക നിലപാടുമുള്ള വ്യക്തികളെ ആയിരിക്കണം വിസിമാരായി നിയമിക്കേണ്ടത്. ഉദ്യോഗസ്ഥരെയും അക്കാദമിക് വിദഗ്ധരെയും കൂട്ടിയിണക്കുന്ന പാലമാകാൻ വിസിക്ക് കഴിയണമെന്ന് ജസ്റ്റിസ് എം ആർ ഷാ വിധിന്യായത്തിൽ വിശദീകരിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ