കണ്ണൂർ: സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ എൻ.സി.പി. നേതാവ് മുങ്ങിയതായി വിവരം. ആലപ്പുഴ ചമ്പക്കുളത്തെ പി.ആർ. സലീം കുമാറാണ് കണ്ണൂർ വിമാനത്താവളത്തിലടക്കം വിവിധ കേന്ദ്രങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തതെന്ന് സഹപ്രവർത്തകനായ ആലക്കോട് മോറാനി പോത്തനാമല തോമസ് ജില്ലാ പൊലീസ് ചീഫിന് പരാതി നൽകിയത്. ആലക്കോട് മേഖലയിൽ നിരവധി പേരെ വഞ്ചിച്ച് കോടികൾ തട്ടിയെടുത്തുവെന്നാണ് വിവരം. റിട്ടയേർഡ് അദ്ധ്യാപകനും എൻ.സി.പി യുടെ കർഷക വിഭാഗമായ നാഷണലിസ്റ്റ് കിസാൻ സഭയുടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് തോമസ്.

കഴിഞ്ഞ വർഷം മാർച്ചിൽ വയനാട് കൃഷ്ണഗിരിയിൽ കിസാൻ സഭയുടെ സംസ്ഥാന ക്യാമ്പ് നടന്നിരുന്നു. ഈ ക്യാമ്പിൽ വച്ചാണ് സലീം കുമാർ തോമസ് മാഷുമായി അടുത്ത ബന്ധം സ്ഥാപിച്ചത്. മാഷുടെ കുടുംബ വിവരമെല്ലാം ചോദിച്ചറിഞ്ഞ സലിം കുമാർ കണ്ണൂർ വിമാനത്താവളത്തിൽ ജോലി വാങ്ങിത്തരാമെന്ന് ഉറപ്പ് നൽകി. തോമസ് മാഷിന്റെ മകൻ മനു തോമസ,് മകന്റെ ഭാര്യ ടിനു ടോം, മകൾ അനുമോൾ, മരുമകൻ ആന്റണി, അനുജൻ സജീവ്, എന്നിവർക്കാണ് സലീം കുമാർ ജോലി നൽകാമെന്ന് ഉറപ്പ് നൽകിയത്. കണ്ണൂർ വിമാനത്താവളത്തിലെ വിവിധ ജോലികൾ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

ജോലിയുടെ ആവശ്യത്തിനായി വിവിധ തവണകളായി പത്ത് ലക്ഷം രൂപ തോമസ് മാഷ് അയക്കുകയും ചെയ്തു. ചമ്പക്കുളത്തെ ഫെഡറൽ ബാങ്ക് ശാഖയിൽ സലീം കുമാറിന്റെ പേരിലുള്ള അക്കൗണ്ടിൽ 2017 ൽ ജൂലായ് 6 മുതൽ വിവിധ തവണകളായാണ് തുക അയച്ചത്. ഓരോ തവണയും സലീം കുമാർ ആവശ്യപ്പെടുന്ന സംഖ്യ തോമസ് മാഷ് അയച്ചു കൊടുത്തിരുന്നു. ജോലി ശരിയാവുന്നില്ലെങ്കിൽ അയച്ച പണം പൂർണ്ണമായും തിരിച്ച് നൽകുമെന്നായിരുന്നു സലിം കുമാറിന്റെ വാഗ്ദാനം. എന്നാൽ പണം നൽകി ഒരു വർഷം കഴിഞ്ഞിട്ടും ജോലിയോ കൊടുത്ത പണമോ സലിം കുമാർ തിരിച്ച് നൽകിയില്ല. പല വഴിയും ബന്ധപ്പെടാൻ ശ്രമിച്ചിട്ടും നടന്നില്ല. അതേ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.

എൻ.സി.പി. സംസ്ഥാന സമിതിയിൽ നിന്നും മാസങ്ങൾക്ക് മുമ്പേ സലീം കുമാറിനെ നീക്കം ചെയ്തിരുന്നതായി പറയുന്നു. എന്നാൽ എൻ.സി.പി.യുടെ കർഷക സംഘടനയുടെ സംസ്ഥാന എക്സിക്യുട്ടീവിൽ നിന്നും ഇതുവരേയും നീക്കം ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്. എൻ.സി.പി. സംസ്ഥാന പ്രസിഡണ്ട് തോമസ് ചാണ്ടി മുമ്പാകെ സലിം കുമാറിന്റെ വിഷയം എത്തിയിട്ടുണ്ട്. ഉടൻ നടപടിയുണ്ടാകുമെന്നാണ് സൂചന. എൻ.സി.പി.യുടെ ആലക്കോട് മേഖലയിലുള്ള ഒരു വനിതാ നേതാവും ഒരു യുവ നേതാവും സലീം കുമാറിനെ വിശ്വസിച്ച് ജോലിക്കു വേണ്ടി ഇടപാട് നടത്തിയതായും വിവരമുണ്ട്. വരും ദിവസങ്ങളിൽ തട്ടിപ്പിനിരയായ കൂടുതൽ പേർ രംഗത്ത് വരുമെന്നാണ് സൂചന. പൊലീസിന്റെ അന്വേഷണ വിവരം അറിഞ്ഞതോടെ സലിം കുമാർ കേരളം വിട്ടതായാണ് വിവരം.