ന്യൂഡൽഹി: സാധാരണക്കാർക്ക് ചിലവു കുറഞ്ഞ വിമാന യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഉഡാൻ പദ്ധതിയിൽ കേരളത്തേയും ഉൾപ്പെടുത്തിയതോടെ കണ്ണൂരിൽ നിന്നും തിരുവനന്തപുരവും കൊച്ചിയും അടക്കം എട്ടു നഗരങ്ങളിലേക്ക് ചിലവു കുറഞ്ഞ വിമാന യാത്ര സാധ്യമാകും.

ചെറുവിമാനങ്ങളാണ് സർവീസ് നടത്തുക. വിമാനത്താവളം തുറക്കുന്ന ദിവസംതന്നെ ഈ സർവീസുകളും തുടങ്ങും. ഉഡാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് കണ്ണൂരിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ രാജ്യവ്യാപകമായി 502 റൂട്ടുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്തിനും കൊച്ചിക്കും പുറമേ കണ്ണൂരിൽനിന്ന് ഡൽഹിക്കടുത്തുള്ള ഹിന്റെൻ, ബെംഗളൂരു, ചെന്നൈ, ഗോവ, ഹുബ്ബള്ളി, മുംബൈ, എന്നീ നഗരങ്ങളിലേക്കാണ് സർവീസ്.

കണ്ണൂരിൽനിന്ന് ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സ്പൈസ് ജെറ്റ്, ഇൻഡിഗോ എന്നീ വിമാനക്കമ്പനികളാണ് താത്പര്യം കാട്ടിയിരിക്കുന്നത്. മുംബൈ, ഹിന്റെൻ, ഹുബ്ബള്ളി, ഗോവ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഇൻഡിഗോയും ബെംഗളൂരു, ചെന്നൈ നഗരങ്ങളിലേക്ക് സ്പൈസ് ജെറ്റ് ആഴ്ചയിൽ 14 സർവീസും ഇൻഡിഗോ ആഴ്ചയിൽ ഏഴു സർവീസും നടത്തും. ബാക്കി ആറു നഗരങ്ങളിലേക്ക് ഇൻഡിഗോ ആഴ്ചയിൽ ഏഴുവീതം സർവീസാണ് നടത്തുക.

കണ്ണൂർ ഗ്രീൻഫീൽഡ് ഉൾപ്പെടെ രാജ്യത്തെ 73 പുതിയ വിമാനത്താവളങ്ങളെ ഉഡാൻ രണ്ടാം ഘട്ട പദ്ധതി ബന്ധിപ്പിക്കും. പ്രതിവർഷം 29 ലക്ഷം പേർക്കു ചുരുങ്ങിയ നിരക്കിൽ ടിക്കറ്റ് ലഭ്യമാക്കും. ജമ്മു കശ്മീരിലെ കാർഗിലിൽനിന്നു ശ്രീനഗറിലേക്കും സർവീസ് ആരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതിരാജു അറിയിച്ചു.

രണ്ടാം ഘട്ടത്തിൽ ലക്ഷദ്വീപിനാണ് പ്രധമ മുൻഗണന. കണ്ണൂരിൽനിന്നു ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കും രണ്ടു വീതം വിമാനങ്ങളുണ്ടാകും. വിമാനത്തിൽ പരമാവധി 40 സീറ്റുകളാണ് ഉഡാൻ പദ്ധതിയുടെ ഭാഗമായുള്ള കുറഞ്ഞ നിരക്കിൽ യാത്രക്കാർക്കു ലഭ്യമാക്കുക.

ഈ സീറ്റുകളിൽ കണ്ണൂരിൽനിന്നു വിവിധയിടങ്ങളിലേക്കുള്ള പരമാവധി യാത്രാനിരക്ക് ഇങ്ങനെ: ബെംഗളൂരു (ഇൻഡിഗോ) 1699 രൂപ, ബെംഗളൂരു (സ്‌പൈസ് ജെറ്റ്) 1810 രൂപ, ചെന്നൈ (ഇൻഡിഗോ) 2499, ചെന്നൈ (സ്‌പൈസ് ജെറ്റ്) 2660, കൊച്ചി 1399, ഗോവ 2099, ഹിൻഡൻ 3199, ഹൂബ്ലി - 1999, മുംബൈ 3199, തിരുവനന്തപുരം 2099.

രണ്ടാംഘട്ട പദ്ധതിയിൽ ഏറ്റവുമധികം വിമാനത്താവളങ്ങളെ ഉൾപ്പെടുത്തിയത് ഉത്തരാഖണ്ഡിലാണ് 15. മറ്റു സംസ്ഥാനങ്ങളും വിമാനത്താവളങ്ങളും: യുപി (ഒൻപത്), അരുണാചൽ പ്രദേശ് (എട്ട്), ഹിമാചൽ പ്രദേശ് (ആറ്), അസം, മണിപ്പുർ (അഞ്ചുവീതം), മഹാരാഷ്ട്ര, രാജസ്ഥാൻ (നാലുവീതം), ഗുജറാത്ത് (മൂന്ന്), ബംഗാൾ, തമിഴ്‌നാട്, ജാർഖണ്ഡ്, കർണാടക (രണ്ടുവീതം), പഞ്ചാബ്, ഹരിയാന, ബിഹാർ, സിക്കിം, ജമ്മു കശ്മീർ (ഒന്നുവീതം).

കണ്ണൂരിൽനിന്നുള്ള വിമാനസർവീസുകളുടെ വിശദാംശങ്ങൾ

ബെംഗളൂരു സ്പൈസ് ജെറ്റ് (78 സീറ്റുകൾ ഉഡാൻപദ്ധതിക്ക് 39 സീറ്റുകൾ) പരമാവധി നിരക്ക് 1810 രൂപ.

ബെംഗളൂരു ഇൻഡിഗോ (74 സീറ്റുകൾ, ഉഡാൻ പദ്ധതിക്ക് 37 സീറ്റുകൾ) പരമാവധി നിരക്ക് 1699 രൂപ.

ചെന്നൈ സ്പൈസ് ജെറ്റ് (78 സീറ്റുകൾ, ഉഡാൻ 39) പരമാവധി നിരക്ക് 2660 രൂപ

ചെന്നൈ ഇൻഡിഗോ (74 സീറ്റുകൾ, ഉഡാൻ 37) പരമാവധി നിരക്ക് 2499 രൂപ.

കൊച്ചി (74 സീറ്റുകൾ, ഉഡാൻ 37) പരമാവധി നിരക്ക് 1,399 രൂപ.

ഗോവ (74 സീറ്റുകൾ, ഉഡാൻ 37) പരമാവധി നിരക്ക് 2,099 രൂപ.

ഹിൻഡൻ (180 സീറ്റുകൾ, ഉഡാൻ 40) പരമാവധി നിരക്ക് 3199 രൂപ.

ഹുബ്ബള്ളി (74 സീറ്റുകൾ, ഉഡാൻ 37) പരമാവധി നിരക്ക് 1,999 രൂപ.

മുംബൈ (180 സീറ്റുകൾ, ഉഡാൻ 40) പരമാവധി നിരക്ക് 3199 രൂപ.

തിരുവനന്തപുരം (74 സീറ്റുകൾ, ഉഡാൻ 37) പരമാവധി നിരക്ക് 2099 രൂപ.