കണ്ണൂർ: സുപ്രീംകോടതി വിധിയെ തുടർന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും പുറത്തായ മുൻ എം.ബി.ബി.എസ്. വിദ്യാർത്ഥികൾക്ക് അടച്ച ഫീസ് ഇനിയും തിരികെ കൊടുത്തില്ല. അടച്ച ഫീസിന്റെ ഇരട്ടി തിരികെ നൽകണമെന്ന് കോടതി ഉത്തരവിറക്കിയിട്ടും മാനേജ്‌മെന്റിന്റെ ക്രമക്കേട് മൂലം പഠനാവസരം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കൊന്നും ഇനിയും പണം തിരികെ കിട്ടിയിട്ടില്ല. 2016-17 ബാച്ചിൽ എം.ബി.ബി.എസിന് ചേർന്നവർക്കാണ് പണവും പഠനാവസരവും നഷ്ടമായിരിക്കുന്നത്.

അതേസമയം വിദ്യാർത്ഥികൾക്ക് പണം തിരിച്ചുനൽകിയോ എന്ന കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മേൽനോട്ടസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സുപ്രീംകോടതി നിർദേശിച്ചതുപോലെ ഇരട്ടി തുക വിദ്യാർത്ഥികളുടെ അക്കൗണ്ടിലെത്തിയോ എന്ന് പരിശോധിക്കാൻ പ്രവേശന മേൽനോട്ടസമിതി നടപടി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ ഹിയറിങ്ങിനായി വിളിക്കും. ഹിയറിങ് തിരുവനന്തപുരത്ത് നവംബർ 15-ന് തുടങ്ങും. അതേസമയം പണം തിരിച്ചുനൽകാത്തതിനാൽ കണ്ണൂർ മെഡിക്കൽ കോളേജിൽ ഈ വർഷം എം.ബി.ബി.എസ്. പ്രവേശനം അനുവദിച്ചിട്ടുമില്ല.

അതിനിടെ ഉത്തരവ് മറികടന്ന് കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനായി കണ്ണൂർ മെഡിക്കൽ കോളേജ് പ്രതിനിധികൾ വിദ്യാർത്ഥികളും രക്ഷിതാക്കളുമായി ചർച്ച തുടങ്ങി. സുപ്രീംകോടതി വിധി പ്രകാരമുള്ള തുകയ്ക്കു പകരം യഥാർഥത്തിൽ നൽകിയ തുകയിൽ ഹോസ്റ്റൽ ചെലവെന്ന പേരിൽ 1,17,000 രൂപ കുറച്ചാണ് നൽകുന്നത്. കേസുകൾ പിൻവലിക്കുമെന്നും കോളേജുമായി ഇനി പ്രശ്‌നമൊന്നുമില്ലെന്നും എഴുതിക്കൊടുത്ത് ഏതാനും പേർ ഈ തുക വാങ്ങി. എന്നാൽ, 90 ശതമാനം വിദ്യാർത്ഥികളും അതിന് തയ്യാറായില്ല. സുപ്രീംകോടതി നിർദേശിച്ച തോതിൽത്തന്നെ പണം കിട്ടണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ കോടതി ഉത്തരവ് പാലിക്കാൻ കോളേജ് അധികൃതർ ഇതുവരെ യാതൊരു നടപടികളും ആരംഭിച്ചിട്ടില്ല.

കണ്ണൂർ മെഡിക്കൽ കോളേജിലെ 2016-17 എം.ബി.ബി.എസ്. ബാച്ചിനോടൊപ്പം പാലക്കാട് കരുണ മെഡിക്കൽ കോളേജിലെ 30 വിദ്യാർത്ഥികളും സുപ്രീംകോടതി വിധിയെത്തുടർന്ന് പുറത്തായിരുന്നു. 30 വിദ്യാർത്ഥികളെ ചേർത്തത് ക്രമവിരുദ്ധമായിട്ടാണെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ, കണ്ണൂർ മെഡിക്കൽ കോളേജിലെ മാനേജ്മെന്റിനെതിരേയെന്നപോലെ കരുണയിൽ വിദ്യാർത്ഥികളോ രക്ഷിതാക്കളോ മാനേജ്മെന്റിനെതിരേ കേസിന് പോയില്ല. പഠനാവസരം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് മാനേജ്മെന്റ് പണം തിരികെ നൽകി. 30 പേരിൽ നാലുപേർ ഈ വർഷം നീറ്റ് പരീക്ഷ ജയിച്ച് അതേ കോളേജിൽ പ്രവേശനം നേടി. ബാക്കി 26 പേരെ കോളേജിന്റെ ചെലവിൽ നീറ്റ് പരീക്ഷാ പരിശീലനത്തിന് ചേർത്തിരിക്കുകയാണ് മാനേജ്മെന്റ്.