ദുബൈ: ഇന്ത്യയിലെ തന്നെ ഏറ്റവു തലമുതിർന്ന മുസ്ലിം പണ്ഡിതരുടെ പട്ടികയിലാണ് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാർ. കാന്തപുരം നേതൃത്വം നൽകുന്ന കോഴിക്കോട്ടെ മർക്കസ് പാവപ്പെട്ട മുസ്ലിം വിദ്യാർത്ഥികളുടെ ആശാ കേന്ദ്രവുമാണെന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കുട്ടികൾ മർക്കസിൽ വിദ്യാർത്ഥികളാണ്. ഇങ്ങനെയുള്ള കാന്തപുരം ലോകത്തെ സ്വാധീനിച്ച 500 മുസ്ലിം വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടം തേടി.

മലപ്പുറം മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീം ഖലീൽ അൽ ബുഖാരിയും ഈ വർഷം പട്ടികയൽ ഇടംപിടിച്ചിട്ടുണ്ട്. ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്‌ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്ററാണ് ഇസ്‌ലാമിക ലോകത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറാമത് വാർഷിക പതിപ്പാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്.

പതിമൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പ്രതിഭാധനരായ വ്യക്തിത്വങ്ങളെ കണ്ടെത്തിയിരിക്കുന്നത്. തുടർച്ചയായ നാലാം തവണയാണ് കാന്തപുരം പട്ടികയിൽ ഇടം നേടുന്നത്. ഖലീൽ അൽ ബുഖാരി മൂന്നാം തവണയും. 'ദി മുസ്‌ലിം 500' എന്ന പേരിൽ പ്രസിദ്ധദീകരിച്ചിരിക്കുന്ന പട്ടികയിൽ സഊദി ഭരണാധികാരി അബ്ദുല്ല രാജാവാണ് ഏറ്റവും സ്വാധീനമേറിയ വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

ഈജിപ്ത് ഗ്രാന്റ് മുഫ്തിയും അൽ അസ്ഹർ യൂനിവേഴ്‌സിറ്റി മുഖ്യ ശൈഖുമായ ഡോ. ശൈഖ് അഹ്മദ് മുഹമ്മദ് അൽ ത്വയ്യിബ്, ഇറാൻ ആത്മീയ നേതാവ് ആയത്തുല്ല ഖുമേനി, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ എന്നിവർ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.യു എ ഇ സായുധ സേന ഉപമേധാവിയും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ഒമ്പതാം സ്ഥാനത്തുണ്ട്. ഇസ്‌ലാമിനെ കുറിച്ചുള്ള ശ്രദ്ധേയമായ 100 പുസ്തകങ്ങൾ, സോഷ്യൽ മീഡിയ സ്ഥിതി വിവര കണക്ക് തുടങ്ങിയവ ഈ വർഷത്തെ പ്രസിദ്ധീകരണത്തിലെ പ്രത്യേകതയാണ്.