റിയാദ്: ഇന്ത്യയിലെ അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ.പി വിഭാഗം) ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രവർത്തനങ്ങൾക്ക് സൗദി അറേബ്യ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ട്. സൗദി അറേബ്യയിൽ പ്രവർത്തനം നടത്തിയതിനാണ് നടപടി എടുത്തതെന്നാണ് മീഡിയാ വൺ ചാനൽ റിപ്പോർട്ട് ചെയ്തു. സൗദി മതകാര്യ മന്ത്രാലയമാണ് കാന്തപുരത്തിന് വിലക്കേർപ്പെടുത്തിയതെന്നാണ് ചാനൽ റിപ്പോർട്ട്. മതകാര്യ മന്ത്രാലയത്തിന്റെ ഉത്തരവെന്ന വിധത്തിൽ ഒരു കത്തും പുറത്തുവിട്ടിട്ടുണ്ട്.

ഇസ്ലാം മതത്തിനു വിരുദ്ധമായി പ്രവർത്തിച്ചു എന്ന ചൂണ്ടിക്കാട്ടിയാണ് കാന്തപുരത്തിനും അദ്ദേഹത്തിന്റെ സംഘടനയ്ക്കും സൗദി വിലക്കേർപ്പെടുത്തിയത് എന്നാണ് റിപ്പോർട്ടി പറയുന്നത്. സൗദി ഗ്രാൻഡ് മുഫ്തിയുടേയും മതകാര്യ മന്ത്രാലയം മക്ക കേന്ദ്രത്തിന്റെയും കത്തുകളുടെ അടിസ്ഥാനത്തിലാണ് മതകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിട്ടത്.

ഇന്ത്യയിലെ ബറെൽവി ചിന്താധാരയുടെ തെക്കേഇന്ത്യയിലെ വക്താവാണ് കാന്തപുരമെന്നും സെപ്റ്റംബർ ആറിനു പുറത്തിറക്കിയ ഉത്തരവ് പറയുന്നു. സൗദിയിൽ കാന്തപുരത്തിന്റെ പരിപാടികൾ നടക്കുന്നുടെങ്കിൽ അറിയിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വിലക്ക് ഈ മാസം ആറിന് നിലവിൽ വന്നതാണെങ്കിലും കഴിഞ്ഞദിവസം ദമാമിൽ നടത്താനിരുന്ന പരിപാടി തടഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് ഈ കത്തെന്നും കത്ത് അവാസ്തവമാണെന്നുമാണ് കാന്തപുരത്തെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ഈ വിലക്ക് നിലനിൽക്കേ തന്നെ കാന്തപുരം സൗദിയിൽ എത്തിയിരുന്നു എന്നും കാന്തപുരം പറയുന്നു.