കോഴിക്കോട്: കാലങ്ങളായി സിപിഎമ്മിനൊപ്പം അടിയുറച്ചു നിൽക്കുന്ന മുസ്ലിം വിഭാഗമാണ് കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ കീഴിലുള്ള എ പി സമസ്ത വിഭാഗം. ഇ കെ സുന്നി വിഭാഗം ലീഗിനോട് കൂറു പുലർത്തിയപ്പോൾ മറുവശത്ത് എ പി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. എന്നാൽ, സമസ്തയുടെ പിളർപ്പിന് ശേഷം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞ് കാന്തുപുരം മുസ്ലിംലീഗിന്റെ വേദിയിൽ എത്തി.

മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സംഗമത്തിൽ പങ്കെടുക്കാനാണ കാന്തപുരം എത്തിയത്. കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ നടന്ന സൗഹൃദ സംഗമത്തിലാണ് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾക്കൊപ്പം കാന്തപുരവും പങ്കെടുത്തത്. മുഹമ്മദലി ശിഹാബ് തങ്ങളുമായും ഹൈദരലി തങ്ങളുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നുവെന്ന് കാന്തപുരം പറഞ്ഞു. തനിക്ക് സുന്നിസമാണ് പ്രധാനമെന്നും രാഷ്ട്രീയ കക്ഷിത്വമില്ലെന്നും കാന്തപുരം പറഞ്ഞു.

അതേസമയം ലീഗിനെ സംബന്ധിച്ചിടത്തോളം ഈ നീക്കം നേട്ടമുണ്ടാക്കിയെന്നാണ് പൊതു അഭിപ്രായം. മതങ്ങൾ തമ്മിലുള്ള സഹവർത്തിത്തമാണ് വേണ്ടതെന്നും വിദ്വേഷ പ്രചാരണങ്ങൾ അവസാനിപ്പിക്കാൻ പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിന് കഴിയട്ടെയെന്നും സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കോഴിക്കോട് നടന്ന പൊതു സമ്മേളനത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി കാന്തപുരത്തിന്റെ പങ്കാളിത്തം എടുത്ത് പറയുകയും ചെയ്തു. ഇരു സമസ്ത നേതാക്കളെയും ഒരുമിച്ചിരുത്താൻ കഴിഞ്ഞത് ലീഗിന്റെ നേട്ടമാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കാന്തപുരം ലീഗ് വേദിയിലെത്തിയത് സോഷ്യൽ മീഡയയിലും എ.പി- ഇ.കെ സമസ്ത വിഭാഗത്തിലെ ഇരു അണികൾ ചർച്ചയാക്കുന്നുണ്ട്. സമസ്തയിലെ പിളപ്പിന് ശേഷം ആദ്യമായാണ് കാന്തപുരം മുസ്ലിം ലഗ് വേദിയിലെത്തുന്നത്. പിളർപ്പിന് ശേഷം മുസ്ലിം ലീഗും കാന്തപുരം വിഭാഗവും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. ഇ.കെ വിഭാഗം മുസ്ലിം ലീഗിനൊപ്പം നിന്നപ്പോൾ കാന്തപുരത്തിന് സിപിഎം പിന്തുണ നൽകി. ഇതോടെ കാന്തപുരം വിഭാഗത്തെ വിമർശകർ അരിവാൾ സുന്നികളെന്നും വിളിച്ചിരുന്നു.

ലീഗുമായുണ്ടായ സംഘർഷത്തിൽ കാന്തപുരം സമസ്ത പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇടക്കാലത്ത് സുന്നി എ.പി- ഇ.കെ വിഭാഗം ഐക്യ ചർച്ചകൾ തുടങ്ങിയപ്പോൾ അതിന് തുരങ്കം വെച്ചത് മുസ്ലിം ലീഗാണെന്ന് ഇരു സംഘടനകൾക്കുള്ളിലും വിമർശനമുണ്ട്. ഇടക്കാലത്ത് മുസ്ലിം ലീഗ് വിളിച്ചു ചേർക്കുന്ന സൗഹൃദ സംഗമങ്ങളിൽ കാന്തപുരത്തെ ക്ഷണിക്കാറുണ്ടായിരുന്നുവെങ്കിലും പ്രതിനിധികളെയാണ് വിടാറുണ്ടായിരുന്നത്. ഈ പതിവ് തെറ്റിച്ചാണ് കാന്തപുരം ലീഗ് വേദിയിൽ പങ്കെടുത്തത്.

ഒരുമിച്ചിരിക്കുന്നതിനെക്കുറിച്ചാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന് കാന്തപുരവും സാദിഖലി തങ്ങളും ജിഫ്രി തങ്ങളും ഒരുമിച്ചിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് നജീബ് കാന്തപുരം എംഎ‍ൽഎ ഫേസ്‌ബുക്കിൽ കുറിപ്പെഴുതി.