കോഴിക്കോട്: അഖിലേന്ത്യാടിസ്ഥാനത്തിൽ പുതിയ സംഘടനാ രൂപീകരണത്തിനൊരുങ്ങി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ആൾ ഇന്ത്യാ മുസ്ലിം ജമാഅത്ത് എന്ന പേരിൽ രൂപീകരിക്കുന്ന ബഹുജന സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഈ മാസം പത്തിന് മലപ്പുറം ടൗൺഹാളിൽ വച്ചുണ്ടാകും. പുതിയ സംഘടന എന്നതിനു പുറമെ ഇന്ത്യൻ മുസ്ലിംങ്ങളെ കോർത്തിണക്കിയുള്ള പുതിയ മുന്നേറ്റമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.

ഇസ്ലാമിക, പാരമ്പര്യ വിശ്വാസം പുലർത്തി പോരുന്ന അഹ് ലു സുന്നത്തി വൽ ജമാഅയിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലിംങ്ങളെയാണ് സംഘടനയിൽ അണിനിരത്താൻ ഉദ്ദേശിക്കുന്നത്. കാന്തപുരം വിഭാഗത്തിനു കീഴിലുള്ള സമസ്തകേരള ജംഇയ്യത്തുൽ ഉലമ, സുന്നി യുവജന സംഘം (എസ്.വൈ.എസ്), സുന്നി സ്റ്റുഡന്റ് ഫെഡറേഷൻ( എസ്.എസ്.എഫ്) എന്നീ സംഘടനകളുടെ മേൽ നോട്ടത്തിൽ സമാന്തര സംവിധാനത്തിലായിരിക്കും പുതിയ സംഘടന. കാലങ്ങളായി കാന്തപുരം വിഭാഗത്തിനിടയിൽ നിലനിന്നിരുന്ന ചർച്ചകളുടെ ആശയ പൂർത്തീകരണമാണ് പുതിയ സംഘടനയിലൂടെ സാധ്യമാകുന്നത്. ഏറെ വൈകാതെ ആഗോള തലത്തിൽ സമാന ആശയമുള്ള മുസ്ലിം സംഘടകളെ ഏകീകരിപ്പിച്ച് സംഘടന രൂപീകരിക്കാനും കാന്തപുരം ഉൾപ്പടെയുള്ള പണ്ഡിതർക്ക് പദ്ധതിയുണ്ട്.

1926 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പണ്ഡിത സഭക്കു കീഴിലായിരുന്നു കേരളത്തിലെ മഹാഭൂരിപക്ഷം മുസ്ലിംങ്ങളും. എന്നാൽ സമസ്ത അതിന്റെ സ്ഥാപിത താൽപര്യങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും വ്യതിചലിച്ചു പോകുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു 1989 ൽ സയ്യിദ് അബ്ദുറഹിമാൻ ബുഖാരി ഉള്ളാൾ, കാന്തപുരം അബൂബക്കർ മുസ്ലിയാർ എന്നിവരുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പണ്ഡിതർ മറ്റൊരു സമസ്തക്കു രൂപം നൽകി പ്രവർത്തനം ആരംഭിച്ചത്. ഇവരെ എ.പി വിഭാഗം എന്നും മുസ്ലിം ലീഗുമായി ചേർന്നു നിന്നിരുന്ന മറു വിഭാഗത്തെ ഇകെ വിഭാഗമെന്നും പിന്നീട് അറിയപ്പെടുകയായിരുന്നു. നിലനിൽപിനുള്ള തന്ത്രങ്ങളുമായി എപി സുന്നികൾ ഇക്കാലയളവിൽ മഹല്ലുകൾ പിടിച്ചടക്കുകയും നാട്ടിൽ വേരോട്ടം സൃഷ്ടിക്കുകയും ചെയ്തു. പ്രതിരോധവുമായി ഇ.കെ സുന്നികളും എത്തിയതോടെ മലബാറിന്റെ ഗ്രാമങ്ങൾ രക്തച്ചൊരിച്ചിലുകൾക്കും അക്രമ സംഭവങ്ങൾക്കും സാക്ഷിയാകേണ്ടി വന്നു.

മറു ഗ്രൂപ്പിൽ നിന്നുള്ള പ്രതിരോധത്തിനു പുറമെ ആദർശ സംബന്ധമായി മുജാഹിദ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടകളും കാന്തപുരം വിഭാഗത്തിനെതിരെ പ്രതിരോധമുയർത്തി കലഹിച്ചു കൊണ്ടേയിരുന്നു. രാഷ്ട്രീയക്കാർക്കു മുന്നിൽ സമ്മർദ ശക്തിയായതോടെ വിവിധ പാർട്ടികളും കാന്തപുരത്തോടു ഇടഞ്ഞു. എന്നാൽ എതിർപ്പുകൾ നിലനിന്നിരുന്നെങ്കിലും, കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘടനാ വേരോട്ടവുമുള്ള പ്രസ്ഥാനമായി കാന്തപുരത്തിനു വിഭാഗം സമൂഹത്തിൽ വേരുകളാഴ്‌ത്തുകയായിരുന്നു. സമസ്തയുടെ പിളർപ്പിനു മുൻപേ രൂപീകരിച്ച വിദ്യാർത്ഥി സംഘടനയെയും സിറാജ് ദിനപത്രവും മറ്റു പ്രസിദ്ധീകരണങ്ങളേയും കൂടെ നിർത്താനും കാന്തപുരത്തിനു സാധിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ അണികളും മഹല്ലുകളുമുള്ള സംഘടന ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഇ.കെ വിഭാഗം സമസ്തക്കാണെന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. എന്നാൽ സംഘടനാ സംവിധാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉപയോഗിച്ചായിരുന്നു എ.പി സുന്നികൾ ഇതിനെ മറികടന്നു പോന്നിരുന്നത്. ഇതേ, സംഘടനാ ശക്തി ഉപയോഗിച്ചായിരുന്നു കാന്തപുരം കാലാ കാലങ്ങളിൽ രാഷ്ട്രീയക്കാർക്കിടയിൽ സമ്മർദ തന്ത്രങ്ങൾ പഴറ്റിപോന്നിരുന്നത്. ഇപ്പോൾ കാന്തപുരത്തിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തിൽ സംഘടന രൂപീകരിക്കുന്നു എന്നത് രാഷ്ട്രീയക്കാരും ഉറ്റു നോക്കുന്ന കാര്യമാണ്.

നേരത്തെ ജമാഅത്തെ ഇസ്ലാമിക്കും ഇതര സംഘടനകൾക്കുമെല്ലാം ആൾ ഇന്ത്യാടിസ്ഥാനത്തിൽ സംഘടനകൾ ഉണ്ടായിരുന്നു. എന്നാൽ ഇവർക്കാർക്കും കാര്യമായ ജനപിന്തുണയോ സ്വീകരാര്യതയോ ലഭിച്ചില്ലെന്നതാണ് വസ്തുത. ഇന്ത്യയിലെ ബഹുഭൂരിപക്ഷം മുസ്ലിംങ്ങളും തീവ്രവാദത്തെയും ഭീകരതയേയും എതിർക്കുന്നവരാണ്. ഇത്തരക്കാർക്ക് മാത്രമാണ് സംഘടനയിൽ അംഗത്വം നൽകുക. ഉത്തരേന്ത്യയിലെ ഭൂരിപക്ഷം മുസ്ലിം സമൂഹവും പണ്ഡിതന്മാരും ബറേൽവി വിഭാഗക്കാരാണ്. ഇവർ പാരമ്പര്യമായുള്ള സൂഫിധാര പുലർത്തി വരുന്നവരാണ്. ഇവരുടെ പിന്തുണ പുതിയ സംഘടനക്കുണ്ട്.

കേരളത്തിലെ സുന്നികളുമായി സാമ്യമുള്ള ആൾ ഇന്ത്യാ ഉലമാ ആൻഡ് മഷാഇഖ് ബോർഡ് പോലുള്ള സംഘടനകളെയും കൂടെ നിർത്തിയാണ് പുതിയ സംഘടനക്ക് കാന്തപുരം ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ മാസം കാന്തപുരത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ വിവിധ ഭാഗത്തു നിന്നുമുള്ള ബറേൽവി വിഭാഗക്കാരായ നാൽപത് പണ്ഡിതർ നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയത് വാർത്തയായിരുന്നു. എന്നാൽ ഇക്കൂട്ടത്തിലുണ്ടായിരുന്ന മുഴുവൻ പണ്ഡിതരും കാന്തപുരം രൂപീകരിക്കുന്ന ആൾ ഇന്ത്യാ മുസ്ലിം ജമാഅത്തിന്റെ ഭാഗമാകുമെന്നാണ് അറിയുന്നത്. ഇന്ത്യൻ മുസ്ലിംങ്ങളുടെ പിന്നോക്കാവസ്ഥക്കു മാറ്റം വരണമെങ്കിൽ ശക്തമായ നേതൃത്വവും സംഘടനാ കെട്ടുറപ്പും അനിവാര്യമാണെന്ന അഭിപ്രായമാണ് മിക്ക പണ്ഡതന്മാർക്കും.

സംഘടന രൂപീകരിക്കുന്നതോടൊപ്പം പുതിയ രാഷ്ട്രീയ സാമൂഹിക അജണ്ടകളോടെയായിരിക്കും രംഗപ്രവേശനം ചെയ്യുക. തെരഞ്ഞെടുപ്പിൽ സമ്മർദ തന്ത്രം ഇനിയും തുടരും. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ തിരക്കു പിടിച്ചുള്ള പുതിയ സംഘടനാ പ്രഖ്യാപനത്തിനു പിന്നിലും ചില അജണ്ടകളുണ്ടെന്നാണ് അറിയുന്നത്.ഉത്തരേന്ത്യയിൽ നിന്നുള്ളവടക്കം ഉൾപ്പെടുന്ന ഒരു അഖിലേന്ത്യാ കമ്മിറ്റിയും മുഴുവൻ സംസ്ഥാനങ്ങളിലായി വെവ്വേറെ ഘടകങ്ങളും രൂപീകരിക്കും. പ്രസ്ഥാനത്തിന്റെ ഒദ്യോഗിക നിലപാടുകളും രാഷ്ടീയ സമീപനങ്ങളടക്കം ബഹുജന സംഘടനയായ മുസ്ലിം ജമാഅത്തിലുടെയായിരിക്കും പുറത്തു വരിക. വിദ്യാർത്ഥി സംഘടനയായ എസ്.എസ്.എഫ് ഇനി വിദ്യാർത്ഥികൾക്കും എസ്.വൈ.എസ് യുവജനങ്ങൾക്കും മാത്രമായിരിക്കും.

യുവജന സംഘടനയിൽ നിന്നും കാലാവധി പൂർത്തിയാക്കുന്നവർക്കും മറ്റു ബഹുജനങ്ങൾക്കുമാണ് പുതിയ സംഘടന. സമസ്തക്കായിരിക്കും സംഘടനയുടെ ചുക്കാൻ. സംഘടനയുടെ വ്യാപനത്തോടൊപ്പം ഉത്തേരേന്ത്യയിലേക്കായി ഹിന്ദി, ഉറുദു ഭാഷകളിലായി പുതിയ ദിനപത്രം ഇറക്കാനും പദ്ധതിയുണ്ട്. ഇതിന്റെ അണിയറ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഇതോടൊപ്പം ആഗോള തലത്തിൽ മുസ്ലിം പണ്ഡിതരുടെ ഏകീകരണം സാധ്യമാക്കാനും പദ്ധതിയുണ്ട്. ഇസ്ലാമിനെ ലോകസമൂഹത്തിനു മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യത്തിൽ തീവ്രവാദത്തിനും ഭീകര പ്രവർത്തനങ്ങൾക്കും എതിരെ നിലകൊള്ളുന്ന അഹ് ലു സുന്നതി വൽ ജമാഅയുടെ ഭൂരിപക്ഷം വരുന്ന ആഗോള മുസ്ലിം പണ്ഡിതരെ ഇതിലൂടെ കോർത്തിണക്കാൻ കഴിയുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.