കണ്ണൂർ: നവജാത ശിശുവിനെ കൊലപ്പെടുത്തിയത് കുഞ്ഞിന്റെ മൂക്കും വായും തുണികൊണ്ട് മൂടി ശ്വാസം മുട്ടിച്ചെന്ന് അമ്മയായ പ്രതി. അമ്മയായ അഴീക്കോട് മീൻകുന്ന് റോഡിലെ കോട്ടയിൽ ഹൗസിൽ നമിതയെ വളപട്ടണം എസ്.ഐ. ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തു. നേരത്തെ തന്നെ ശിശുവിന്റെ മരണം ദുരൂഹമാണെന്ന് സംശയം ഉടലെടുത്തിരുന്നു. നമിത പ്രസവിച്ച 21 ദിവസം മാത്രമുള്ള പെൺകുഞ്ഞിന്റെ മരണത്തിൽ ഭർതൃവീട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ച് പൊലീസിനെ അറിയിച്ചിരുന്നു. അതാണ് മരണത്തിലെ ദുരൂഹത പുറത്ത് വരാൻ കാരണമായത്. സംഭവുമായി ബന്ധപ്പെട്ട് നമിതയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്താനുള്ള കാരണം വ്യക്തമായത്. നമിതയുടെ കുഞ്ഞിന്റെ പിതൃത്വം ഭർത്താവ് ഷനിലിന്റെ സുഹൃത്തിൽ കെട്ടിവെക്കാനായിരുന്നു നീക്കം. എന്നാൽ ഭർതൃപിതാവാണ് കുഞ്ഞിന്റെ അച്ഛനെന്ന സൂചനയാണ് നമിത നൽകുന്നത്.

ഗൾഫിൽ ജോലി ചെയ്യുന്ന കക്കാട് അതിരകത്തെ ഷനിലാണ് നമിതയുടെ ഭർത്താവ്. കുട്ടിയുടെ ജനനവുമായി ബന്ധപ്പെട്ട് ഇവർ തമ്മിൽ തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഗൾഫിൽ നിന്നും നാട്ടിലെത്തിയ ഷനിൽ ഫെബ്രുവരിയിൽ തിരിച്ചു പോവുകയും ചെയ്തിരുന്നു. മൂന്നാഴ്ച മുമ്പ് ഭർതൃവീട്ടിൽ നിന്നും വയറുവേദന എന്നു പറഞ്ഞ് വീട്ടിലേക്ക് പോയ നമിത പിന്നീട് ഒരു ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. ഇതോടെ കുഞ്ഞിന്റെ പിതൃത്വവുമായി ബന്ധപ്പെട്ട് ഭർത്താവ് ഷനിലും നമിതയും തമ്മിൽ തർക്കമുണ്ടായിരുന്നു. അതേ തുടർന്നാണ് കുഞ്ഞിന്റെ ദുരൂഹ മരണവും സംഭവിച്ചത്.

അടുത്ത ദിവസം ഷനിൽ നാട്ടിലേക്കെത്തിയെങ്കിലും ഭാര്യയേയോ കുഞ്ഞിനേയോ കാണാൻ മുതിർന്നിരുന്നില്ല. നമിത പ്രസവിച്ച കുഞ്ഞ് തന്റേതല്ലെന്ന നിലപാടായിരുന്നു ഷനിൽ എടുത്തിരുന്നത്. ഒടുവിൽ ബന്ധുക്കളിൽ ചിലർ ഭാര്യയേയും കുഞ്ഞിനേയും കാണാൻ പോകണമെന്ന് ഷനിലിനോട് നിർബന്ധിച്ചിരുന്നു. അതു പ്രകാരം കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ ഷനിൽ സമ്മതിക്കുകയും ചെയ്തു. ഇന്നലെ ഭാര്യവീട്ടിൽ പോകുന്ന വിവരം ബന്ധുക്കൾ വഴി നമിതിയുടെ വീട്ടിൽ അറിയിക്കുകയും ചെയ്തിരുന്നു. അതു പ്രകാരം ഇന്നലെ ഭാര്യവീട്ടിൽ പോകാനിരിക്കേയാണ് കുഞ്ഞ് ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞത്.

കുഞ്ഞിന്റെ പിതൃത്വത്തെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ട് കുഞ്ഞിനെ ഡി.എൻ.എ. ടെസ്റ്റിന് വിധേയമാക്കണമെന്ന അഭിപ്രായം ഷനിലിന്റെ ബന്ധുക്കൾ മുന്നോട്ട് വച്ചിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കവേയാണ് ദുരൂഹ സാഹചര്യത്തിൽ കുഞ്ഞിന്റെ മരണം സംഭവിച്ചതായി അറിഞ്ഞത്. അത് ഏറെ സംശയത്തിനിടയാക്കി. ഇതോടെ ഷനിലും ബന്ധുക്കളും കുഞ്ഞിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസിനെ സമീപിച്ചു. സംഭവമറിഞ്ഞ് കണ്ണൂർ ഡി.വൈ.എസ്. പി. പി.പി. സദാനന്ദനും വളപട്ടണം എസ്.ഐ. ശ്രീജിത്ത് കോടേരിയും സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. അതിനു ശേഷമാണ് കുട്ടിയുടെ അമ്മയായ അഴീക്കോട് മീൻ കുന്നിലെ നമിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മൃതദേഹം പൊലീസ് പരിശോധിച്ചപ്പോൾ തന്നെ ഇതുകൊലപാതകമാണെന്ന് സംശയം ജനിച്ചിരുന്നു. അതേ തുടർന്ന് നമിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യതോടെ പിഞ്ചു കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിലെ ചുരുളഴിയുകയായിരുന്നു.

പാല് കൊടുക്കുമ്പോൾ കുഞ്ഞിന് ശ്വാസം മുട്ടാൻ ഇടയുണ്ടെന്നും അങ്ങിനെ മരണമടഞ്ഞ കുഞ്ഞുങ്ങൾ ഉണ്ടെന്നും നമിതക്ക് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് മുഖം തുണികൊണ്ട് മൂടി കുഞ്ഞിനെ കൊലപ്പെടുത്തിയാൽ അതാരുമറിയില്ലെന്ന് നമിത കണക്കാക്കി. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും പാലുകൊടുക്കുമ്പോൾ കുഞ്ഞ് ശ്വാസം മുട്ടി മരിച്ചതാണെന്ന് കണക്കാക്കുമെന്നായിരുന്നു നമിതിയുടെ കണക്കു കൂട്ടൽ. നമിതക്ക് പത്ത് വയസ്സുള്ള മറ്റൊരു കുഞ്ഞുമുണ്ട്.