- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണക്കടത്തു കേസ് പ്രതി അർജുൻ ആയങ്കി 'സ്ഥിരം കുറ്റവാളി'യെന്ന് പൊലീസ് റിപ്പോർട്ട്; കാപ്പ ചുമത്തിയ തീരുമാനം ഡിഐജി അംഗീകരിച്ചതോടോ ആറ് മാസത്തേക്ക് കണ്ണൂരിൽ പ്രവേശിക്കാൻ സാധിക്കില്ല; ഡിവൈഎഫ്ഐയോട് ഏറ്റുമുട്ടിയത് വിനയായി; പാർട്ടിയെന്ന വീടിനു മുകളിൽ വളർന്ന അർജുൻ ആയങ്കിയെ വെട്ടിമാറ്റിയത് സിപിഎം ഇടപെടൽ
കണ്ണൂർ: കരിപ്പൂർ സ്വർണകടത്ത് കേസിലെ പ്രതി അർജുൻ ആയ ങ്കിക്കെതിരെ കാപ്പ ചുമത്തും. കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ നൽകിയ റിപ്പോർട്ട് ഉത്തര മേഖല ഡി.ഐ.ജി രാഹുൽ ആർ നായർ അംഗീകരിച്ചതോടെയാണ് അർജുൻ ആയങ്കിക്കെതിരെ നടപടി ആയത്. അർജുൻ സ്ഥിരം കുറ്റവാളിയാണെന്ന് കാട്ടി കമ്മീഷണർ നൽകിയ ശുപാർശ ഡിഐജി അംഗീകരിക്കുകയായിരുന്നു. കാപ്പ ചുമത്തിയ സാഹചര്യത്തിൽ ഇനി ആറ് മാസത്തേക്ക് കണ്ണൂരിൽ പ്രവേശിക്കാൻ അർജുൻ ആയങ്കിക്ക് സാധിക്കില്ല. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജുൻ ആയങ്കി. ഇതെല്ലാം പരിഗണിച്ചാണ് അർജുനെ പൊലീസ് പൂട്ടിയത്.
ഡിവൈഎഫ്‌ഐ അഴിക്കോട് കപ്പക്കടവ് യൂണിറ്റ് സെക്രട്ടറി ആയിരുന്ന അർജുൻ ചാലാട് കേന്ദ്രീകരിച്ചായിരുന്നു അക്രമ പ്രവർത്തനങ്ങൾ നടത്തിയത്. സിപിഐം ലീഗ്, സിപിഐഎം ബിജെപി സംഘർഷങ്ങളിൽ പ്രതിസ്ഥനാനത്തുണ്ടായിരുന്ന ആയങ്കി ലഹരിക്കടത്ത് സംഘങ്ങളുമായി അടുത്തതോടെ ഡിവൈഎഫ്‌ഐ ഇയാളെ പുറത്താക്കി. പിന്നീടും നവ മാധ്യമങ്ങളിലെ അക്കൗണ്ടുകളിൽ സിപിഎം പ്രചാരണം സ്വന്തം നിലയ്ക്ക് നടത്തിയ അർജ്ജുൻ ഇതിനെ മറയാക്കി സ്വർണ്ണക്കടത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു.
കടത്തിക്കൊണ്ടുവരുന്ന സ്വർണം ക്യാരിയറെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തട്ടിയെടുക്കുകയാണ് അർജുനും സംഘവും ചെയ്തുവന്നത്. ഇതിനായി ടിപി വധക്കേസ് പ്രതികളായ കൊടിസുനിയുമായും ഷാഫിയുമായും ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുമായും ചേർന്നു. ഗൾഫിലും കേരളത്തിലുടനീളവും അർജുൻ ആയങ്കി നെറ്റ് വർക്ക് ഉണ്ടാക്കി. കരിപ്പൂരിൽ ഇങ്ങനെയൊരു ക്വട്ടേഷൻ കേസിൽ കഴിഞ്ഞ വർഷമാണ് അർജുൻ ആയങ്കി കസ്റ്റംസിന്റെ പിടിയിലായത്.
2021 ജൂൺ 28 അറസ്റ്റിലായ അർജുൻ ആയങ്കി ഇപ്പോൾ ജാമ്യത്തിൽ കഴിയുകയാണ്. ആയങ്കിക്കെതിരെയും ആകാശ് തില്ലങ്കേരിക്കെതിരെയും മെയ് മാസം ആദ്യം ഡിവൈഎഫ്‌ഐയും പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ കമ്മീഷണർ ശുപാർശ നൽകുന്നത്.
അർജുൻ ആയങ്കിയെയും ആകാശ് തില്ലങ്കേരിയെയും പി.ജയരാജൻ കരിപ്പൂർ സ്വർണക്കടത്ത് ക്വട്ടേഷൻ സംഭവത്തെ തുടർന്ന് തള്ളി പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാലത്ത് പാർട്ടിക്കായി എന്തിനും തയ്യാറായി നടന്നവർ ഇപ്പോൾ ഇച്ഛാഭംഗത്തോടെ ജയരാജൻ ഒഴികെയുള്ള നേതാക്കൾക്കെതിരെ ആരോപണങ്ങളുടെ വെടിയുതിർക്കുമോയെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം. എന്നാൽ സിപിഎം സൈബർ പോരാളികളായി അറിയപ്പെടുന്ന ഇവരും ഡിവൈഎഫ്ഐ നേതൃത്വവും തമ്മിലുള്ള പോരിൽ വിയർക്കുന്നത് പി.ജെയല്ല മറ്റു പല നേതാക്കളുമാണ്. പാർട്ടിക്ക് വേണ്ടി ഒരു കാലഘട്ടത്തിൽ കൊല്ലാനും ചാവാനും നടന്നവർ ഇപ്പോൾ എതിരാളികളായി മുൻപിൽ നിൽക്കുമ്പോൾ തള്ളണോ കൊള്ളണോ എന്നറിയാത്ത അവസ്ഥയിലാണ് ഔദ്യോഗിക നേതൃത്വം.
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കി പ്രതിയായതിനെ തുടർന്ന് സിപിഎം ജില്ലാ സെക്രട്ടറി കഴിഞ്ഞ വർഷം ആയങ്കിയെ തള്ളി പറയുകയും ഡിവൈഎഫ്ഐ സ്വർണക്കടത്ത് മാഫിയക്കെതിരെ പാർട്ടി പദയാത്രകൾ നടത്തുകയും ചെയ്തിരുന്നുവെങ്കിലും സിപിഎമ്മുമായുള്ള അടിവേര് ഇതുവരെ സൈബർ പോരാളികൾ മുറിച്ചു മാറ്റിയിരുന്നില്ല. എന്നാൽ ഡിവൈഎഫ്‌ഐ നേതാവിനെതിരെ തിരഞ്ഞതോടെ ആയങ്കിക്ക് പണിയായി എന്ന് തന്നെ പറയേണ്ടി വരും.
മറുനാടന് മലയാളി ബ്യൂറോ