- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ നിയമവ്യവസ്ഥയുടെ അപചയത്തിൽ തലകുനിക്കുന്നു; നിയമവാഴ്ച സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു സ്ഥാപനം തുറന്ന കണ്ണുകളോടെ നിയമവാഴ്ച ലംഘിക്കാൻ അനുവദിക്കുന്നു; കോൺഗ്രസ് മുക്ത ഭാരതം മാത്രമല്ല, പ്രതിപക്ഷ മുക്ത ഭാരതം കൂടിയാണ് ഇപ്പോഴത്തെ ഭരണപക്ഷം ആഗ്രഹിക്കുന്നത്; വിമർശനവുമായി കപിൽ സിബൽ
ന്യൂഡൽഹി: രാജ്യത്തെ നിയമവ്യവസ്ഥയിൽ സമീപകാലത്തുണ്ടായ അപചയത്തിൽ തല കുനിക്കുന്നുവെന്ന് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ. 'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്ക്കുന്നു' എന്ന ശക്തമായ വിമർശനവും അദ്ദേഹം ഉന്നയിച്ചു. യുകെയിൽ നിന്നും വാർത്താ ഏജൻസി പിടിഐയോടുമായി ഫോണിൽ സംസാരിക്കവെയാണ് സിബൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
ആൾട്ട്് ന്യൂസ് സ്ഥാപകൻ മുഹമ്മദ്സുബൈറിന്റെ അറസ്റ്റും ജാമ്യനിഷേധവും ചർച്ചയാകവെയാണ് മുതിർന്ന അഭിഭാഷകന്റെ പ്രതികരണം. കോൺഗ്രസ് മുക്ത ഭാരതം മാത്രമല്ല, പ്രതിപക്ഷ മുക്ത ഭാരതം കൂടിയാണ് ഇപ്പോഴത്തെ ഭരണപക്ഷം ആഗ്രഹിക്കുന്നതെന്നും സിബൽ പറഞ്ഞു. നിയമ വ്യവസ്ഥയെ സംരക്ഷിക്കേണ്ട കോടതികൾ തന്നെ നഗ്നമായ നിയമലംഘനങ്ങൾക്കെതിരെ നോക്കുകുത്തികളായി മാറുന്നു.
ഇത്തരം സാഹചര്യത്തിലാണ് തലകുനിക്കേണ്ടി വരുന്നതെന്ന് സിബൽ ചൂണ്ടിക്കാണിച്ചു. നാലുവർഷം മുൻപ് പോസ്റ്റ് ചെയ്ത പ്രത്യേകിച്ച് വർഗീയ ഉള്ളടക്കങ്ങളൊന്നും ഇല്ലാത്ത ട്വീറ്റിന്റെ പേരിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുബൈറിന് ജാമ്യം നിഷേധിച്ച ഡൽഹി കോടതി നടപടിയേയും സിബൽ നിശിതമായി വിമർശിച്ചു.
'ഞാൻ 50 വർഷമായി അംഗമായിട്ടുള്ള സ്ഥാപനത്തിലെ (ജുഡീഷ്യറി) ചില അംഗങ്ങൾ നിരാശപ്പെടുത്തുന്നുവെന്നും നിയമവാഴ്ച സംരക്ഷിക്കാൻ രൂപകൽപ്പന ചെയ്ത ഒരു സ്ഥാപനം തുറന്ന കണ്ണുകളോടെ നിയമവാഴ്ച ലംഘിക്കാൻ അനുവദിക്കുന്നു എന്നും സിബിൽ കുറ്റപ്പെടുത്തി.അന്വേഷണ ഏജൻസി വ്യക്തമായ തെളിവില്ലാതെയാണ് സുബൈറിനെ അറസ്റ്റുചെയ്തത്. തുടർന്ന് തെളിവുകൾക്കായി പരതുകയാണെന്നും സിബൽ കൂട്ടിച്ചേർത്തു.
തെളിവില്ലാതെ ആളുകളെ അറസ്റ്റുചെയ്യുക, പിന്നീട് തെളിവുകളുണ്ടാക്കുകയും കോടതിയിൽ ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ചുമത്തി കേസെടുക്കുകയും ചെയ്യുക എന്നതാണ് നിലവിൽ അന്വേഷണ ഏജൻസികളുടെ രീതിയെന്ന് സിബൽ വിമർശിച്ചു. നാല് വർഷം മുമ്പ് വർഗീയമല്ലാത്ത ഒരു ട്വീറ്റിന് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്യുന്നത് 'ചിന്തിക്കാൻ പോലും കഴിയില്ല' എന്നും മുതിർന്ന നേതാവ് കൂട്ടിച്ചേർത്തു.അതേസമയം ഗുജറാത്ത് കലാപം സംബന്ധിച്ച് സാക്കിയ ജഫ്രി നല്കിയ പരാതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെ 64 പേരെ വെറുതെ വിട്ട നടപടിയിൽ താൻ ജഫ്രിയുടെ വക്കീലാണെന്നും ഇതു സംബന്ധിച്ച് അഭിപ്രായം പറയുന്നത് ഉചിതമല്ലെന്നുമാണ് സിബൽ പ്രതികരിച്ചത്.
എന്നാൽ തങ്ങൾക്കുമുമ്പിൽ വാദിക്കാത്ത കാര്യങ്ങളിൽ കണ്ടെത്തലുകൾ നടത്തുന്നു, അപ്പീൽ നൽകാത്ത കാര്യങ്ങളിൽ കണ്ടെത്തലുകൾ നൽകുന്നു, നിയമവിരുദ്ധമായവ അവഗണിക്കുകയും എക്സിക്യൂട്ടീവ് നടപടികൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു, തുടങ്ങിയ ജഡ്ജിമാരിൽ ഈ അടുത്ത കാലത്തായി കണ്ടുവരുന്ന പ്രവണതകളാണ് എന്നും അദ്ദേഹം പറഞ്ഞു. ഒരു കേസും പ്രത്യേകമായി പരാമർശിക്കാതെയാണ് സിബലിന്റെ പ്രതികരണം.അന്തർദ്ദേശീയ തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വിപരീതമായി ബാധിക്കപ്പെടുന്നതിൽ സംശയമില്ലെന്നും കബിൽ സിബിൽ ചൂണ്ടിക്കാട്ടി. ടീസ്ത സെതൽവാദ്, ആർബി ശ്രീകുമാർ എന്നിവരുടെ അറസ്റ്റിനെ യുഎൻ മനുഷ്യാവകാശ ഓഫീസ് അപലപിച്ചതിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടാണ് കപിൽ സിബലിന്റെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ