- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യമായി നൽകിയത് അമ്മയുടെ പേരിലുള്ള മൂന്ന് സെന്റ്; ജപ്തി ചെയ്തത് മകളുടെ ആറു സെന്റും വീടും അടക്കമുള്ള പുരയിടം; തിരുവനന്തപുരം കോ ഓപറേറ്റീവ് അർബൻ ബാങ്കിനെതിരെ ഉയരുന്നത് ഗുരുതര ആരോപണം; കയറിക്കിടക്കാൻ ഇടമില്ലാതെ കരമനയിലെ വൃദ്ധമാതാവ്
തിരുവനന്തപുരം : തിരുവനന്തപുരം കോ ഓപറേറ്റീവ് അർബൻ ബാങ്കിനെതിരെ ഗുരുതര പരാതിയുമായി 67 വയസ്സുള്ള വൃദ്ധമാതാവും മകളും. ലോൺ എടുക്കുന്നതിന് ജാമ്യം നൽകിയ മൂന്ന് സെന്റ് ഭൂമിയും വീടും ഉൾപ്പെടുന്ന വസ്തുവിന് പകരം വൃദ്ധ താമസിച്ചിരുന്ന വീടും ആറ് സെന്റ് ഭൂമിയും കോ ഓപറേറ്റീവ് ബാങ്ക് ജപ്തി ചെയ്തുവെന്നാണ് പരാതി. വസ്തുവും വീടും ജപ്തി ചെയ്യപ്പെട്ട് ഇപ്പോൾ കയറിക്കിടക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണെന്ന് വൃദ്ധ നേമം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം കരമന ഇടഗ്രാമത്തിൽ പരേതനായ വിജയന്റെ ഭാര്യ 67 വയസ്സുള്ള ചന്ദ്രിക, ഇവരുടെ മകൾ കവിത എന്നിവരാണ് പരാതിപ്പെട്ടിരിക്കുന്നത്. 2016 ലാണ് തിരുവനന്തപുരം കോ ഓപറേറ്റീവ് അർബൻ ബാങ്ക് ലിമിറ്റഡിൽ നിന്നും 17,40,000 രൂപയുടെ ലോൺ എടുത്തത്. തുടർന്ന് ഒമ്പത് ലക്ഷത്തോളം രൂപ പലതവണകളായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, കോവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിയിൽ ലോൺ തിരിച്ചടവിന് മുടക്കം സംഭവിക്കുകയും ഇതിനെതിരെ ബാങ്ക് നടപടികൾ സ്വീകരിക്കുകയുമായിരുന്നു. എന്നാൽ ജാമ്യം നൽകിയ മൂന്ന് സെന്റ് ഭൂമിക്കും വീടിനും പകരും അതിനോട് ചേർന്നുള്ള മകളുടെ ആറ് സെന്റ് വസ്തുവും വീടുമാണ് ബാങ്ക് ജപ്തി ചെയ്തതെന്ന് പരാതിക്കാർ പറയുന്നു.
ലോൺ തിരിച്ചടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ട് സഹകരണവകുപ്പ് മന്ത്രിക്ക് അപേക്ഷ നൽകുകയും ഇത് പരിഗണിച്ച് ലോൺ തിരിച്ചടവിന് സാവകാശം നൽകണമെന്ന് നിർദ്ദേശിച്ചിട്ടുള്ളതുമാണ്. ഇക്കാര്യം ബാങ്ക് അധികൃതരെ കോ ഓപറേറ്റീവ് രജിസ്ട്രാർ അംഗീകരിച്ച് അറിയിച്ചിട്ടുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ഈ നിർദ്ദേശങ്ങളൊക്കെയും മറികടന്നാണ് ഉടനടി ജപ്തി നടപടികളുമായി ബാങ്ക് അധികൃതർ മുന്നോട്ടുപോയതെന്ന് പരാതിക്കാർ പറയുന്നു.
ജപ്തിക്ക് മുമ്പായി നിയമപ്രകാരമുള്ള കാര്യങ്ങളൊന്നും ചെയ്യാതെയാണ് വൃദ്ധയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടതെന്നും ഇവർ ആരോപിക്കുന്നു. ദൈനംദിന ആവശ്യങ്ങൾക്കുള്ള മരുന്നോ, വസ്ത്രങ്ങളോ, ആഹാര സാധനങ്ങളോ, മറ്റ് പ്രമാണങ്ങളോ എടുക്കാൻ പോലും ഇവരെ അനുവദിച്ചില്ല. ജപ്തി ചെയ്യപ്പെട്ട വീട്ടിൽ വൃദ്ധമാതാവ് ഒറ്റയ്ക്കാണ് താമസം. മകൾ ജോലിസംബന്ധമായി ബാംഗ്ലൂരിലാണുള്ളത്. ജാമ്യവസ്തുവല്ലാത്ത ഭൂമി കൈവശപ്പെടുത്തി ബാങ്ക് അധികൃതർ കൂടുതൽ തുകയ്ക്ക് വിൽക്കാനുള്ള ശ്രമമാണെന്ന് പരാതിക്കാർ ആരോപിക്കുന്നു.
അതേസമയം, ജപ്തിനടപടികൾ നിയമപ്രകാരം കോടതി നിർദ്ദേശം അംഗീകരിച്ചാണ് ചെയ്തിരിക്കുന്നതെന്നും ഇവർ ഉന്നയിച്ചിരിക്കുന്ന പരാതികൾ അടിസ്ഥാനരഹിതമാണെന്നും ബാങ്ക് അധികൃതർ മറുനാടൻ മലയാളിയോട് പറഞ്ഞു.