തിരുവനന്തപുരം: കരമന - കളിയിക്കവിള ദേശീയപാത പദ്ധതിയിലെ ആദ്യഘട്ടമായ 5.5 കിലോമീറ്റർ പ്രാവച്ചമ്പലം-കരമന നാലുവരി പാത ഇന്നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ആദ്യഘട്ടത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ വൻ ഗതാഗതക്കുരുക്കിൽ നിന്നാണ് നഗരം മോക്ഷം നേടുന്നത്.

ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവസമയത്ത് മുൻ വർഷങ്ങളെ അപേക്ഷിച്ച് വൻ കുറവാണ് ഗതാഗതക്കുരുക്കിന്റെ കാര്യത്തിൽ ഉണ്ടായതെന്നത് ഇതിന് തെളിവാണ്. നേരത്തേ ഈ ദൂരം പിന്നിടുവാൻ ഒരു മണിക്കൂറോളം വേണ്ടിയിരുന്നെങ്കിൽ ഇപ്പോൾ വേണ്ടത് മിനിട്ടുകൾ മാത്രം. 75 കോടി രൂപ കണക്കാക്കിയിരുന്ന പദ്ധതിച്ചെലവ് ഇപ്പോൾ 100 കോടി കവിഞ്ഞു എന്നാണ് നിർമ്മാണച്ചുമതല വഹിച്ച കമ്പനിവൃത്തങ്ങൾ പറയുന്നത്. ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് ഉപറോഡുകളുടേയും മറ്റും അറ്റകുറ്റ പണികൾ നടത്തിയതുമാണ് ചെലവ് വർദ്ധിക്കാൻ കാരണം.

ഇന്ത്യൻ റോഡ് കോൺഗ്രസ് അനുശാസിക്കുന്ന നിലവാരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. 80 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കത്തക്ക രീതിയിൽ നിർമ്മിച്ചിരിക്കുന്ന റോഡിൽ 100 - 120 കിലോമീറ്റർ വേഗതയിൽ പോലും അപകടമില്ലാതെ വാഹനമോടിക്കാനാവും. റോഡിനു നടുവിലായി 5 മീറ്റർ വീതിയിലാണ് ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നത്. നിർദ്ദിഷ്ട തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതി കടന്നുപോകുന്ന വഴിയായതിനാൽ ഭാവിയിൽ ഈ മേഖലയിൽ മെട്രോ പണി നടക്കുമ്പോൾ പോലും ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാൻ ഈ ഡിവൈഡറുകൾ സഹായകമാകും. 2014 നവംബറിൽ ആരംഭിച്ച നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാകുമായിരുന്നുവെന്നും എന്നാൽ കേരള വാട്ടർ അഥോറിറ്റിപോലുള്ള ചില വകുപ്പുകളുടെ നിസഹകരണമാണ് പദ്ധതി വൈകാൻ കാരണമെന്നും കമ്പനി കുറ്റപ്പെടുത്തി. കെഎസ്ഇബി പോസ്റ്റും വൈദ്യുതി ലൈൻ അറ്റകുറ്റപ്പണി നടത്തുന്നതിലും ആദ്യഘട്ടത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിച്ചിരുന്നുവെങ്കിലും പിന്നീട് പൂർണ്ണമായി സഹകരിച്ചുവെന്നും മുന്നണി ഭേദമില്ലാതെ രാഷ്ട്രീയ പാർട്ടികൾ സഹകരിച്ചുവെന്നും കമ്പനി പറഞ്ഞു.

നേമം ജംഗ്ഷനിൽ സ്‌ക്കൂളിനു മുന്നിലായി അന്തർദേശീയ നിലവാരത്തിൽ വിദ്യാർത്ഥികൾക്കായി ഒരു സബ്‌വേയും പണി കഴിപ്പിച്ചിട്ടുണ്ട്. ഈ സബ്‌വേയ്ക്ക് അബ്ദുൾ കലാമിന്റെ പേരു നൽകണമെന്ന് സ്‌ക്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി റോഡിനോട് ചേർന്ന് വരുന്ന സ്‌ക്കൂൾ കെട്ടിടത്തിന്റെ ഭിത്തിയിൽ കലാമിന്റെ കൂറ്റൻ ചിത്രവും വരച്ചിട്ടുണ്ട്. എന്തായാലും വർഷങ്ങളായുള്ള തങ്ങളുടെ ആവശ്യം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് തലസ്ഥാന നഗരവാസികൾ. ഒപ്പം തന്നെ പദ്ധതിയുടെ പൂർണ്ണരൂപം യാഥാർത്ഥ്യമാകുന്നതോടെ വികസനത്തിന്റെ പുത്തൻ പാതയായി മാറുമെന്നും നഗരവാസികൾ പ്രതീക്ഷിക്കുന്നു.

കൊച്ചിയിൽ നിന്നു തിരുവനന്തപുരത്തേക്ക് അഞ്ചര മണിക്കൂർ കാറോടിച്ചു വരുന്ന ഒരാൾ തിരുവനന്തപുരത്തു നിന്നും വെറും 32 കിലോമീറ്റർ അകലേ കളിയിക്കാവിള വരെ എത്താൻ രണ്ടര മണിക്കൂർ വരെ റോഡിൽ കുരുങ്ങിക്കിടക്കുന്ന ഒരു കാലത്തിൽ നിന്നാണ് ഇപ്പോൾ ഈ മാറ്റം. അത്യാസന്ന നിലയിൽ ആംബുലൻസുകളിൽ മെഡിക്കൽ കേളേജിലേക്ക് വരുന്ന രോഗികൾ പോലും കുരുക്കിൽ പെട്ട് ജീവൻ വെടിഞ്ഞ കാലത്തിനു വിട നൽകിയാണു കരമന കളിയിക്കാവിള പാത യാഥാർഥ്യമാവുന്നത്.

വർഷങ്ങളായി സ്വപ്‌ന പാത യാഥാർഥ്യമാകുവാൻ ശക്തമായി നില കൊണ്ട് അതിനു വേണ്ടി പ്രയത്‌നിക്കുകയും നീണ്ട ഒൻപത് വർഷം തളരാതെ അതുമായി ബന്ധപ്പെട്ട ഫയലുകൾപിന്നാലെ പാഞ്ഞു നടന്ന് ഒടുവിൽ നാടിന് ഉപകാരപ്രദമാവുന്ന രീതിയിൽ പാത പൂർത്തീകരിക്കുന്നതിനു സഹായിക്കുക കൂടി ചെയ്തത് നാട്ടുകാരുടെ കൂട്ടായ്മയാണ്. ഗാന്ധിയൻ പി ഗോപിനാഥൻ നായർ അധ്യക്ഷനായ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലാണു പദ്ധതി വിജയം നേടിയെടുത്തത്.

2007ൽ നേമത്തെയും നെയ്യാറ്റിൻകരയിലേയും റസിഡൻസ് അസോസിയേഷനുകളായ ഫ്രാൻസു ഫ്രാനും മുൻകൈ എടുത്താണു റോഡ് വീതി കൂട്ടലിനായി ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. പാപ്പനംകോട് മുതൽ പാറശ്ശാല വരെ 6 മേഖലകളായി തിരിച്ചായിരുന്നു കൗൺസിലിന്റെ പ്രവർത്തനം. ഒരിക്കലും നടക്കാത്ത സ്വപ്‌നം എന്നായിരുന്നു അധികൃതരും രാഷ്ട്രീയക്കാരുമൊക്കെ പറഞ്ഞത്. തുടർന്നു പാറശ്ശാലയിൽ നിന്ന് തിരുവനന്തപുരം വരെ 15 ആംബുലൻസുകൾ ഓടിച്ച് ആക്ഷൻ കൗൺസിൽ നടത്തിയ വേറിട്ട സമരവും ശ്രദ്ധേയമായി. ഇതിന്റെ പേരിൽ 2 വർഷം ഭാരവാഹികൾക്ക് കോടതി കയറിയിറങ്ങേണ്ടി വന്നു. 2009ൽ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തിയ സമരം സർക്കാരിന്റെ കണ്ണു തുറപ്പിച്ചു. 45 മീറ്റർ ഏറ്റെടുക്കണമെന്നായിരുന്നു ആവശ്യമെങ്കിലും 30 മീറ്റർ ആയി ചുരുക്കിയാൽ കാര്യം നടക്കുമെന്നായി സർക്കാർ.

പരിസഥിതിവാദികളും വികസന വിരോധികളും പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ടോൾ നൽകണമെന്ന കാര്യവുമൊക്കെ പറഞ്ഞ് പലരും എതിർത്തെങ്കിലും പാത 30 മീറ്ററായി നിജപ്പെടുത്തി 2011 നവംബറിൽ കാലാവധി പൂർത്തിയാക്കാനിരിക്കേ വി എസ് അച്യുതാനന്ദൻ പാതയ്ക്ക് തറക്കലിടുകയും ചെയ്തു.

ഒടുവിൽ പ്രതിസന്ധികൾ തരണം ചെയ്ത് നിർമ്മാണം പൂർത്തിയാക്കി ജില്ലയിലെ ഏറ്റവും മികച്ച റോഡുകളിലൊന്നായി കരമന പ്രാവച്ചമ്പലം പാത മാറി. സ്ഥലമേറ്റെടുക്കലിലും നിർമ്മാണം മുന്നോട്ട് കൊണ്ട് പോവുന്നതിലും മുഖ്യമന്ത്രിയും കലക്ടർ ബിജു പ്രഭാകറും കാണിച്ച ഉത്സാഹം പദ്ധതിയെ യാഥാർഥ്യത്തിലേക്ക് എത്തിക്കുകയായിരുന്നു. രണ്ടാംഘട്ടമായ പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെയും വഴിമുക്ക് മുതൽ കളിയിക്കാവിള വരെയുമുള്ള പാതയാണു തുറക്കുന്നത്.