- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50,000 രൂപ നൽകി ഒപ്പിട്ടു വാങ്ങിയത് 50 ലക്ഷത്തിന്റെ രേഖകൾ; പാവം സിഐടിയുക്കാരെ ചതിച്ചത് സഖാക്കൾ; ഈടു വച്ച ഭൂമി ബാങ്ക് അറിയാതെ വിറ്റു; വാങ്ങിയ ആളും അതേ ഭൂമിയിൽ നേടിയത് 3 കോടിയുടെ വായ്പ; സഹകരണ കേരളത്തിന്റെ കാണാപ്പുറങ്ങൾ ഇങ്ങനെ
തൃശൂർ: സിപിഎം നേതാക്കളുടെ മൗനസമ്മതത്തോടെ പാർട്ടി അംഗങ്ങളുടെ പേരിൽ അവരറിയാതെ കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നു കോടികൾ കടമെടുത്തു എന്ന കണ്ടെത്തൽ തളർത്തുന്നത് സഹകരണ പ്രസ്ഥാനങ്ങളെ. സിഐടിയു അംഗങ്ങളായ തൊഴിലാളികൾ അടക്കമുള്ള പലരും ഇപ്പോൾ കടക്കെണിയിലാണ് എന്നാണ് സൂചന. ഇടതുപക്ഷം ഭരിക്കുന്ന ഇരിങ്ങാലക്കുട കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ നിക്ഷേപത്തട്ടിപ്പുകളുടെ വ്യാപ്തി 300 കോടി രൂപയ്ക്കു മുകളിലെന്നു നിഗമനം. എന്നാൽ വായ്പ എടുത്തത് സിഐടിയുകാരുടെ അറിവോടെയാണെന്നും സൂചനകളുണ്ട്. അതുകൊണ്ട് പൊലീസ് അന്വേഷണത്തിൽ ഇവരുടെ ഇടപാടുകളും പരിശോധിക്കപ്പെടും.
50,000 രൂപ വീതം തൊഴിലാളികളുടെ അക്കൗണ്ടിലേക്കു നൽകിയ ശേഷമാണ് രേഖകളിൽ ഒപ്പുവാങ്ങി 50 ലക്ഷം വീതം അവരറിയാതെ വായ്പയെടുത്തത്. ഇതിൽ 6 പേർ സിഐടിയുക്കാരായ ചുമട്ടുതൊഴിലാളികളും ഓട്ടോക്കാരുമാണ്. ഇവരിൽ ഒരാളാണ് പരാതിക്കാരൻ. സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലെ നേതാക്കളാണ് എല്ലാം നിയന്ത്രിച്ചിരുന്നത്. പരാതി കിട്ടിയിട്ടും പ്രാദേശിക നേതൃത്വം വിഷയം ചർച്ച ചെയ്തില്ല. പിന്നീട് വിവരമറിഞ്ഞ ജില്ലാ നേതൃത്വം പ്രശ്നം അവിടെ തീർക്കാൻ നിർദ്ദേശിച്ചു. പാർട്ടിക്കു വിവരം കിട്ടിയ ശേഷവും 100 കോടിയിലേറെ രൂപ വായ്പയെടുത്തുവെന്നതാണ് വസ്തുത.
അന്വേഷണം അട്ടിമറിക്കാനും സിപിഎം ഇടപെടലുണ്ടായി. ഓഡിറ്റിനു പാർട്ടി സഖാക്കളെ മാത്രം നിയോഗിച്ചു. തട്ടിപ്പു കണ്ടെത്താൻ ഉത്തരവാദിത്തപ്പെട്ട സഹകരണ രജിസ്റ്റ്രാർ ഓഫിസുകളിലെ പ്രധാന കസേരകളിലും പാർട്ടിക്കാർ തന്നെ എത്തി. ഇതോടെ ഒരേ പേരിൽ തുടർച്ചയായി വായ്പകൾ കൊടുത്തതും വലിയ സംഖ്യ മതിയായ ഈടില്ലാതെ നൽകിയതും ആരും പിടിച്ചില്ല. നിക്ഷേപ വായ്പ അനുപാതം തെറ്റിയതും റിസർവ് മണി ഇല്ലാതായതും ആരും കണ്ടെത്തിയില്ല.
23 ലക്ഷം രൂപ കടത്തിലായി ജപ്തി ചെയ്യപ്പെട്ട ഭൂമിയുടെ ആധാരത്തിന്റെ പകർപ്പുകളുപയോഗിച്ചു വരെ വായ്പ എടുത്തു. ജപ്തി ചെയ്യപ്പെട്ട ഭൂമിയുടെ മുൻ ഉടമയുടെ പേരിൽ കെഎസ്എഫ്ഇയിൽ 2 കുറികളിലായി 23 ലക്ഷം രൂപ കടം വന്നിരുന്നു. ചാലക്കുടി താലൂക്ക് അധികൃതർ ഭൂമി ജപ്തി ചെയ്ത് ഏതാനും മാസങ്ങൾക്കു ശേഷമാണ് ഇതേ ഭൂമി ഈടുവച്ചു സഹകരണ ബാങ്ക് വായ്പ അനുവദിച്ചത്.
50 ലക്ഷം വീതമുള്ള 5 വായ്പകൾക്ക് ഈടായി വച്ച ഭൂമിയും ബാങ്ക് 'അറിയാതെ' വിറ്റു. കൊറ്റനെല്ലൂർ, ഇരിങ്ങാലക്കുട, ഗുരുവായൂർ സ്വദേശികളായ 5 പേരാണ് ഭൂമിയുടെ ആധാരം പണയം വച്ച് 50 ലക്ഷം രൂപ വീതം വായ്പയെടുത്തത്. ഇവരാരും ഒരു രൂപ പോലും തിരിച്ചടച്ചില്ല. ഇതിനൊപ്പം ഈടുവച്ച ഭൂരേഖകൾ ഉപയോഗിച്ചു സ്ഥലം വിൽപന നടത്തി. ഇതിലൊരാളുടെ ഭൂമി വിലയ്ക്കു വാങ്ങിയയാൾ പുതിയ ആധാരം ഉപയോഗിച്ച് ഇതേ ബാങ്കിൽ നിന്നു തന്നെ 3 കോടിയുടെ രൂപ വായ്പയും എടുത്തു.
മറുനാടന് മലയാളി ബ്യൂറോ