കോഴിക്കോട്; മൂന്ന് വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കാൻ വീണ്ടും തടസ്സങ്ങൾ. റൺവെ വികസനത്തിന് സർക്കാർ കൂടുതൽ സ്ഥലം അനുവദിച്ചില്ലെങ്കിൽ വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്തുന്നതിന് ബുദ്ധിമുട്ടുണ്ടാകുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനു പുറമെ കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് സർവ്വീസ് തുടങ്ങാൻ കൂടുതൽ ഉപാധികൾ വെച്ചതായാണ് വിവരം.

ജനപ്രതിനിധികൾ ഉടൻ വലിയ വിമാനങ്ങളുടെ സർവ്വീസ് തുടങ്ങുമെന്ന് ഇടക്കിടക്ക് ഉറപ്പ് പറയുന്നുണ്ടെങ്കിലും എപ്പോൾ തുടങ്ങുമെന്നതിന് ഔദ്യോഗികമായൊരു വിശദീകരണം എവിടെ നിന്നും ലഭിച്ചിട്ടില്ല. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു കേരളത്തിൽ നിന്നുള്ള ലോക്സഭയിലെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി പ്രൊഫ. റിച്ചാർഡ് ഹേയ്ക്ക് നൽകിയ കത്തിലാണ് സംസ്ഥാന സർക്കാർ കൂടുതൽ സ്ഥലം അനുവദിച്ച് നൽകാത്തത് വലിയ വിമാനങ്ങളുടെ സർവ്വീസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടാകുമെന്ന സൂചന നൽകിയത്. വിമാനത്താവളത്തിന്റെ വികസനം നടന്നെങ്കിൽ മാത്രമേ കൂടുതൽ വലിയ വിമാനങ്ങളുടെ സർവ്വീസ് തുടങ്ങാനാകൂ എന്നാണ് കത്തിൽ പറയുന്നത്.

റൺവെ വികസനത്തിനും പുതിയെ ടെർമിനൽ കോംപ്ലക്സിനുമായി 137 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടതുള്ളത്. ഇത് സംസ്ഥാന സർക്കാറാണ് ഏറ്റെടുത്ത് നൽകേണ്ടത്. ഇത് ലഭ്യാമാകാതെ കൂടുതൽ വികസനം സാധ്യമല്ല. റൺവെ വികസനം നടക്കാതെ പുതിയ വലിയ വിമാനങ്ങളുടെ സർവ്വീസ് തുടങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാകും. ഇത് സംസ്ഥാന സർക്കാറിനെ അറിയിച്ചിട്ടുണ്ട്. മറുപടിക്കായി കാത്തുനിൽക്കുകയാണ്. നിലവിൽ സൗദി എയർലൈൻസിന്റെ എ 330-300,ബി 777-200ഇആർ തുടങ്ങിയ വിമാനങ്ങൾക്ക് കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് സർവ്വീസ് നടത്താൻ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ട്. എയർ ഇന്ത്യയോട് വലിയ സർവ്വീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഈ മാസം നാലിന് റിച്ചാർഡ് ഹേക്ക് നൽകിയ കത്തിൽ പറയുന്നു.

ഇതുകൂടാതെ പുതിയ വലിയ വിമാനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുന്നതിന് സൗദി എയർലൈൻസും പുതിയ ഉപാധികൾ മുന്നോട്ട് വെച്ചതായാണ് വിവരം. നേരത്തെ സുരക്ഷാ പരിശോധന പൂർത്തിയാക്കി സർവ്വീസ് നടത്താൻ സന്നദ്ധത അറിയിച്ച സൗദി എയർലൈൻസ് ഇപ്പോൾ പുതിയ ഉപാധികളുമായി വന്നതോടെയാണ് വീണ്ടും പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. കരിപ്പൂരിനൊപ്പം തിരുവനന്തപുരത്തു നിന്നും സ്ഥിരം സർവ്വീസ് തുടങ്ങാനുള്ള അനുമതി നൽകണമെന്നാണ് സൗദി എയർലൈൻസിന്റെ പുതിയ ആവശ്യം. നേരത്തെ എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയും ഡിജിസിഎയും സംയുക്ത പരിശോധന നടത്തി റൺവെയിൽ സുരക്ഷാപ്രശ്നങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വ്യോമയാന കമ്പനികളെ സുരക്ഷാപരിശോധന നടത്താൻ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇപ്പോൾ കേന്ദ്ര വ്യോമയാന മന്ത്രാലയം കൂടുതൽ സ്ഥലം ആവശ്യപ്പെട്ട് കൊണ്ട് രംഗത്ത് വന്നിരിക്കുന്നതും, സൗദി എയർലൈൻസ് പുതിയ ഉപാധികൾ മുന്നോട്ട് വെച്ചതും. ഇതോടെ കരിപ്പൂരിൽ നിന്നുള്ള വലിയ വിമാനങ്ങളുടെ സർവ്വീസ് ആരംഭിക്കുന്നതിന് ഇനിയും സമയമെടുക്കും.