കരിപ്പൂർ: ഇന്നലെ കരിപ്പൂർ വിമാനത്താവളത്തിൽ നടന്നതെല്ലാം അസ്വാഭാവിക സംഭവങ്ങൾ. കസ്റ്റംസിനെ എല്ലാ അർത്ഥത്തിലും വയനാടുകാരൻ കുഴക്കി. സ്വർണക്കടത്തുകാരനാണെന്ന് കുറ്റസമ്മതം നടത്തി കസ്റ്റംസിനുമുന്നിൽ യുവാവിന്റെ നാടകം മണിക്കൂറുകൾ നീണ്ടു. പക്ഷേ യുവാവിൽ നിന്ന് ഒന്നും കിട്ടിയില്ല. മറ്റാർക്കോ വേണ്ടി ശ്രദ്ധ തിരിക്കാനുള്ള തന്ത്രമായിരുന്നു ഇയാളുടേതെന്നാണ് സംശയം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് നീങ്ങിയത്. എന്നാൽ കാര്യമായതൊന്നും സംഭവിച്ചില്ല. ഇതിനൊപ്പം ചതി നടക്കാനും സാധ്യതയുണ്ടെന്ന് കസ്റ്റംസ് തിരിച്ചറിയുന്നു.

യാത്രക്കാരൻ സ്വർണം കടത്തുന്നുവെന്ന വിവരത്തെത്തുടർന്ന് കസ്റ്റംസ് പൊക്കിയ 'കാപ്‌സ്യൂൾ' പരിശോധിച്ചപ്പോൾ സ്വർണമില്ല. വയനാട് സ്വദേശിയായ യാത്രക്കാരനെ നോട്ടിസ് നൽകി വിട്ടയച്ചെങ്കിലും കോഴിക്കോട് വിമാനത്താവളത്തിൽ നടന്ന നാടകീയ രംഗങ്ങളുടെ പിന്നിലെ വസ്തുത കസ്റ്റംസ് അന്വേഷിക്കും. ഇന്നലെ കരിപ്പൂരിൽ കണ്ടെടുത്തതാകട്ടെ കേസെടുക്കാൻ വകുപ്പില്ലാത്തത്ര ചെറിയ തൂക്കം സ്വർണവും. വയനാട് എല്ലാമാനം പാണ്ടിക്കടവ് പുല്ലമ്പി ഇജാസുൽ ഹഖ് (32)കരിപ്പൂർ കസ്റ്റംസിന്റെ പിടിയിലായെങ്കിലും എന്തിനായിരുന്നു ഈ നാടകമെന്നാലോചിച്ച് തലപുകയ്ക്കുകയാണ് അധികൃതർ.

ഞായറാഴ്ച രാവിലെ 6.40-നാണ് സംഭവം. ഷാർജയിൽനിന്നെത്തുന്ന വിമാനത്തിൽ മാനന്തവാടി സ്വദേശി സ്വർണം കടത്തുന്നുണ്ടെന്ന് കരിപ്പൂർ പൊലീസ് കസ്റ്റംസ് വിഭാഗത്തെ അറിയിച്ചു. പരിശോധന ശക്തമാക്കിയ കസ്റ്റംസ് നിർഗമന കവാടത്തിനരികെ പുറത്തിറങ്ങാനെന്ന ഭാവത്തിൽ നിന്ന ഇജാസുലിനെ കണ്ടെത്തി. കസ്റ്റംസിനെ കണ്ടെയുടനെ താൻ കാരിയറാണെന്നും സ്വർണം കൈയിലുണ്ടെന്നും കുറ്റസമ്മതം നടത്തി. പരിശോധിച്ചപ്പോൾ ശരീരത്തിൽ ഒളിപ്പിച്ച നാല് ഗുളിക കണ്ടെത്തി. എന്നാൽ ഇവയ്ക്കാകെ 160 ഗ്രാം തൂക്കമാണുണ്ടായിരുന്നത്. ചിലതിൽ സ്വർണവുമുണ്ടായിരുന്നില്ല. ഇതു കസ്റ്റംസിൽ സംശയം ജനിപ്പിച്ചു. വിശദമായി ചോദ്യംചെയ്തു. യുവാവ് കുറ്റസമ്മതവും നടത്തി.

ഗൾഫിൽ ഒരു സംഘത്തിന്റെ ഭീഷണിക്കു വഴങ്ങി താൻ സ്വർണം കടത്തുകയായിരുന്നുവെന്ന് ഇയാൾ മൊഴി നൽകി. തന്നെ തട്ടിക്കൊണ്ടുപോയി സ്വർണക്കടത്തിന് നിർബന്ധിച്ചെന്നും എതിർത്തപ്പോൾ മർദിക്കുകയും ഫോൺ പിടിച്ചുവെക്കുകയും ചെയ്‌തെന്നും ഇയാൾ പറഞ്ഞു. 50,000 രൂപ നൽകാമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനമെന്നും ഇയാൾ പറഞ്ഞു. ഇത് കള്ളക്കഥയാണെന്ന് കസ്റ്റസിന് ബോധ്യമായി. രക്ഷപ്പെടാൻ എല്ലാ സാധ്യതയുമുണ്ടായിട്ടും ഇയാൾ മനഃപൂർവം പിടികൊടുക്കുകയായിരുന്നു. കടത്തിയ ഗുളികകളിൽ മയക്കുമരുന്നുണ്ടോയെന്നും സംശയമുണ്ട്. മിശ്രിതം വിശദപരിശോധനയ്ക്കായി നാർക്കോട്ടിക്ക് ലാബിലേക്കയച്ചു.

കരിപ്പൂർ കസ്റ്റംസ് വിഭാഗത്തിന്റെ കാര്യക്ഷമതയും സാങ്കേതികതയും വിലയിരുത്താൻ കടത്തുസംഘം നടത്തിയ പരീക്ഷണവുമാവാം ഇതെന്ന് കേ്ന്ദ്ര ഏജൻസി സംശയിക്കുന്നു. വിദേശത്തുള്ള കടത്തുസംഘത്തിൽനിന്ന് കൂടുതൽ അളവിൽ സ്വർണം വാങ്ങുകയും കുറഞ്ഞ അളവിൽ കസ്റ്റംസ് പിടിച്ചാൽ സ്വർണം മുഴുവൻ പിടിച്ചെന്നുവരുത്തി ശേഷിക്കുന്നവ സ്വന്തമാക്കാനുള്ള ശ്രമമാകാം. ഒരുമാസത്തിനിടെ രണ്ടുതവണ ഗൾഫിൽപോയതും സംശയം ബലപ്പെടുത്തുന്നു. മറ്റൊരു കള്ളക്കടത്തുകാരനെ രക്ഷിക്കാനായിരുന്നോ ഇതെന്നും സംശയമുണ്ട്. ഉദ്യോഗസ്ഥരുടെ ശ്രദ്ധ മുഴുവൻ ഇയാളിലേക്കു തിരിഞ്ഞപ്പോൾ. കൂടുതൽ സ്വർണമായെത്തിയ മറ്റൊരാൾ രക്ഷപ്പെട്ടോ എന്ന സംശയവും കസ്റ്റംസിനുണ്ട്.

ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന നോട്ടിസ് നൽകി യാത്രക്കാരനെ വിട്ടയച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥർ സംഭവത്തിലെ പിന്നാമ്പുറ കഥ തേടുകയാണ്. വിമാനമിറങ്ങി 25 മിനിറ്റ് കഴിഞ്ഞാണു വിവരം ലഭിക്കുന്നത്. ഈ സമയത്തിനകം സ്വർണം യാത്രക്കാരൻ മാറ്റാൻ സാധ്യതയുണ്ടോ എന്നതും കാപ്‌സ്യൂളിനുള്ളിൽ ലഹരിപോലുള്ള വസ്തുക്കൾ ഒളിപ്പിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷണ പരിധിയിലുണ്ട്.