- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തിന്റെ റൺവേ വെട്ടിക്കുറക്കില്ല; റൺവേ നീളം കുറച്ച് റെസ വർധിപ്പിക്കാനുള്ള നടപടി റദ്ദാക്കി; തീരുമാനം, വ്യാപക പ്രതിഷേധം ഉയർന്നതോടെ; വലിയ വിമാനങ്ങളുടെ സർവിസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ റൺവേ വെട്ടിക്കുറക്കില്ല. നീളം കുറച്ച് റൺവേ എൻഡ് സേഫ്റ്റി ഏരിയ അഥവാ -റെസ വർധിപ്പിക്കാനുള്ള നടപടി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കി. ഇതുസംബന്ധിച്ചുള്ള നിർദ്ദേശം വിമാനത്താവള അഥോറിറ്റി ആസ്ഥാനത്തുനിന്ന് കരിപ്പൂരിൽ ലഭിച്ചു. റൺവെ വെട്ടിച്ചുരുക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
റൺവേ 2860 മീറ്റർ ഉള്ളത് 2540 മീറ്റർ ആയി ചുരുക്കി രണ്ടു വശത്തും റെസ 240 മീറ്ററായി വർധിപ്പിക്കാൻ വേണ്ടിയായിരുന്നു നടപടി. ഇതിനോടൊപ്പമുള്ള അനുബന്ധ പ്രവൃത്തികളും താൽക്കാലികമായി നിർത്തിവെക്കാനാണ് നിർദ്ദേശം ലഭിച്ചിരിക്കുന്നത്.
സുരക്ഷ കൂട്ടാനെന്ന പേരിലായിരുന്നു റിസയുടെ നീളം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇത് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നതിന് തിരിച്ചടിയാകുമോ എന്ന ആശങ്കയുണ്ടായിരുന്നു.
എന്നാൽ റൺവെ വെട്ടിക്കുറക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എം.കെ.രാഘവൻ എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മലബാർ മേഖലയിലെ പ്രവാസികൾക്കാണ് ഇതിന്റെ ഗുണം കൂടുതൽ കിട്ടുന്നത്. നേരത്തെ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് കേരളത്തിലെ മുഴുവൻ എംപിമാരും ഒപ്പിട്ട നിവേദനം സമർപ്പിച്ചിരുന്നു. പിന്നീട് വ്യോമയാന മന്ത്രിയുമായി നടത്തിയ ചർച്ചയിൽ നീളം കുറക്കുന്ന നടപടി ഉണ്ടാവില്ലെന്ന് മന്ത്രി ഉറപ്പു നൽകുകയായിരുന്നു.
കരിപ്പൂരിൽ 2860 മീറ്ററാണ് റൺവേയുടെ നീളം. ഇതിന് ശേഷം 90 മീറ്ററാണ് റിസയുള്ളത്. 2017ൽ റിസ 240 മീറ്റർ വേണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ റൺവേയിൽനിന്ന് 150 മീറ്റർ റിസയായാണ് പരിഗണിച്ചത്.
ഇതിന് പകരം റൺവേയുടെ രണ്ടറ്റത്തും 150 മീറ്റർ വീതം എടുത്ത് റിസ 240 മീറ്ററായി വർധിപ്പിക്കണമെന്നാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) നിർദേശിച്ചിരുന്നത്. രണ്ട് വശത്തും 240 മീറ്റർ ചതുപ്പ് നിലമായി മാറ്റണമെന്ന നിർദേശമാണ് ലഭിച്ചത്. ഇതിനായി രണ്ട് ഭാഗത്തുനിന്നും 150 മീറ്റർ കുറയുന്നതോടെ റൺവേ 2560 മീറ്ററായി ചുരുങ്ങും.
അഥോറിറ്റി ആസ്ഥാനത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചോദിച്ചിരുന്നു. റൺവേ നീളം കുറക്കുകയാണെങ്കിൽ രണ്ട് ഭാഗത്തെയും ഇൻസ്ട്രുമെന്റ് ലാൻഡിങ് സംവിധാനം (ഐ.എൽ.എസ്), ലൈറ്റിങ് സംവിധാനം, ടേണിങ് പാഡ് തുടങ്ങിയവയെല്ലാം മാറ്റിസ്ഥാപിക്കണം.
നിലവിലെ 2860 മീറ്റർ നീളമുള്ള റൺവേ പോരാ എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് വലിയ വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള അനുമതി അനന്തമായി നീട്ടിക്കൊണ്ടുപോകുന്നത്. ഇതിനിടയിലാണ് റൺവേ 300 മീറ്റർ കുറച്ച് 2560 മീറ്ററാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകുന്നത്.
റൺവേയുടെ നീളം കുറഞ്ഞാൽ, നിലവിൽ സർവിസിന് തയാറായ വിമാന കമ്പനികൾ നിലപാട് മാറ്റാനും സാധ്യതയുണ്ട്. റിസയുടെ നീളം വർധിപ്പിക്കാൻ മറ്റ് വഴികളുണ്ടായിരിക്കെ റൺവേ വെട്ടിക്കുറക്കുന്നത് എന്തിനാണെന്ന ചോദ്യവും ശക്തമായിരുന്നു. 2860 മീറ്റർ റൺവേ നിലനിർത്തി തന്നെ രണ്ട് ഭാഗത്തും റിസ 150 മീറ്റർ കൂടി വർധിപ്പിച്ച് 240 മീറ്ററാക്കാനുള്ള സ്ഥലം ലഭ്യമാണ്. ഇതിനുള്ള നിർമ്മാണച്ചെലവ് മാത്രമാണ് അധികം വരുക. ഇതിന് പകരം റൺവേ നീളം കുറച്ചാൽ അത് കരിപ്പൂരിന് കനത്ത തിരിച്ചടിയാകും നൽകുക.
അതേസമയം, വിമാനത്താവളത്തിലുണ്ടായ അപകടത്തെ സംബന്ധിച്ച് എയർപോർട്ട് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സമർപ്പിച്ച 43 നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നടപ്പിലാക്കുന്നതിനായി കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ഈ കമ്മറ്റി നിരവധി തവണ ചേരുകയും തീരുമാനങ്ങൾ എടുക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ടിൽ പറയുന്ന നിർദ്ദേശങ്ങൾ നടപ്പാക്കുകയാണെങ്കിൽ എയർപോർട്ട് വികസനത്തിന് ഏറെ ഉപകാരമാകും. ജനപ്രതിനിധികളുടെയും എയർപോർട്ട് വികസനത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെയും പരിശ്രമങ്ങൾക്ക് ഫലം കാണും.
മറുനാടന് മലയാളി ബ്യൂറോ