കരിപ്പൂർ: പൊതുമേഖലാ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാറിനുള്ളത്. സ്വകാര്യ മേഖലയ്ക്ക് കൈമാറുക എന്ന നയത്തിലേക്ക് മോദി സർക്കാർ മാറിയിട്ടും കാലം കുറേയായി. രാജ്യത്തെ പ്രധാന വിമാനത്താവളമായ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് ഇതു തന്നെയാണ്. അദാനി വിമാനത്താവളം ഏറ്റെടുത്തതോടെ കൂടുതൽ വിമാനത്തവളങ്ങൾ അടക്കം എത്തുമെന്നാണ് പ്രതീക്ഷ. നെടുമ്പാശ്ശേരിയിലേത് പൊതു-സ്വകാര്യ പങ്കാളിത്തമുള്ള വിമാനത്തവളം ആയതിനാൽ മികച്ച രീതിയിൽ പ്രവർത്തനം മുന്നോട്ടു പോകുന്നുണ്ട്. എന്നാൽ, പൊതുമേഖലാ സ്ഥാപനം ആയതിനാൽ കരിപ്പൂർ വിമാനത്താവളത്തിന്റെ കാര്യത്തിൽ മാത്രം അവഗണനകൾ തുടർച്ചയാണ്.

പൊതുമേഖലാ വിമാനത്താവളങ്ങളിൽ വരുമാനത്തിൽ രണ്ടാം സ്ഥാനത്തുള്ള വിമാനത്താവളമാണ് വിമാനത്താവളമാണ് അവഗണനകൾ നേരിടുന്നത്.  രാജ്യത്തെ 15 പൊതുമേഖലാ വിമാനത്താവളങ്ങളിൽ ചെന്നൈ മാത്രമാണ് വരുമാനത്തിൽ കരിപ്പൂരിന് മുന്നിലുള്ളത്.

സ്വകാര്യമേഖലയിലുള്ള വിമാനത്താവളങ്ങൾകൂടി കണക്കിലെടുക്കമ്പോൾ കരിപ്പൂർ അഞ്ചാംസ്ഥാനത്താണ്. സ്ഥലപരിമിതിയും പ്രയാസങ്ങളും ചുരുങ്ങിയ സർവീസുകളും മാത്രമുള്ള വിമാനത്താവളത്തെ ഏതു പ്രതിസന്ധിയിലും കൈവിടാത്ത യാത്രക്കാരാണ് കരിപ്പൂരിന്റെ കരുത്ത്. 2020-21 കാലയളവിൽ 92 കോടി രൂപയോളമാണ് കോഴിക്കോട് വിമാനത്താവളം ലാഭമുണ്ടാക്കിയത്. 2021-22ൽ ഇത് 168 കോടി രൂപയായി ഉയർന്നു.

കഴിഞ്ഞ ഏപ്രിൽ -ഡിസംബർ കാലയളവിൽ 7433 വിമാനസർവീസുകളാണ് കരിപ്പൂരിൽനിന്നു പറന്നത്. 9,11,756 അന്താരാഷ്ട്രയാത്രക്കാർ കരിപ്പൂർ വഴി പറന്നു. ചെന്നൈയിൽനിന്ന് 13,482 സർവീസുകളിലായി 10,00,152 അന്താരാഷ്ട്രയാത്രക്കാരാണ് പറന്നത്. ഇരട്ടി സർവീസുകളുണ്ടായിട്ടും കരിപ്പൂരിനെക്കാൾ 88396 യാത്രക്കാർമാത്രം കൂടുതൽ. വലിയ വിമാനങ്ങളോ പ്രീമിയംക്‌ളാസ് സർവീസുകളോ ഇല്ലാതെയാണ് കരിപ്പൂർ ഈ നേട്ടംകൈവരിച്ചത്. ഇവിടെനിന്നു സർവീസ് നടത്തുന്ന ഏറ്റവുംവലിയ വിമാനത്തിൽപ്പോലും ഇരുനൂറിൽത്താഴെ ആളുകൾക്കു മാത്രമാണ് സഞ്ചരിക്കാനാവുക.

സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ യാത്രക്കാരില്ലാത്തതിനാൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്ന വിമാനക്കമ്പനികൾ കരിപ്പൂരിൽ എപ്പോഴും സർവീസുകൾ കൂട്ടാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇത്തരം ശ്രമങ്ങൾ തുടക്കത്തിലേ തടയപ്പെടുകയായിരുന്നു. ആവശ്യത്തിനു വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിനും മുന്നേറാൻ കരിപ്പൂരിന് ഇനിയും സാധിക്കും.

സുരക്ഷിത വിമാനത്താവളം ആകാനുള്ള പരിശ്രമം

വിമാനത്താവളങ്ങൾ വേറിട്ട വികസന കാര്യങ്ങൾ ചിന്തിക്കുമ്പോൾ, 'സുരക്ഷ'യുടെ പേരിലുള്ള ഭീഷണികളെ അതിജീവിച്ചു പിടിച്ചു നിൽക്കാനുള്ള പ്രയത്‌നത്തിലാണ് കോഴിക്കോട് വിമാനത്താവളം. 7 വർഷമായി നിലനിൽപിനു വേണ്ടിയുള്ള പണികൾ തുടരുന്നു എന്നതു മാത്രമല്ല, പണി തീരാത്ത വിമാനത്താവളമായി മാറുകകൂടി ചെയ്തു.

കൂടുതൽ രാജ്യങ്ങളിലേക്കു കരിപ്പൂർ വഴി പറക്കാമെന്നായി. വിവിധ വിമാനക്കമ്പനികളെത്തി. രാത്രി ലാൻഡിങ്, ഹജ് പുറപ്പെടൽ കേന്ദ്രം, വലിയ വിമാനങ്ങൾ തുടങ്ങി വികസന കാലം. കരിപ്പൂരിനെ ആശ്രയിച്ച യാത്രക്കാരുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും രാജ്യത്തെ വിമാനത്താവളങ്ങളിൽ മുൻനിരയിലെത്തി.റൺവേയിൽ വിള്ളലുകൾ കണ്ടതോടെ 2015ൽ താൽക്കാലികം എന്നു പറഞ്ഞു റൺവേ അടച്ചതു മുതൽ തുടങ്ങിയതാണ് 'സുരക്ഷ'യുടെ പോരാട്ടം. അടിമുടി മാറ്റത്തോടെ 2860 മീറ്റർ റൺവേ കൂടുതൽ ബലപ്പെടുത്തി. വൈമാനികർക്കും വ്യോമ ഗതാഗത നിയന്ത്രണ വിഭാഗത്തിനും കൂടുതൽ സൗകര്യപ്രദമായ ആധുനിക സാങ്കേതിക സംവിധാനങ്ങൾ പലതും ഒരുക്കി.

എന്നിട്ടും വലിയ വിമാനങ്ങൾ തിരിച്ചെത്താൻ പ്രതിഷേധവും സമ്മർദവും വേണ്ടിവന്നു. 2018 അവസാനത്തിൽ സൗദി എയർലൈൻസ് തിരിച്ചെത്തി തുടക്കമിട്ടെങ്കിലും ഇന്നുവരെ പൂർണതോതിൽ വലിയ വിമാനങ്ങൾ സർവീസ് ആരംഭിച്ചിട്ടില്ല. അതിനിടയിലാണു വിമാനാപകടവും വലിയ വിമാനങ്ങൾക്കുള്ള നിയന്ത്രണവും. ഡിജിസിഎയുടെ നിർദേശമനുസരിച്ചു റൺവേയുടെ വശങ്ങളിൽ മണ്ണിട്ടു നിരപ്പാക്കുന്ന ഗ്രേഡിങ് ജോലി തുടരുകയാണ്. റൺവേയിൽനിന്നു വശങ്ങളിലേക്കു വിമാനം തെന്നിയാലും അപകടം ഒഴിവാക്കുകയാണു ലക്ഷ്യം. റൺവേയിൽ സാങ്കേതികമായ ഒട്ടേറെ സൗകര്യങ്ങളും കൊണ്ടുവന്നു. ഇനി റിസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നീളം കൂട്ടാൻ റൺവേയിൽനിന്നു സ്ഥലമെടുക്കണമെന്ന നിർദ്ദേശം നടപ്പാക്കുമ്പോൾ ഇനിയും സുരക്ഷാ ജോലികൾ തുടരുമെന്നല്ലാതെ, വലിയ വിമാനങ്ങളുടെ കാര്യത്തിൽ ആരും ഉറപ്പു നൽകുന്നില്ല എന്നതാണ് ആശങ്ക.

വിമാനത്താവളത്തിൽ സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയുടെ സുരക്ഷാ പരിശോധന ആരംഭിച്ചിട്ടുണ്ട്. ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ഡപ്യൂട്ടി ഡയറക്ടർ പി.യു.മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്കായി കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കാവശ്യമായ ഭൗതിക സൗകര്യങ്ങളാണു പരിശോധിക്കുന്നത്.സുരക്ഷാ സേനയുടെ സെക്യൂരിറ്റി പോസ്റ്റുകൾ പരിശോധിച്ചു.

വിമാനക്കമ്പനികളിൽ എയർ ഇന്ത്യയുടെ സൗകര്യങ്ങളാണ് ആദ്യം പരിശോധിച്ചത്.ഇന്ന് സിഐഎസ്എഫ്, എയർ ട്രാഫിക് കൺട്രോൾ യൂണിറ്റ്, കമ്യൂണിക്കേഷൻ വിഭാഗം, ഓഫിസ് സംവിധാനം, ടവറുകളുടെ പ്രവർത്തനം, അഗ്‌നിശമന സേന, ചുറ്റുമതിൽ തുടങ്ങിയ ഭൗതിക സൗകര്യങ്ങൾ വിലയിരുത്തും. റൺവേയിലെ പ്രശ്‌നങ്ങളും പഠിക്കും. ആകാശ സുരക്ഷയ്‌ക്കൊപ്പം വിമാനത്താവളത്തിലെ ഭൗതിക സുരക്ഷയുടെ കാര്യം ശക്തമാക്കുകയാണു പരിശോധനയുടെ ലക്ഷ്യം. വിമാനക്കമ്പനികളുടെ സുരക്ഷാ പരിശോധനയ്ക്ക് സാങ്കേതിക വിദഗ്ധന്റെ സഹായവുമുണ്ട്.