- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാള എടുപ്പിച്ചത് ഉദ്യോഗസ്ഥ-മുതലാളി കൂട്ടുകെട്ട്; റൺവേ നവീകരണത്തിന്റെ യഥാർത്ഥ ലക്ഷ്യം സ്വകാര്യവൽക്കരണമോ? വിദേശ സർവീസുകൾ നിർത്തലാക്കിയിട്ടും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേഗമില്ല
കോഴിക്കോട്: ലാഭത്തിൽ മുന്നോട്ടു പോയിരുന്ന കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിച്ചതിനു പിന്നിൽ ഉദ്യോഗസ്ഥ- മുതലാളി ലോബി. സമ്പൂർണമായി സർക്കാർ അധീനതയിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ മുബൈ, കോയമ്പത്തൂർ ലോബികളുടെ പിടിയുള്ളതായി എയർപോർട്ടിന്റെ ആരംഭഘട്ടം മുതലുള്ള ആക്ഷേപമുണ്ടായിരുന്നു.
കോഴിക്കോട്: ലാഭത്തിൽ മുന്നോട്ടു പോയിരുന്ന കരിപ്പൂർ വിമാനത്താവളത്തെ കുത്തുപാളയെടുപ്പിച്ചതിനു പിന്നിൽ ഉദ്യോഗസ്ഥ- മുതലാളി ലോബി. സമ്പൂർണമായി സർക്കാർ അധീനതയിൽ പതിറ്റാണ്ടുകളായി നടത്തിവന്നിരുന്ന കരിപ്പൂർ വിമാനത്താവളത്തെ തകർക്കാൻ മുബൈ, കോയമ്പത്തൂർ ലോബികളുടെ പിടിയുള്ളതായി എയർപോർട്ടിന്റെ ആരംഭഘട്ടം മുതലുള്ള ആക്ഷേപമുണ്ടായിരുന്നു. എന്നാൽ ഈ ആക്ഷേപങ്ങൾക്ക് ശക്തി പകരുന്നതാണ് കരിപ്പൂർ വിമാനത്തവളത്തിന്റെ ഇന്നത്തെ അവസ്ഥ. നഷ്ടത്തിലാണെന്ന പ്രചരണം അഴിച്ചു വിട്ട് കരിപ്പൂർ പൂട്ടുമെന്ന അഭ്യൂഹത്തിനു പിന്നിലും ഉദ്യോഗസ്ഥ-മുതലാളി കൂട്ടുകെട്ട് തന്നെയാണ്.
കൃത്യമായ ആസൂത്രണമില്ലാതെ റൺവേ നവീകരണത്തിനൊരുങ്ങിയ എയർപോർട്ട് അഥോറിറ്റിയുടെ നടപടിയും ദൂരൂഹത ഉണർത്തുന്നു. ആറുമാസത്തിനകം റൺവേ നവീകരണം പൂർത്തിയാക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഒന്നര വർഷമെടുക്കുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം. മാസങ്ങളായി വിദേശ സർവ്വീസുകൾ മിക്കതും നിർത്തലാക്കിയെങ്കിലും ഇപ്പോഴും കാര്യമായ നവീകരണ പ്രവർത്തി നടക്കുന്നില്ലെന്നതാണ് വസ്തുത. കരിപ്പൂർ നഷ്ടത്തിലാണെന്ന് കാണിച്ച് സമീപ വിമാനത്താവളങ്ങളുടെ മാതൃകയിൽ സ്വകാര്യ പങ്കാളിത്വം ഇവിടെയും ഉറപ്പാക്കാനാണ് ലോബിയുടെ ശ്രമം.
കരിപ്പൂരിൽ വിമാനമിറങ്ങാതായതോടെ മലബാറുകാർ കൂടുതലായി ആശ്രയിക്കുന്നത് നെടുമ്പാശ്ശേരി വിമാനത്താവളമാണ്. നെടുമ്പാശേരിയിലും ഇനി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കണ്ണൂർ വിമാനത്താവളവും സ്വകാര്യ പങ്കാളിത്തം ഉൾക്കൊള്ളിച്ച് പിപിപി (പബ്‌ളിക്-പ്രൈവറ്റ് പാട്ട്ണർഷിപ്പ്) പ്രകാരമാണ് നടത്തിപ്പ്. മുതൽ മുടക്കിനു പുറമെ ഇതിന്റെ ലാഭ വിഹിതവും സ്വകാര്യ വ്യക്തികൾക്കുള്ളതാണ്. എന്നാൽ ഏറ്റവും കൂടുതൽ ആളുകളാശ്രയിക്കുന്നതും ലാഭത്തിൽ ഓടുന്നതുമായ സർക്കാർ അതീനതയിലുള്ള കരിപ്പൂർ വിമാനത്താവളത്തിനു മേൽ ഏറെ നാളായി മുതലാളിമാർ കണ്ണു നട്ടിരിക്കുകയാണ്. ഇതിനുള്ള നീക്കമാണ് നവീകരണം വൈകിപ്പിക്കുന്നതിനു പിന്നിലും. സ്വകാര്യ പങ്കാളിത്തം തിരുകി കയറ്റുന്നതിലൂടെ ലാഭത്തിലോടുന്ന സർക്കാർ സംവിധാനങ്ങൾ തകർക്കുകയാണ് ചെയ്യുന്നത്.
റൺവെ നവീകരണം നടപ്പാക്കുന്നതിനുള്ള തടസം ഭൂമി ലഭ്യമാകാത്തതാണെന്നാണ് എയർപോർട്ട് അഥോറിറ്റി പറയുന്നത്. എന്നാൽ പരിസരവാസികൾ എത്ര ഭൂമി വേണമെങ്കിലും നൽകാമെന്ന പറഞ്ഞതോടെ ഈ വാദവും പൊളിഞ്ഞു. അതേ സമയം അന്യായമായ ഭൂമി ഏറ്റെടുക്കൽ അനുവദിക്കില്ലെന്നും ഭൂമി വിട്ടു നൽകുന്നവരുടെ നഷ്ടങ്ങൾ പരിഹരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം. എയർപോർട്ട് ജീവനക്കാർക്ക് താമസ-വിനോദ കേന്ദ്രങ്ങൾ ഒരുക്കാനുള്ള നീക്കമാണ് പാവപ്പെട്ടവരുടെ കിടപ്പാടം ഒഴിപ്പിക്കുന്നതിനു പിന്നുലെന്ന അഭ്യൂഹങ്ങളുമുണ്ട്. ആസൂത്രണമില്ലാതെയുള്ള അഥോറിറ്റിയുടെ ഭൂമി ഏറ്റെടുക്കൽ നടപടിയാണ് പ്രദേശവാസികളെ ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്.
കഴിഞ്ഞ മുപ്പത് വർഷത്തിനുള്ളിൽ പന്ത്രണ്ട് തവണയാണ് ഭൂമി ഏറ്റെടുക്കൽ നടന്നത്. എന്നാൽ അധികൃതർക്ക് വ്യക്തമായ ആസൂത്രണമോ ദീർഗ വീക്ഷണമുള്ള പദ്ധതികളോ ഇല്ലെന്നതാണ് ഇതിനുള്ള കാരണം. ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം ഉയർന്നത്് സർക്കാർ വകയിരുത്തിയ ഫണ്ടിൽ നിന്നുമാണെങ്കിൽ മലയാളികളായ പ്രവാസികളിൽ നിന്നും പിരിവെടുത്തും യാത്രക്കാരിൽ നിന്നും യൂസേഴ്‌സ് ഫീസ് ഈടാക്കിയുമായിരുന്നു കരിപ്പൂർ വികസനം യാഥാർത്ഥ്യമാക്കിയതെന്നത് ഒരു ചരിത്ര് സത്യമാണ്. കരിപ്പൂരിന്റെ വികസനത്തിന് പ്രവാസികളും പരിസരവാസികളും ഏതറ്റംവരെയും ഇന്നും പോകാൻ തയ്യാറാണ്.
കരിപ്പൂരിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയതും ഇവിടത്തെ പ്രവാസി ബാഹുല്യം തന്നെയാണ്. കേരളത്തിലെ പ്രവാസികളിലധികവും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിന്നുള്ളവരാണ്. 1982ൽ തറക്കല്ലിട്ട് 1988 ഏപ്രിൽ 13ന് ഉദ്ഘാടനം ചെയ്ത കരിപ്പൂർ വിമാനത്താവളം അതിവേഗം വളർന്നത് മുബൈ, കോയമ്പത്തൂർ വിമാനത്താവളങ്ങൾക്ക് ഏറെ തിരിച്ചടിയായി. പണ്ടുമുതലേ ഗൾഫുകാർ ഇറങ്ങിയത് ബോംബെ വിമാനത്താവളം വഴിയാണെന്നതാണ് ഇതിനു കാരണം.
കാർഗോ രംഗത്തും കരിപ്പൂരിന്റെ വളർച്ച പെട്ടന്നായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും മലബാറിലെ നാണ്യവിളകളും കരിപ്പൂർ വഴി കയറ്റുമതി തുടങ്ങിയതും ലോപിയെ കൂടുതൽ പ്രകോപിപ്പിച്ചു. കരിപ്പൂർ വിമാനത്താവളം കേറളത്തിൽ നിന്നുള്ള ഹ്ജ്ജ് എംബാർകേഷൻ പോയിന്റായി പ്രഖ്യാപിച്ചതോടെ ലക്ഷദ്വീപിൽ നിന്നുള്ള യാത്രക്കാരും ഇവിടെ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ ഇന്ന് കസ്റ്റംസ് അടക്കമുള്ള ഉദ്യോഗസ്ഥ വൃത്തങ്ങളും വൻകിട മുതലാളിമാരും ചേർന്ന് ഇല്ലാതാക്കി കൊണ്ടിരിക്കുന്നത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ലാഭം നൽകുന്ന നാലാമത്തെ സർക്കാർ വിമാനത്താവളത്തെയും ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ഏഴാമത്തെ വിമാനത്താവളത്തെയുമാണ്. അന്ത്ാരാഷ്ട്ര, ആഭ്യന്തര സർവീസുകളുൾപ്പടെ ദിനംപ്രതി 52 സർവീസുകളാണ് കരിപ്പൂരിൽ നിന്നും ഉണണ്ടായിരുന്നത്. രു വർഷം 25 ലക്ഷം യാത്രികർ ഇതു വഴി യാത്രചെയ്യുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കരിപ്പൂരിൽ റൺവെ പ്രവർത്തിയുടെ പേരിൽ വലിയ വിമാനങ്ങൾ ഇറക്കാൻ സാധിക്കില്ലെന്ന് അധികൃതർ അറിയിച്ചതോടെ ചെറിയ വിമാനങ്ങൾ സർവീസ് നടത്താൻ തയ്യാറാണ് എന്ന കത്തുമായി സൗദി എയർലൈൻസ് അടക്കമുള്ള കമ്പനികൾ രംഗത്തെത്തിയെങ്കിലും ആവശ്യം നിരസിച്ച് ഈ വർഷത്തെ ഹജ്ജ് യാത്രകളുൾപ്പടെ കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. വിഷയം ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ പാർട്ടികളും പ്രവാസി സംഘടനകളുമെല്ലാം സമരവുമായി രംഗത്ത് വന്നിരുന്നു. തെരഞ്ഞെടുപ്പുകൾ അടുത്തതോടെ മലബാറിലെ പ്രധാന പാർട്ടികളെല്ലാം നേരിട്ട് സമരവുമായി രംഗത്തെത്തി. മുസ്ലിംലീഗിന്റെയും സിപിഐ(എം) ന്റെയും നേതൃത്വത്തിൽ പ്രവാസി സംഘടനകളടക്കം എയർപോർട്ടു പടിക്കൽ പ്രതിഷേധം നടത്തി.
കച്ചവടക്കാർക്കും നാട്ടിലെ സമ്പദ് വ്യവസ്ഥക്കും ഏറെ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് ചേംബർ ഓഫ് കൊമേഴ്‌സ് ബഹുജന സമരം സംഘടിപ്പിച്ചു. വിവിധ പാർട്ടികളും സംഘടനകളും ഇപ്പോഴും സമരങ്ങളുമായി രംഗത്ത് വന്നു കൊണ്ടിരിക്കുന്നു. കരിപ്പൂർ വിമാനത്താവളം ഇല്ലാതാക്കാനുള്ള ഉദ്യോഗസ്ഥ ലോപികളെ തിരിച്ചറിയണമെന്നും എന്ത് വിലകൊടുത്തും വിമാനത്താവളത്തെ സംരക്ഷിക്കുമെന്നും കഴിഞ്ഞദിവസം പഞ്ചായത്തംഗം മുതൽ പാർലമെന്റ് അംഗം വരെയുള്ള ജനപ്രതിനിധികൾ അണി നിരന്ന മുസ്ലിംലീഗ് എയർപോർട്ട് മാർച്ചിൽ പാണക്കാട് സയ്യിദ് ഹൈദരലി തങ്ങൾ പ്രഖ്യാപിക്കുകയുണ്ടായി.