മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. വസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കി മൂന്ന് പൗച്ചുകളിൽ നിക്ഷേപിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം. എയർ ഇന്ത്യാ എക്സ്‌പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നാണ് ഇവർ എത്തിയത്.

അതേ സമയം കഴിഞ്ഞ ദിവസം കരിപ്പൂരിൽ നാല് വ്യത്യസ്ത കേസുകളിലായി 3 കിലോ 869 ഗ്രാം സ്വർണവുമായി നാല് പേർ പിടിയിലായിരുന്നു. നാലു യാത്രക്കാരും മിശ്രിത രൂപത്തിലുള്ള സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും കോഴിക്കോട് വിമാനത്താവളത്തിലെ എയർ ഇന്റലിജൻസ് യൂണിറ്റും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇത്രയും കൂടുതൽ സ്വർണം കണ്ടെത്തി പിടികൂടിയത്.

സംഭവത്തിൽ ദുബായിൽ നിന്നുമെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്മാനിൽനിന്നും 874 ഗ്രാം സ്വർണ്ണമാണ് പിടികൂടിയത്. ഇയാൾ സ്വർണം മൂന്ന് കാപ്സ്യൂലുക്കളാക്കി ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയിലാണ് പിടിയിലായത്. രണ്ടാമത്തെ കേസിൽ ബഹ്‌റിനിൽ നിന്ന് എത്തിയ മറ്റൊരു മലപ്പുറം സ്വദേശിയായ സകീറിൽ നിന്നും 968 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ഇയാളും സ്വർണം നാല് ക്യാപ്സൂളുകൾ ആക്കി ശരീരത്തിലെ രഹസ്യ ഭാഗത്ത് വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

ഷാർജയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശിയായ ഫൈസലിൽ നിന്നും 1008 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. ബഹറിനിൽ നിന്ന് എത്തിയ വയനാട് സ്വദേശിയായ മുഹമ്മദ് ഫൈസലിൽ നിന്നും 1019 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. ഇവരും ക്യാപ്സ്യൂൾ രൂപത്തിലുള്ള സ്വർണം ശരീരത്തിന്റെ രഹസ്യ ഭാഗത്ത് വെച്ച് കടത്തുന്നതിനിടയിലാണ് പിടിയിലായത്. പിടികൂടിയ സ്വർണത്തിന്റെ ആകെ തുക കസ്റ്റംസ് ഉദ്യോഗസ്ഥർ പുറത്ത് വിട്ടിട്ടില്ല.

അതേസമയം കരിപ്പൂർ കേന്ദ്രീകരിച്ചുള്ള അനധികൃത സ്വർണ്ണക്കള്ളക്കടത്ത് വർദ്ധിച്ചു വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ അടുത്ത കാലത്തായി വിമാനത്താവളത്തിന് അകത്തുനിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരും പുറത്തുനിന്ന് പൊലീസും പിടികൂടിയത് കോടികളുടെ സ്വർണ്ണമാണ്. എന്നിട്ടും ഒരു കൂസലുമില്ലാതെ ആണ് ഇപ്പോഴും കരിപ്പൂരിൽ അനധികൃത സ്വർണ്ണക്കള്ളക്കടത്ത് തുടരുന്നത്.