- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൂബയെ അടിച്ചതിന് തെളിവില്ല; വസ്ത്രങ്ങൾ വലിച്ചിടുന്നത് ദൃശ്യങ്ങളിൽ വ്യക്തം; അന്വേഷണവുമായി സഹകരിക്കാതെ കസ്റ്റംസ് ഉദ്യോഗസ്ഥനും; കരിപ്പൂരിലെ അന്വേഷണത്തിൽ ഫ്രാൻസിസിനെ രക്ഷിക്കാൻ പുതിയ അടവുമായി പൊലീസ്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദിച്ച് മണിക്കൂറുകൾ പിടിച്ചുവച്ച സംഭവത്തിൽ അന്വേഷണം പൂർത്തീകരിച്ച് പൊലീസ് ചാർജ്ഷീറ്റ് കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നു. കാസർകോഡ് സ്വദേശിയും ദുബായിൽ ഐടി എഞ്ചിനീയറായിരുന്ന ഹക്കീം റുബയെയാണ് ഈ മാസം രണ്ടിന് കരിപ്പൂർ വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ മ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ യാത്രക്കാരനെ മർദിച്ച് മണിക്കൂറുകൾ പിടിച്ചുവച്ച സംഭവത്തിൽ അന്വേഷണം പൂർത്തീകരിച്ച് പൊലീസ് ചാർജ്ഷീറ്റ് കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങുന്നു. കാസർകോഡ് സ്വദേശിയും ദുബായിൽ ഐടി എഞ്ചിനീയറായിരുന്ന ഹക്കീം റുബയെയാണ് ഈ മാസം രണ്ടിന് കരിപ്പൂർ വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ മണിക്കൂറുകൾ തടഞ്ഞു നിർത്തിയത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിച്ചുപറിക്കെതിരെ പ്രതിഷേധം ആളിപ്പടർന്നിരുന്നു. റൂബയ്ക്ക് എതിരെ കസ്റ്റംസ് ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലും കുറ്റപത്രം വരും.
കരിപ്പൂരിലെ കൊള്ളയിലും ആക്രമത്തിലും വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധ സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. വിഷയം നിയമസഭയിൽ വരെ എത്തിയതോടെ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഫ്രാൻസിസ് കോടങ്കണ്ടത്തിനെ സ്ഥലം മാറ്റുന്നതിലേക്കു വരെ കാര്യങ്ങൾ എത്തിനിന്നു. ഉദ്യോഗസ്ഥൻ യാത്രക്കാരനെതിരെയും പരാതി നൽകിയിരുന്നു. ഇതോടെ പൊലീസ് സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതിഷേധം ശക്തമായി നടക്കുന്നതിനിടെയാണ് അന്വേഷണം അവസാനഘട്ടത്തിലെത്തി ചാർജ്ഷീറ്റ് സമർപ്പിക്കാൻ ഒരുങ്ങുന്നത്.
വർഷങ്ങളായി ഒരേ എയർപോർട്ടിൽ ജോലി ചെയ്തു വരുന്ന തൃശൂർ മണലൂർ സ്വദേശിയായ ഫ്രാൻസിസ് തണ്ടിക്കൽ കൊടങ്കണ്ടത്ത്് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രധാനികളുടെയും ഇഷ്ടക്കാരനാണ്. ഈ ബന്ധവും സ്വാധീനവുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാൻ പോലും എത്താതിരിക്കുന്നതിനു പിന്നിൽ. റൂബയ്ക്ക് എതിരെ ഔദ്യോഗിക ക്രിത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസാണ് ചുമത്തിയിട്ടുള്ളത്. സ്വർണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചിരുന്നെന്നായിരുന്നു ഫ്രാൻസിസ് പാരാതിയിൽ പറഞ്ഞിരുന്നത്. എന്നാൽ പൊലീസ് അന്വേഷണത്തിൽ ഇത് ആരോപണം മാത്രമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നിട്ടും റൂബയ്ക്ക് എതിരെ കുറ്റപത്രം നൽകാനാണ് നീക്കം. ഇത് ഫ്രാൻസിസിനെ രക്ഷിക്കാനുള്ള തന്ത്രമാണെന്നാണ് ആക്ഷേപം. കൂടാതെ കള്ളക്കേസ് ചമച്ച് ഹക്കീമിന്റെ മടക്കയാത്ര തടസപ്പെടുത്താൻ ഉദ്യോഗസ്ഥ തലത്തിൽ ശ്രമങ്ങൾ നടത്തിയിരുന്നു. എന്നാൽ ഇതിനെതിരെയും സോഷ്യൽ മീഡിയയും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. മടക്കയാത്ര അനിവാര്യമാണെന്നതിനാൽ ഹക്കീം റുബ മഞ്ചേരി കോടതിയിൽ നിന്നം മുൻകൂർ ജാമ്യം എടുത്തിട്ടുണ്ട്.
രണ്ടു പേരുടെയും പരാതിയിൽ ഉന്നയിച്ച ചില കാര്യങ്ങൾ ശരിയാണെന്നായിരുന്നു പൊലീസിന്റെ പക്ഷം. ഇതിനാൽ രണ്ടു പേരുടെയും കേസ് കോടതിയിൽ നിന്നും തള്ളിപോകും വിധമാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഫ്രാൻസിസിനെ രക്ഷിക്കാനാണെന്നാണ് ആക്ഷേപം. അന്വേഷണത്തിന്റെ ഭാഗമായി വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. ഹക്കീമിനെ മണിക്കൂറുകൾ തടഞ്ഞു വച്ചതായി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. എന്നാൽ ഹക്കീം റുബയെ മർദിക്കുന്നതായി ദൃശ്യത്തിലില്ല. ദേഷ്യം വന്നപ്പോൾ മുഖം ചുവന്നതാകാമെന്നായിരുന്നു മറ്റ് ഉദ്യോഗസ്ഥർ സാക്ഷിമൊഴി നൽകിയിട്ടുള്ളത്. ക്യാമറ പതിയാത്ത മറ്റൊരു ക്യാബിനിൽ വച്ചാണ് മർദിച്ചതെന്ന് ഹക്കീം നേരത്തെ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
എന്നാൽ അടിച്ചതായ പരാതി തെളിയിക്കാൻ പൊലീസിന് പറ്റിയിട്ടില്ല. അതേസമയം വസ്ത്രങ്ങൾ വലിച്ചിടുന്നതായി ദൂശ്യങ്ങളിലുണ്ട്. തുടർന്ന് ഫ്രാൻസിസ് ഹക്കീമിനെ അസഭ്യം പറയുന്നുണ്ട്. ഇത് വ്യക്തമാക്കുന്ന ചില മൊഴികളും ലഭിച്ചിട്ടുണ്ട്. കരിപ്പൂർ എസ്.ഐ റോയിയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തിവരുന്നത്. കേസ് അന്തിമ ഘട്ടത്തിലാണെന്നും എന്നാൽ കസ്റ്റംസ് ഓഫീസർ ഫ്രാൻസിസ് കോടങ്കണ്ടത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കരിപ്പൂർ എസ്.ഐ മറുനാടൻ മലയാളിയോടു പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെയും ഫ്രാൻസിസ് ഹാജരായിട്ടില്ല. മാത്രമല്ല, ചോദ്യം ചെയ്യലിനോ തെളിവെടുപ്പിനോ സഹകരിക്കുകയും ചെയ്തിട്ടില്ല. എന്നാൽ രേഖാമൂലം ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ഫ്രാൻസിസിന് നോട്ടിസ് അയക്കാൻ ഒരുങ്ങുകയാണ്.
സംഭവം നടന്നിട്ട് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് എയർപോർട്ട് അഥോറിറ്റിയും കേസുമായി സഹകരിക്കാൻ തയ്യാറായത്. അപേക്ഷിച്ച് നാലു ദിവസത്തിനകം സിസി ടിവി ദൃശ്യങ്ങൾ നൽകാമായിരുന്നിട്ടും രണ്ടാഴ്ച വൈകിപ്പിച്ചാണ് ദൃശ്യം കൈമാറിയിരുന്നത്. കേസിൽ ഏറെ നിർണായകമായ ദൃശ്യം തീരെ വ്യക്തമല്ലെന്നതും കേസിനെ ബാധിക്കുന്നു. പൊലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും ഒത്തുകളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി കരിപ്പൂരിൽ കഴിഞ്ഞ ദിവസങ്ങളിലായി സമരം ശക്തമായിരുന്നു, ഈ സാഹചര്യത്തിലാണ് കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ചാർജ് ഷീറ്റ് നൽകാൻ പൊലീസ് തയ്യാറായിരിക്കുന്നത്.
കൈകൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട് അതിന് വിസമ്മതം പ്രകടിപ്പിച്ച ഒരു പ്രവാസിയായിരുന്നു ഹക്കീം റുബ. എന്നാൽ ഇക്കാരണങ്ങളാൽ ഏറെ ദുരിതം നേരിടുകയും അവധിക്കാലം കേസിനായി മാറ്റി വെയ്‌ക്കേണ്ടിയും വന്നിരിക്കുകയാണ്. ദൈനം ദിനം കരിപ്പൂർ വിമാനത്താവളത്തിൽ നടക്കുന്ന പിടിച്ചു പറിക്കും മോഷണത്തിനും എതിരെ ശബ്ദമുയർത്തിയാലുള്ള അവസ്ഥയാണിത്. നിരവധി പേർക്ക് സമാന അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും പരാതിയുമായി രംഗത്തെത്താനോ നിയമ പോരാട്ടം നടത്താനോ തയ്യാറാകാതെ മടങ്ങുകയാണ് പ്രവാസികൾ ചെയ്തിരുന്നത്.