ബാംഗ്ലൂരിൽ യുവ ഐ.എ.എസ്സുകാരന്റെ ദുരൂഹമരണത്തിൽ പ്രതിഷേധം ശക്തമാകുന്നു. കോലാർ വാണിജ്യ നികുതി വകുപ്പ് അഡീഷണൽ കമ്മീഷണർ ഡി.കെ.രവിയെയാണ് കോറമംഗലയിലെ സ്വന്തം അപ്പാർട്ട്‌മെന്റിൽ തിങ്കളാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 34-കാരനായ രവിയുടെ മരണം കൊലപാതകമാണെന്ന വിശ്വാസത്തിലാണ് ജനങ്ങളും വിവിധ രാഷ്ട്രീയ കക്ഷികളും. കോലാർ ജില്ലയിൽ ഹർത്താലടക്കമുള്ള പ്രതിഷേധവുമായി അവർ മുന്നോട്ടുവന്നുകഴിഞ്ഞു.

മണൽമാഫിയയുടെയും ഭൂമാഫിയയുടെയും അഴിമതിക്കും നികുതിവെട്ടിപ്പിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു രവി. ഒക്ടോബറിലാണ് കോലാറിൽ ചുമതലയേറ്റത്. ഇക്കാലയളവിനിടെ വിവിധ കെട്ടിട നിർമ്മാണ ഭീമന്മാരിൽനിന്നായി 400 കോടിയോളം രൂപയാണ് നികുതിയിനത്തിൽ രവി പിടിച്ചെടുത്തത്. ഇതോടെ, രവിക്ക് ധാരാളം ശത്രുക്കളുണ്ടായിരുന്നതായി ജനങ്ങൾ പറയുന്നു. വലിയൊരു പരിശോധനയ്ക്കും വെളിപ്പെടുത്തലിനും രവി തയ്യാറെടുക്കുകയായിരുന്നുവെന്നും അതിൽ എതിർപ്പുള്ള ചിലരാണ് മരണത്തിന് പിന്നിലെന്നും അവർ പറയുന്നു. രവിക്ക് ആത്മഹത്യ ചെയ്യേണ്ട യാതൊരു കാര്യവുമില്ലെന്നും അദ്ദേഹത്തെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നും മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുമാണ് ജനക്കൂട്ടം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. രവിയുടെ മരണം കൊലപാതകമാണെന്ന് കാണിച്ച് ഭാര്യാപിതാവ് ഹനുമന്തരായപ്പ പൊലീസിൽ പരാതി നൽകി.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് മരിച്ചതെങ്കിലും വൈകുന്നേരം മാത്രമാണ് വാർത്ത പുറത്തറിയുന്നത്. ഇതോടെ അപ്പാർട്ട്‌മെന്റിലേക്ക് വൻ ജനക്കൂട്ടം തടിച്ചുകൂടി. ജനരോഷം ശക്തമായതോടെ അപ്പാർട്ട്‌മെന്റിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞു. സംഭവത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി കെ.ജെ ജോർജ് വിശദീകരണം തേടി. മന്ത്രി ഡി.കെ. ശിവകുമാർ സംഭവസ്ഥലം സന്ദർശിച്ചു. അതിനിടെ വൈകുന്നേരം മൂന്ന് മണിയോടെ സംശയാസ്പദമായ സാഹചര്യത്തിൽ മൂന്നുപേരെ അപ്പാർട്ട് മെന്റിന് മുന്നിൽ കണ്ടിരുന്നുവെന്നും ഇവർ വാണിജ്യനികുതി വകുപ്പിൽ നിന്നാണെന്നാണ് അറിയിച്ചതെന്നും പരിസരത്തുള്ളവർ പൊലീസിന് മൊഴിനൽകി. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

കോറമംഗലയ്ക്ക് സമീപം തവരക്കരയിലെ സെന്റ് ജോൺസ് വുഡ് അപ്പാർട്ട്‌മെന്റിലെ ഔദ്യോഗികവസതിയിൽ തിങ്കളാഴ്ചവൈകുന്നേരമാണ് ഡി.കെ. രവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നാഗർഭാവിയിലെ വീട്ടിൽ നിന്ന് രാവിലെ ജോലിക്കായി പുറപ്പെട്ട രവിയെ മൊബൈൽ ഫോണിൽ ലഭിക്കാത്തതിനെ തുടർന്ന് ഭാര്യ കുസുമയും മകളും ബന്ധുക്കളും വൈകുന്നേരം ആറ് മണിയോടെ അപാർട്ട്‌മെന്റിലെത്തിയപ്പോഴാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓഫീസിൽ ഔദ്യോഗിക യോഗത്തിനുശേഷമാണ് തവരക്കരെയിലെ വസതിയിലേക്ക് മടങ്ങിയതെന്നാണ് സഹപ്രവർത്തകർ പൊലീസിനെ അറിയിച്ചത്.

സിറ്റി പൊലീസ് കമ്മീഷണർ എം.എൻ. റെഡ്ഡിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പാഥമികാന്വേഷണത്തിൽ സംഭവം ആത്മഹത്യയാണെന്നാണ് പൊലീസ് കരുതുന്നത്. രവിയുടെ മൊബൈൽ ഫോൺ പരിശോധിക്കുമെന്നും കൂടുതൽ വിവരങ്ങളെന്തെങ്കിലും ലഭിക്കുമോ എന്ന് തിരയുമെന്നും പൊലീസ് അറിയിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ രോഹിണിയുടെ നേതൃത്വത്തിൽ പ്രത്യേകസംഘത്തിനാണ് അന്വേഷണച്ചുമതല. രവിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെയും കാർ ഡ്രൈവറെയും ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

രവിയുടെ മരണത്തെക്കുറിച്ച് സിബിഐ. അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തുമകൂരു, കോലാർ എന്നിവിടങ്ങളിൽ ഹർത്താൽ ആചരിച്ചു. മറ്റ് ജില്ലകളിലും പ്രതിഷേധം അരങ്ങേറി. ജനങ്ങൾ സ്വമേധയാ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. റോഡുകൾ ഉപരോധിച്ചും കടകമ്പോളങ്ങൾ അടച്ചിട്ടും അവർ പ്രതിഷേധിച്ചു. സ്‌കൂളുകളും കോളേജുകളും പ്രവർത്തിച്ചില്ല. പി.എസ്.സി. പരീക്ഷ പോലും പ്രതിഷേധത്തെത്തുടർന്ന് മാറ്റിവച്ചു.റോഡിലിറങ്ങിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കോലാറിലും തുമകൂരുവിലും പൊലീസ് ലാത്തിവീശി. കോലാർ എംഎ‍ൽഎ. വർത്തൂർ പ്രകാശിന്റെ വീടിനുനേരേ കല്ലേറുനടന്നു. മറ്റൊരു എംഎ‍ൽഎ.യായ നാരായണസ്വാമിയുടെ റിസോർട്ടിനുനേരേയും കല്ലേറുണ്ടായി.

നിയമസഭയിലും ഐ.എ.എസ് ഓഫീസറുടെ മരണം പ്രക്ഷുബ്ധമായ അന്തരീക്ഷങ്ങൾക്ക് വഴിവച്ചു. ബിജെപി അംഗങ്ങൾ സിബിഐ. അന്വേഷണം ആവശ്യപ്പെട്ട് ബഹളംവച്ചു. വിശദീകരണം നൽകുന്നതിനായി സിറ്റി പൊലീസ് കമ്മീഷണർ എം.എൻ.റെഡ്ഡിയെ സഭയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനാ റിപ്പോർട്ടും ലഭിച്ചശേഷംമാത്രമേ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. ഡി.കെ. രവി സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ സംഭവത്തിൽ സിഐഡി. അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ നിയമസഭയെ അറിയിച്ചു. പ്രത്യേക സിഐഡി. സംഘം 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കുമെന്ന് ആഭ്യന്തരമന്ത്രി കെ.ജെ.ജോർജും പറഞ്ഞു. എന്നാൽ, കർണാടക പൊലീസിന്റെ അന്വേഷണത്തിൽ സത്യം പുറത്തുവരില്ലെന്ന് ബിജെപി, ജനതാദൾ എസ്സ് നേതാക്കൾ പറഞ്ഞു. സിബിഐ. അന്വേഷണം വേണമെന്ന് ആവശ്യ്‌പെട്ട എംഎ‍ൽഎമാർ നിയമസഭയിൽ രാത്രി ധർണ നടത്തുകയും ചെയ്തു.

കോലാറിൽ കളക്ടറായിരിക്കുമ്പോൾത്തന്നെ രവിയുടെ നടപടികൾ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. മണൽമാഫിയക്കും സർക്കാർഭൂമി കൈയേറിയവർക്കുമെതിരെ ശക്തമായ നടപടികളാണ് അദ്ദേഹം സ്വീകരിച്ചത്. സാധാരണക്കാർക്കുവേണ്ടി നടത്തിയ ക്ഷേമ പ്രവർത്തനങ്ങളും രവിയെ ജനപ്രിയനാക്കി. ഇതേസമയം തന്നെ മറ്റുപലരുടെയും കണ്ണിലെ കരടായി അദ്ദേഹം മാറുകയായിരുന്നു. രവിയുടെ നടപടികളിലും അതിന് ജനങ്ങളിൽനിന്ന് കിട്ടുന്ന പിന്തുണയ്ക്കും പലർക്കും അമർഷമുണ്ടായി. കോലാറിൽനിന്ന് അദ്ദേഹത്തെ വാണിജ്യ നികുതി വകുപ്പിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.

രവിയുടെ ആത്മഹത്യാവിവരം പുറത്തുവന്നതോടെ കോലാറിൽനിന്നും സ്വദേശമായ തുംകൂരുവിൽനിന്നും ഒട്ടേറെപ്പേർ ബാംഗ്ലൂരിലേക്ക് ഒഴുകിയെത്തി. രവിയുടെ മരണത്തിൽ മനംനൊന്ത് അദ്ദേഹത്തിന്റെ ആരാധകൻ ആത്മഹത്യ ചെയ്തു. മുളബാഗിലുവിനു സമീപം തിരുമലഹള്ളി സ്വദേശിയും കർഷകനുമായ ഗോപാലിനെ (41) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

വിക്‌ടോറിയ ആശുപത്രിയിലെ പോസ്റ്റ് മോർട്ടത്തിന് ശേഷം രവിയുടെ മൃതദേഹം നാഗർഭാവിയിലെ വസതിയിൽ പൊതുദർശനത്തിന് വച്ചു. ആയിരക്കണക്കിനാളുകളാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. മന്ത്രി ഡി.കെ.ശിവകമാർ അടക്കം വിവിധ രാഷ്ട്രീയ നേതാക്കാൾ എത്തിയെങ്കിലും നേതാക്കൾക്കെതിരെ ജനങ്ങൾ മുദ്രാവാക്യം വിളിച്ചു. ആക്രമസംഭവങ്ങൾ തടയുന്നതിനായി ശക്തമായ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം സ്വദേശമായ തുംകൂരു കുനിഗലിലെ ദൊഡ്ഡകൊപ്പലുവിലെ വീട്ടിലെത്തിച്ചു. അവിടെയും ആയിരങ്ങൾ അന്ത്യോപചാരം അർപ്പിക്കാനെത്തി. മൃതദേഹം ജന്മനാട്ടിൽ സംസ്‌കരിച്ചു.