- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിലെ ഹിജാബ് കേസിൽ ഹൈക്കോടതി വിധി നാളെ; വിധി പറയുന്നത് 11 ദിവസത്തെ വാദപ്രതിവാദങ്ങൾക്ക് ശേഷം; വിധിയുടെ പശ്ചാത്തലത്തിൽ ബംഗളുരുവിൽ ഒരാഴ്ച്ചത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ച് പൊലീസ്
ബംഗളൂരു: ശിരോവസ്ത്രം മൗലികാവകാശമായി പ്രഖ്യാപിക്കണമെന്നും ക്ലാസിൽ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഉഡുപ്പി ഗവ. പി.യു വനിത കോളജിലെയും കുന്ദാപുര ഭണ്ഡാർക്കർ കോളജിലെയും വിദ്യാർത്ഥിനികൾ നൽകിയ ഹരജികളിൽ ഹൈക്കോടതി വിശാല ബെഞ്ച് ചൊവ്വാഴ്ച രാവിലെ 10.30ന് വിധി പറയും. 11 ദിവസത്തെ വാദ പ്രതിവാദങ്ങൾക്കുശേഷം ഫെബ്രുവരി 25നാണ് അന്തിമ വിധി പറയാനായി മാറ്റിവെച്ചത്.
ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ.എം. ഖാസി എന്നിവരടങ്ങിയ ഹൈക്കോടതി വിശാല ബെഞ്ചാണ് വാദം കേട്ടത്. ശിരോവസ്ത്രം ഇസ്‌ലാമിൽ അനിവാര്യമായ ആചാരമല്ലെന്നായിരുന്നു കർണാടക സർക്കാറിന്റെ പ്രധാന വാദം. ഇസ്‌ലാം മതവിശ്വാസ പ്രകാരം ഒഴിവാക്കാൻ കഴിയാത്ത ആചാരമാണ് ശിരോവസ്ത്രം ധരിക്കുയെന്നതെന്നും അത് അവരുടെ മൗലികാവകാശമാണെന്നും ഇതിൽ സംസ്ഥാന സർക്കാറിന് ഇടപെടാൻ അധികാരമില്ലെന്നുമാണ് ഹരജിക്കാരുടെ വാദം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വികസന സമിതികൾ നിശ്ചയിക്കുന്ന ഡ്രസ് കോഡ് നിർബന്ധമാക്കി ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തിയ കർണാടക സർക്കാറിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹരജിക്കാർ ചൂണ്ടികാണിച്ചിരുന്നു. ഹരജി പരിഗണിക്കുന്നതിനിടെ അന്തിമ വിധി വരുന്നതുവരെ ശിരോവസ്ത്രം ഉൾപ്പെടെയുള്ള മതപരമായ വസ്ത്രങ്ങൾ ധരിച്ച് വിദ്യാർത്ഥികൾ ക്ലാസുകളിൽ പ്രവേശിക്കരുതെന്ന ഇടക്കാല ഉത്തരവും ഫെബ്രുവരി പത്തിന് ഹൈക്കോടതി വിശാല ബെഞ്ച് പുറത്തിറക്കിയിരുന്നു.
ഇതിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ ഇടക്കാല ഉത്തരവ് ചൂണ്ടിക്കാണിച്ച് പരീക്ഷ എഴുതുന്നതിൽനിന്ന് ഉൾപ്പെടെ വിലക്കിയത് പ്രതിഷേധങ്ങൾക്കിടയാക്കി. ജനുവരിയിലാണ് ശിരോവസ്ത്ര വിലക്ക് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് കാരണമായത്. വിലക്കിനെതിരെ വിദ്യാർത്ഥികൾ നൽകിയ ഹരജിയിൽ രണ്ടു ദിവസം വാദം കേട്ട ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിന്റെ സിംഗിൾ ബെഞ്ചാണ് ഹരജി വിശാല ബെഞ്ചിലേക്ക് നിർദേശിച്ചത്.
അതേസമയം ഹിജാബ് ഹർജിയിൽ വിധി വരുന്ന പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചു. നാളെ മുതൽ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ