- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള തീരത്തേക്ക് 12 തീവ്രവാദികൾ എത്തിയെന്ന് കർണാടക ഇന്റലിജൻസ്; കർണാടകയുടെ തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദ്ദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ; ദേശവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും പ്രതികരണം
ബംഗളൂരു: കേരളതീരത്തേക്കു 12 തീവ്രവാദികൾ എത്തിയെന്ന റിപ്പോർട്ടുകൾക്കു പിന്നാലെ കർണാടക തീരദേശ പ്രദേശങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രണ്ട് ബോട്ടുകളിലായി 12 തീവ്രവാദികൾ ആലപ്പുഴയിൽ എത്തിയതായുള്ള കർണാടക ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണിത്. അതിർത്തികളിലെ തീരദേശത്തും സമീപത്തെ വന മേഖലയിലും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കണമെന്ന നിർദ്ദേശവും മുഖ്യമന്ത്രി നൽകി.
സംഭവത്തിൽ സംസ്ഥാനം അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും വിഷയം ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്നും ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പരസ്യമായി പറയാൻ കഴിയില്ല. ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ അനുവദിക്കില്ലെന്നും പൊലീസിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
''ചിലതു തുറന്നു പറയാനാകില്ല. എന്നാൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ ചെറുക്കുന്നതിൽ എൻഐഎയ്‌ക്കൊപ്പം കർണാടക പൊലീസും ജാഗരൂകരാണ്.'' ഹൂബ്ലി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രി പറഞ്ഞു.
'എൻഐഎയോടൊപ്പം തീരദേശത്തും സമീപ വനമേഖലയിലും നടക്കുന്ന ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ കർണ്ണാടക പൊലീസ് കർശന ജാഗ്രത പുലർത്തുന്നുണ്ട്. അതിനാൽ സർക്കാർ അതീവ ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ടെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു.സംശയം തോന്നിയതിന്റെ പേരിൽ എൻഐഎ ഒരാളെ പിടികൂടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാക്കിസ്ഥാനിലേക്കു പോകുന്നതിന് രണ്ടു ബോട്ടുകളിലായി 12 ഭീകരർ ആലപ്പുഴയിലെത്തിയതായാണ് ലഭിച്ച വിവരം.
കേരള, കർണാടക, തീരദേശ അതിർത്തികളിൽ അതീവ ജാഗ്രത പാലിക്കണമെന്നായിരുന്നു ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ദക്ഷിണ കന്നഡ, ഉടുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളും ജാഗ്രത പാലിക്കണം. കടലിൽ മീൻ പിടിക്കാൻ പോകുന്ന തൊഴിലാളികളോട് സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ അടുത്തുള്ള ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. മംഗളൂരു ഉൾപ്പെടെ കർണാടകയുടെ പടിഞ്ഞാറൻ തീരങ്ങൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. കേരളത്തിൽ നിന്നും വരുന്നവർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് തുടരും. ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യില്ല. കേരളത്തിലെ രോഗവ്യാപനം കുറയുന്ന സാഹചര്യത്തിൽ അതിർത്തിയിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുമെന്നും ബസവരാജ് അറിയിച്ചു.
ന്യൂസ് ഡെസ്ക്