ബംഗളുരു: ദേശീയ രാഷ്ടീയം മുഴുവൻ ബംഗളുരുവിലേക്ക് ഉറ്റുനോക്കുകയാണ്. കോൺഗ്രസ്- ജെഡിഎസ് സഖ്യം അധികാരത്തിൽ എത്താതിരിക്കാൻ ബിജെപി നടത്തിയ പരിശ്രമത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ട ശേഷം ഇപ്പോൾ രണ്ടാംഘട്ടം പാതി വിജയിച്ചിരിക്കുകയാണ്. ബിജെപി പ്രതീക്ഷയാൾ പ്രോ ടേം സ്പീക്കറായി ചുമതലയേറ്റു. തുടർന്ന് എഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. ഇതിനിടെ വിശ്വാസ വോട്ടെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പ രാജിവെച്ചതായി സൂചനയും പുറത്തുവന്നു. വിവിധ ദേശീയ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ രാജി നൽകിയതായാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 13 പേജുള്ള രാജിപ്രസംഗം തയ്യാറാക്കിയതായും അഭ്യൂഹങ്ങളുണ്ട്.

കോൺഗ്രസിൽ നിന്ന് രണ്ട് എംഎൽഎമാരും ഒരു ജെഡിഎസ് എംഎൽഎയും രണ്ട് സ്വതന്ത്രരും പിന്തുണയ്ക്കുമെന്ന് ഏതാണ്ട് ഉറപ്പായെങ്കിലും വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് രാജിക്ക് ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. സർക്കാർ രൂപവത്കരണം സുപ്രീംകോടതി വരെ എത്തിയ സാഹചര്യത്തിൽ പൊതുജനവികാരം എതിരാണെന്നും ഇനിയും നാടകം തുടരുകയാണെങ്കിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും ബിജെപി ഭയക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജിവെച്ച് ഒരു സഹതാപതരംഗം നേടിയെടുക്കാനാണ് യെദ്യൂരപ്പയുടെ ശ്രമമമെന്നാണ് പുറത്തുവരുന്ന വിവരം.

അതേസമയം രണ്ട് കോൺഗ്രസ് എംഎൽഎമാർ വിട്ടു നിന്നിരുന്നു. ഇവർ ബംഗളുരുവിലെ ഹോട്ടലിൽ കഴിയുകയയിരുന്നു ഇവർ ഇപ്പോൾ വിധാൻ സഭയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവരെ കാണാനില്ലെന്ന് കാണിച്ച് കോൺഗ്രസ് പരാതി നല്കിയതോടെ പൊലീസ് കമ്മീഷണർ സ്ഥലത്തെത്തി. ഇവർക്ക് വിപ്പു നൽകാൻ കോൺഗ്രസ് നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇതിനിടെ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പ തനിക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്‌തെന്ന് കോൺഗ്രസ് എംഎ‍ൽഎ ബി.സി പാട്ടീൽ വ്യക്തമാക്കി. ബസ് യാത്രക്കിടെയാണ് യെദിയൂരപ്പ വിളിച്ചതെന്നും തന്നോടൊപ്പമുള്ള മൂന്ന് എംഎ‍ൽഎ മാരോടൊപ്പം വന്നാൽ മന്ത്രിപദവി തരാമെന്ന് വാഗ്ദാനം ചെയ്‌തെന്നുമാണ് കോൺഗ്രസ് ആരോപിച്ചിരിക്കുന്നത്. ഇതിന്റെ ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര കോൺഗ്രസ് എംഎ‍ൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും ആരോപണം ഉയർന്നു. എംഎ‍ൽഎമാരുടെ ഭാര്യമാരെ വിളിച്ചാണ് വിജയേന്ദ്ര പണം വാഗ്ദാനം ചെയ്തത്. 15കോടി രൂപയാണ് വിജേയന്ദ്ര വാഗ്ദാനം ചെയ്തത്. ഇതിന്റെ ശബ്ദരേഖയും കോൺഗ്രസ് പുറത്തുവിട്ടു.

ഇതോടെ മൂന്ന് ശബ്ദരേഖകളാണ് ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ ഈ ശബ്ദരേഖകളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. കെ.ജി.ബൊപ്പയ്യയെ പ്രോടെം സ്പീക്കറാക്കി കൊണ്ട് സത്യപ്രതിജ്ഞ സഭയിൽ തുടരുകയാണ്. ഇപ്പോൾ എംഎൽഎമാർക്ക് ഭക്ഷണം കഴിക്കാനുള്‌ല ബ്രേക്ക് അനുവദിച്ചിരിക്കയാണ്. വിശ്വാസ വോട്ടെടുപ്പ് മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേഷണം ചെയ്യാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് സഭാ നടപടികൾ തത്സമയം നാല് മണിക്ക് നടക്കും.

രാവിലെ തന്നെ അംഗങ്ങൾ വന്ദേമാതരം ചൊല്ലി സഭാ നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിറകെ, കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും സത്യപ്രതിജ്ഞ ചെയ്തു. മറ്റ് ബിജെപി, കോൺഗ്രസ്, ജെ.ഡി.എസ് എംഎ‍ൽഎമാരുടെ സത്യപ്രതിജ്ഞ തുടരുന്നു. എന്നാൽ കോൺഗ്രസിന്റെ രണ്ട്എംഎ‍ൽഎമാർ സത്യപ്രതിജ്ഞക്കെത്തിയിട്ടില്ല. ആനന്ദ് സിങ്, പ്രതാപ് ഗൗഡ പാട്ടീൽ എന്നിവരാണ് ചടങ്ങിൽ നിന്ന് വിട്ടുനിന്നത്.

സമാധാനപരമായി വിശ്വാസവോട്ട് നടത്താൻ കർണാടക നിയമസഭ വിധാൻ സൗധയിൽ 200 ഓളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രൊടെം സ്പീക്കർ കെ.ജി ബൊപ്പയ്യ സഭാധ്യക്ഷ സ്ഥാനത്തിരുന്ന് നടപടികൾ നിയന്ത്രിച്ചു. സിദ്ധരാമയ്യ, രാമലിംഗ റെഡ്ഢി തുടങ്ങി കോൺഗ്രസ് എംഎ‍ൽഎമാരും ബിജെപി എംഎ‍ൽഎമാരും വിധാൻ സൗധയിൽ ഹാജരായിട്ടുണ്ട്. നിയമസഭക്ക് മുന്നിൽ ശക്തമായ പൊലീസ് കാവലുണ്ട്. പാർട്ടി പ്രവർത്തകരെ നിയമസഭാ പരിസരത്തേക്ക് പോലും കടത്തിവിടാതിരിക്കാൻ വേണ്ട എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്.

ഇരുമുന്നണികളും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നിയമസഭയിൽ വിശ്വാസവോട്ട് നേടുമെന്നതിൽ നൂറു ശതമാനം ഉറപ്പെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ പ്രതികരിച്ചു. നാലുമണിക്ക് ശേഷം ആഘോഷിക്കാൻ തയ്യാറെടുക്കാൻ പ്രവർത്തകരോട് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, കേന്ദ്ര സർക്കാർ തടവിലാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ച എംഎ‍ൽഎ ആനന്ദ് സിങ് വൈകീട്ട് നാലിന് വിശ്വാസവോട്ടിന് പങ്കെടുക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. അദ്ദേഹം ഇപ്പോൾ തങ്ങളോടൊപ്പമില്ല. എന്നാൽ നേതാക്കളുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടുണ്ട്. നാലിന് വിശ്വാസവോട്ടിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് വോട്ടുചെയ്യുമെന്നും കോൺഗ്രസ് നേതാവ് രാഗലിംഗ റെഡ്ഢി പറഞ്ഞു.

രാവിലെ കോടതി മുമ്പാകെ കോൺഗ്രസ് നൽകിയ ഹർജി കോടതി പരാമർശങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു. ചാനലുകൾക്ക് ദൃശ്യങ്ങൾ എടുക്കാം. സുതാര്യത ഉറപ്പാക്കാൻ ഇതിൽ കൂടുതൽ എന്ത് വേണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞ യും വിശ്വാസ വോട്ടെടുപ്പും മാത്രമേ ഇന്ന് നടക്കാവൂവെന്നും ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്‌ഡെ, അശോക് ഭൂഷൺ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് നിർദേശിച്ചു. കീഴ്‌വഴക്കം മറികടന്ന് യെദിയൂരപ്പയുടെ വിശ്വസ്തനും വിവാദങ്ങളിൽ ആരോപണവിധേയനുമായ മുൻ സ്പീക്കർ കെ.ജി. ബൊപ്പയ്യയെ പ്രോടെം സ്പീക്കറായി നിയമിച്ചതിനെ ചോദ്യം ചെയ്താണ് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചത്. വിശ്വാസവോട്ടെടുപ്പ് ബൊപ്പയ്യ നടത്തിയാൽ അംഗീകരിക്കില്ലെന്ന് കോൺഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു.