- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേരിട്ടുള്ള വിദേശനിക്ഷേപങ്ങളിൽ കർണാടകയ്ക്ക് ഒന്നാം സ്ഥാനം; 83 ബില്യൺ ഡോളറിന്റെ എഫ്ഡിഐ; കോൺഗ്രസും ബിജെപിയും മാറി മാറി ഭരിച്ചിട്ടും വ്യവസായ-സൗഹൃദ സംസ്ഥാനമെന്ന പദവിക്ക് മാറ്റമില്ല; കേരളത്തിൽ നിക്ഷേപിക്കാൻ വിദേശ കമ്പനികൾക്ക് ഒരു താൽപര്യവുമില്ല
ബംഗളൂരു: നേരിട്ടുള്ള വിദേശനിക്ഷേപം സമാഹരിക്കുന്നതിൽ കർണാടക ഒന്നാം സ്ഥാനത്ത്. കംപ്യൂട്ടർ ഹാർഡ് വെയർ-സോഫ്റ്റ് വെയർ നിർമ്മാണ രംഗത്താണ് വമ്പൻ വിദേശ നിക്ഷേപങ്ങൾ കർണാടകത്തിന് ലഭിച്ചതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 53 ശതമാനം വിദേശ നിക്ഷേപമാണ് ഈ മേഖലയിൽ ലഭിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തിനും കൈവരിക്കാനാവാത്ത നേട്ടമാണ് കർണാടകയ്ക്ക് ലഭിച്ചത്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും, ഡൽഹിയും. കഴിഞ്ഞ സാമ്പത്തിക വർഷം 83.57 ബില്യൺ ഡോളറിന്റെ വിദേശ നിക്ഷേപമാണ് കർണാടകയ്ക്ക് ലഭിച്ചത്. എന്നാൽ, കേരളത്തിൽ 100 കോടി രൂപയുടെ പോലും നേരിട്ടുള്ള വിദേശ നിക്ഷേപ സംരംഭങ്ങൾ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ ഉണ്ടായിട്ടുമില്ല.
ലോകം മുഴുവൻ കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ പോലും കർണാടകയിൽ ഇത്രയധികം നേരിട്ടുള്ള വിദേശനിക്ഷേപം ഉണ്ടായത് വലിയ നേട്ടമായിട്ടാണ് രാജ്യം വിലയിരുത്തുന്നത്. വ്യവസായ-സൗഹൃദ സംസ്ഥാനമെന്നതിലുപരി നിക്ഷേപകർക്ക് അനുയോജ്യമായ രീതിയിൽ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ സംസ്ഥാനം ഭരിക്കുന്ന എല്ലാ പാർട്ടികളും തയ്യാറായി എന്നതാണ് ഈ നേട്ടത്തിന്റെ പ്രധാന കാരണം. എയറോ സ്‌പേസ്, ഡിഫൻസ്, അഗ്രോടെക്, ബയോടെക്, നാനോ ടെക്‌നോളജി, ഇലക്ടോണിക്‌സ്, ഡ്രോൺ മാന്യുഫാക്ചറിങ്, ഹോസ്പിറ്റാലിറ്റി, ഫുഡ് പ്രോസസിങ് തുടങ്ങി നിരവധി മേഖലകളിലാണ് വിദേശ നിക്ഷേപങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായിട്ടുണ്ട്. ഇതോടൊപ്പം തന്നെ ടൊയോട്ട, ബോയിങ് എന്നീ രാജ്യാന്തര കമ്പനികളും, ഓട്ടോ മൊബൈൽ, എയറോ സ്‌പേസ് എന്നീ വിഭാഗങ്ങളിൽ വമ്പൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
വ്യവസായ-സൗഹൃദ സംസ്ഥാനമെന്ന നിലയിൽ നിക്ഷേപകർക്ക് അനുയോജ്യമായ തരത്തിൽ എല്ലാ സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഏകജാലക സംവിധാനം വഴി ഏർപ്പെടുത്തികൊടുക്കുകയാണ് പതിവ്. നിക്ഷേപകർക്കായി വാണിജ്യ നികുതിയിൽ ഇളവ്, വൈദ്യുതി സബ്‌സിഡി, കുറഞ്ഞ വിലയിൽ വ്യവസായ ആവശ്യത്തിനുള്ള സ്ഥലം, ഇങ്ങനെ നിക്ഷേപകർക്ക് ആവശ്യമുള്ള പശ്ചാത്തല സൗകര്യങ്ങൾ സർക്കാർ നേരിട്ടാണ് ചെയ്തുകൊടുക്കുന്നത്.
ഓരോ വ്യവസായത്തിന്റെയും സ്വഭാവം അനുസരിച്ചുള്ള നികുതി ഇളവുകളും മറ്റ് ആനുകൂല്യങ്ങളുമാണ് നൽകുന്നത്. പത്ത് വർഷത്തേക്ക് വൈദ്യുതി സബ്‌സിഡി നൽകുന്നത് മുതൽ വ്യവസായത്തിന് ആവശ്യമായ വെള്ളം സബ്‌സിഡിയോടുകൂടി നൽകുന്നതുമൊക്കെ കർണാടകത്തിൽ പതിവാണ്. കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന എസ്.എം കൃഷ്ണയുടെ കാലം മുതലാണ് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിന് വേണ്ടിയുള്ള നയങ്ങളും സമീപനങ്ങളും കർണാടക സ്വീകരിച്ചുതുടങ്ങിയത്. രാഷ്ട്രീയ പാർട്ടികൾ പലരും മാറിമാറി ഭരിച്ചെങ്കിലും വ്യവസായ വികസനത്തിന് ആവശ്യമായ നയങ്ങളിൽ കാതലായ യാതൊരു മാറ്റവും വരുത്തിയില്ല എന്നതാണ് കർണാടകത്തിന്റെ നേട്ടം.