കൊച്ചി: കാടിന്റെ മക്കൾ എന്നറിയപെടുന്ന ആദിവാസി സമൂഹം നമ്മെക്കാളേറെ പ്രകൃതിയെ നേഞ്ചോട് ചേർത്ത് പിടിക്കുന്നവരാണ് . അവരെ സഹായിക്കാൻ ടെക്കികളുടെ കൂട്ടായ്മ രംഗത്തെത്തുന്നു. മാന്യമായ തൊഴിൽ ചെയ്യാനായി അവരെ പരിശീലിപ്പിച്ച് കുട നിർമ്മിച്ച് വിപണനത്തിന് എത്തിക്കുകയാണ് ഒരു സംഘം സാമൂഹ്യ, ഐടി കൂട്ടായ്മയിലൂടെ.

മണ്ണിനെയും മരത്തെയും കാടിനെയും ആത്മാർത്ഥമായി സ്‌നേഹിക്കുന്ന ഇവരെ അവഗണനയിലും അവജ്ഞയിലും പൊതിഞ്ഞ സഹതാപ തലോടലുകൾക്ക് സഹായിക്കാനില്ല എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. സഹതാപത്തെക്കാളേറെ അവരുടെ അദ്ധ്വാനത്തിന് മാന്യമായ വില നൽകാൻ തയ്യാറായാൽ, ഒരു സ്ഥിരം തൊഴിൽ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചാൽ അത് മതി അവരുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വക്കാൻ. ഈ തിരിച്ചറിവിൽ നിന്നാണ് ആദിവാസി അമ്മമാരെ പരിശീലനം നൽകി കുട നിർമ്മാണത്തിലേക്ക് കൊണ്ട് വരാൻ കാർത്തുമ്പി എന്ന സാമൂഹിക കൂട്ടായ്മ ശ്രമിക്കുന്നത്.

ആദിവാസി സംഘടനയായ 'തമ്പ്' ഉം ഓൺലൈൻ കൂട്ടായ്മ ആയ 'പീസ് കളക്റ്റീവ്' ഉം സംയുക്തമായി ആരംഭിച്ചതാണ് കുട നിർമ്മാണ സംരംഭം. കുട നിർമ്മാണത്തിൽ പരിശീലനം നേടിയ ദാസന്നൂർ ആദിവാസിയൂരിലെ ഈ ലക്ഷ്മി എന്ന വീട്ടമ്മയാണ് മറ്റുള്ളവരെ കുടനിർമ്മാണത്തിന്റെ പാഠങ്ങൾ പഠിപ്പിച്ചത്. വിവിധ സന്നദ്ധ സംഘടനകൾ വഴിയും വിദ്യാലയങ്ങൾ, കലാലയങ്ങൾ, ഇതര സ്ഥാപനങ്ങൾ എന്നിവയിലൂടെയുമാണ് ഈ കുടകൾ സമൂഹത്തിലേക്ക് എത്തിക്കുന്നത്. അട്ടപ്പാടിയിലെ അമ്പതോളം യുവതികൾക്ക് കുടനിര്മാണത്തിൽ പരിശീലനം നല്കിയാണ് പദ്ധതി യാഥാര്ഥ്യമാക്കിയത്..

ഇവരോടൊപ്പം പ്രോഗ്രസ്സീവ് ടെക്കീസ് എന്ന ഐടി സാംസ്‌കാരിക സംഘടനയും ഇതിനായി കൈകോർക്കുന്നു. അട്ടപ്പാടിയിലെ അമ്മമാർ നിർമ്മിക്കുന്ന കർത്തുമ്പി കുടകളുടെ ഗുണനിലവാരം മറ്റുള്ളവയോട് കിടപിടിക്കത്തക്കതാണ്. ഇവ വഴിയുള്ള വരുമാനം ഇവർക്കൊരു കൈത്താങ്ങാവും. ലാഭവിഹിതം പൂർണ്ണമായും ആദിവാസി ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതാണ്.

ആദിവാസി വീട്ടമ്മമാരെ അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയാണ് അവരുടെ സ്വന്തം ബ്രാൻഡായി ഒരുക്കുന്ന 'കാർത്തുമ്പി' കുടകളുടെ നിർമ്മാണത്തിലൂടെ. അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകളുടെ സ്വപ്രയത്‌നം തന്നെയാണ് ഇതിന്റെ മൂലധനം. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇതിനോടകം തന്നെ ഈ സംരംഭം ചർച്ചയായി കഴിഞ്ഞു. വിദ്യാലയങ്ങൾ, കലാലയങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവ വഴിയാണ് പ്രധാനമായും ഈ കുടകൾ വിറ്റഴിക്കപ്പെടുന്നത്.

ഈ അവസരത്തിലാണ് കേരളത്തിന്റെ വാണിജ്യ തലസ്ഥാനത്തു ഈ സംരംഭത്തിന് പിന്തുണയുമായി ഒരു കൂട്ടം ടെക്കികൾ കടന്നു വരുന്നത്. 'പ്രോഗ്രെസ്സീവ് ടെക്കീസ്' എന്ന ടെക്കി കൂട്ടായ്മയാണ് കൊച്ചി ഇൻഫോപാർക്കിൽ ഇതവതരിപ്പിക്കുന്നത്. സമൂഹത്തിന്റെ ഏതു തലത്തിൽ എന്ന പോലെ ഐ ടി ജീവനക്കാരുടെ ഇടയിലും ശാക്തീകരണത്തിന്റെ ഈ സന്ദേശം എത്തിപ്പെടണം എന്ന ഉത്തമ ബോധ്യം തന്നെയാണ് കൊച്ചി ഇൻഫോപാർക്കിൽ 'കർത്തുമ്പി' കുടകളുടെ പ്രചാരണവും അതിലൂടെ വില്പനയും പ്രോഗ്രസ്സീവ് ടെക്കീസ് ഏറ്റെടുത്തത്.

വിവിധ വർണങ്ങളിൽ ഉള്ള ത്രീ ഫോൾഡ് കുടകളാണ് കാർത്തുമ്പി ബ്രാൻഡിലൂടെ നിർമ്മിക്കപ്പെടുന്നത്. ഇപ്പോൾ വിതരണം ചെയ്യുന്ന പ്രീ സെയ്ൽ കൂപ്പണുകൾ അനുസരിച്ചു കുടകൾ മെയ് അവസാന വാരത്തോടെ ടെക്കികളുടെ പക്കൽ എത്തിച്ചു കൊടുക്കും.

350 രൂപയാണ് ഒരു കുടയുടെ വില. ഓരോ ആദിവാസി അമ്മമാരുടെ കയ്യിലും എത്തുന്ന വേതനവും മുഖത്തു വിരിയുന്ന ആനന്ദവും തന്നെയാണ് ഇതിലൂടെ ലഭിക്കുന്ന ഏക പ്രതിഫലം. ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ടെക്കികളുടെ ഇടയിൽ നിന്നും മറ്റുള്ളവരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരുവനന്തപുരം, കൊരട്ടി, കോഴിക്കോട് തുടങ്ങിയ മറ്റു ഐ ടി പാർക്കുകളിലെ പ്രോഗ്രസ്സീവ് ടെക്കീസിന്റെ പ്രവർത്തകരും ഈ സംരംഭത്തിന് പ്രചോദനമായി കൂടെയുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിൽ ഉള്ളവരുടെ നിസ്വാർത്ഥമായ സഹകരണം ഉണ്ടാകും എന്ന പ്രതീക്ഷയോടെ പ്രചാരണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നു...

ഒന്നിച്ചു നിന്നാൽ വിജയിപ്പിക്കാവുന്ന ഈ അതിജീവന ശ്രമത്തിൽ കാർത്തുമ്പി കുടകൾ വാങ്ങി ഭാഗമാകാൻ സുമനസ്സുകളായ ഓരോരുത്തരേയും ക്ഷണിക്കുന്നുമുണ്ട് ഇതിന്റെ അണിയറ പ്രവർത്തകർ. പ്രോഗ്രസ്സീവ് ടെക്കീസിന്റെ ഫേസ്‌ബുക് പേജ് വഴി കുട ബുക്ക് ചെയ്യാം.

https://www.facebook.com/progressive.techies/