കൊല്ലം: സഹോദരിയുടെ വിവാഹ ദിവസത്തെ രാത്രിയിൽ സഹോദരന്മാരും അമ്മാവനും സുഹൃത്തും സന്തോഷം കണ്ടെത്തിയത് ഒന്നുമറിയാത്ത കുരുന്നിന്റെ ശരീരം കവർന്നെടുത്ത്. മാസങ്ങൾ പിന്നിട്ട സംഭവം പുറത്ത് വന്നത് പത്ത് വയസ്സുകാരിയുടെ നെഞ്ച് വേദന പരിശോദിച്ച ഡോക്ടറുടെ ഇടപെടൽ. പീഡന വിവരം പൊലീസിൽ അറിയിച്ചതോടെ പ്രതികളെ മണിക്കൂറുകൾക്കകം പിടികൂടി. ചോദ്യം ചെയ്യലിൽ വെളിവായത് മൂന്ന് വർഷം നീണ്ട ലൈംഗിക അക്രമം.

കരുനാഗപ്പള്ളിയിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന പീഡനം നടന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മൂന്നുവർഷമായി ലൈംഗിക ചൂഷണം ചെയ്തിരുന്ന നാല് പ്രതികളെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. തൊടിയൂർ വടക്കുംമുറിയിൽ കന്നേത്തറയിൽ വീട്ടിൽ അനീഷ്‌കുമാർ (29), പന്മന വില്ലേജിൽ പോരൂക്കര മുറിയിൽ കരീത്തറ ക്ഷേത്രത്തിന് സമീപം കരീത്തറ വടക്കതിൽ വീട്ടിൽ രാജീവ് (33), അഖിൽ, ശിവകുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്.

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പെൺകുട്ടിയുടെ ശരീരത്തിൽകണ്ട അസ്വഭാവികതയെ തുടർന്ന് ഡോക്ടർ പെൺകുട്ടിയോട് സംസാരിക്കുകയും പെൺകുട്ടി ഡോക്ടറോട് കാര്യങ്ങൾ തുറന്നുപറയുകയുമായിരുന്നു. ഇതിനെത്തുടർന്നാണ് പീഡനവിവരം പുറത്തറിഞ്ഞത്. പൊലീസ് പ്രതികളെ രഹസ്യാന്വേഷണത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പ്രതികളെ ജുവൈനൽ കോടതിയിലും മറ്റ് രണ്ടുപേരെ കരുനാഗപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലും ഹാജരാക്കി റിമാന്റ് ചെയ്തു.

തൊടിയൂർ സ്വദേശി അഖിലിന്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ ഓഗസ്റ്റ് മാസം ആയിരുന്നു. വിവാഹത്തിന്റെ രാത്രിയിലാണ് നാലുപേരും പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ചത്. മൂന്ന് വർഷമായി അഖിൽ ലൈംഗിക ചൂഷണം നടത്തി വരികയായിരുന്നു. വിവാഹ രാത്രിയിൽ മദ്യപിച്ച് മദോന്മത്തരായ പ്രതികൾ സംസാരത്തിനിടെ അയൽപക്കത്തെ പെൺകുട്ടിയെ പറ്റി സംസാരിക്കുകയും ഈ സമയം അഖിൽ ഞാൻ വിളിച്ചാൽ ഏതു പാതിരാത്രിയിലായാലും അവൾ വരുമെന്ന് വീമ്പിളക്കുകയും ചെയ്തു. എന്നാൽ അതൊന്ന് കാണട്ടെ എന്ന് മറ്റു പ്രതികൾ പറഞ്ഞതോടെ അഖിൽ തൊട്ടയൽപക്കത്തെ പത്ത് വയസ്സുകാരിയെ വിളിച്ചു വരുത്തുകയായിരുന്നു.

പിന്നീട് ഇവർ നാലു പേരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. അന്നത്തെ സംഭവത്തിന് ശേഷം വയറുവേദനയായി പെൺകുട്ടി കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അസാഭാവികത ഒന്നും തോന്നാതിരുന്ന ഡോക്ടർ വയറുവേദന മാറാനുള്ള മരുന്ന് നൽകി വിട്ടയച്ചു. വീണ്ടും പല പ്രാവിശ്യവും വയറു വേദനയുമായി കുട്ടി ആശുപത്രിയിൽ എത്തിയിരുന്നു. ഏതാനം ദിവസം മുൻപ് വയറുവേദനും നെഞ്ചുവേദനയുമായി വീണ്ടും പെൺകുട്ടിയെത്തിയപ്പോൾ ഡോക്ടർ വിശദമായ പരിശോദന നടത്തി. വസ്ത്രങ്ങൾ അഴിച്ചു നടത്തിയ പരിശോദനയിൽ നെഞ്ചിലും സ്വകാര്യ ഭാഗങ്ങളിലും മുറിപ്പാടുകൾ കണ്ടെത്തി.

തുടർന്ന് കൂടെയുണ്ടായിരുന്ന മാതാവിനെ പുറത്ത് നിർത്തി കുട്ടിയെ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഡോക്ടർ ഉടൻ കരുനാഗപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയും കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പെൺകുട്ടിയോട് വിവരം പുറത്ത് പറഞ്ഞാൽ അച്ഛനേയും അമ്മയേയും കൊന്ന് കളയുമെന്ന് അഖിൽ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി.

കരുനാഗപ്പള്ളി അസി:പൊലീസ് കമ്മീഷണർ എസ്.ശിവപ്രസാദ്, പൊലീസ് ഇൻസ്പെക്ടർ ആർ.രാജേഷ്‌കുമാർ,എസ്.ഐമാരായ ശിവകുമാർ, ബിജു, രാജശേഖരൻപിള്ള, രാധാകൃഷ്ണപിള്ള, ഹരികുമാർ, എസ്.സി.പി.ഒ മാരായ ശ്രീകുമാർ, ഷാജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.