ചൈന്നെ: ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ പ്രതിച്ഛായ മാറുന്നു. തന്റെ മുഖത്തിന്റെ തന്നെ ഭാഗമായ പഴയ കറുത്ത കണ്ണട മാറ്റിയിരിക്കുകയാണ് 93കാരനായ കലൈഞ്ജർ. എംജിആർ കാലത്തു തന്നൈ മുഖത്തു സ്ഥാനം പിടിച്ച കണ്ണട മാറ്റി പുതിയ കാഴ്ചപ്പാടിലാണ് തമിഴകത്തിന്റെ കരുണാനിധി

ഒരർത്ഥത്തിൽ കരുണാനിധിയുടെ തിരിച്ചറിയൽ അടയാളമായിരുന്നു കറുത്ത കണ്ണട. നാലു പതിറ്റാണ്ടിലേറെയായി കലൈഞ്ജറെ ആ കണ്ണടയില്ലാതെ ലോകം കണ്ടിട്ടില്ല. പ്രായാധിക്യത്തിന്റെ അവശതകളാൽ പൊതുപരിപാടികൾ ഒഴിവാക്കി വീട്ടിൽ കഴിയുന്ന കരുണാനിധിയോടു ഡോക്ടറാണു കണ്ണട മാറ്റണമെന്നു പറഞ്ഞത്.

ആദ്യം വിസമ്മതിച്ചെങ്കിലും ഡോക്ടറുടെ നിർബന്ധത്തിന് അദ്ദേഹം വഴങ്ങി. ഇറക്കുമതി ചെയ്ത ഇളംകറുപ്പ് കണ്ണടയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മകൻ എം.കെ.തമിഴരശന്റെ ആവശ്യപ്രകാരം 40 ദിവസമെടുത്താണു കരുണാനിധിക്ക് അനുയോജ്യമായ ഫ്രെയിം കണ്ടെത്തിയത്. കനം കുറഞ്ഞ, ജർമൻ ഫ്രെയിം ആണ് കലൈഞ്ജർക്കായി പ്രത്യേകം വരുത്തിയത്.

പുതിയ കണ്ണടയുമായാണ് പുതുവർഷത്തെ കലൈഞ്ജർ വരവേൽക്കുന്നത്. പുതിയ കണ്ണട കസേരഭാഗ്യവും കൊണ്ടുവരുമോ ..കണ്ടറിയാം