തൃശൂർ: കരുവന്നൂർ ബാങ്ക് വായ്‌പ്പാ തട്ടിപ്പുക്കേസിൽ സിപിഎമ്മിൽ കൂട്ട നടപടി. പാർട്ടി അംഗങ്ങളായ എട്ടു പേർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സികെ ചന്ദ്രനെ ഒരു വർഷത്തേക്ക് പാർട്ടി സസ്പെന്റ് ചെയ്തു. പ്രതികളായ നാലു പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബിജു കരീം, ജിൽസ്, സുനിൽകുമാർ, മുൻ ഭരണസമിതി പ്രസിഡന്റ് ദിവാകരൻ എന്നിവരെയാണ് പുറത്താക്കിയത്.

ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയെയും മാറ്റുകയും രണ്ടു ജില്ലാ കമ്മറ്റി അംഗങ്ങളെ ഏരിയ കമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. ജില്ലാ കമ്മറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആർ വിജയ എന്നിവരെയാണ് തരം താഴ്‌ത്തിയത്. തൃശൂർ ജില്ലാ കമ്മിറ്റി യോഗത്തിലാണ് സിപിഎം നടപടി.

രണ്ടു ദിവസമായി നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിനും തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിനും ശേഷമാണ് സിപിഎമ്മിൽ കൂട്ട നടപടി ഉണ്ടായിരിക്കുന്നത്. ബാങ്കിന്റെ ഭരണസമിതിയിൽ ഉണ്ടായിരുന്ന ഒരാളെ ഒഴികെ ബാക്കി എല്ലാവരെയും പുറത്താക്കാനും തീരുമാനിച്ചു. പുറച്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെയും ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പ്രതികളായ ജീവനക്കാരെയും പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടുണ്ട്. ലോക്കൽ കമ്മിറ്റി അംഗങ്ങളായ സുനിൽകുമാർ, ബിജു കരീം, ബ്രാഞ്ച് കമ്മിറ്റി അംഗം ജിൽസൺ എന്നിവർക്കെതിരേയാണ് നടപടി.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ തൃശൂർ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയരുന്നു. ഇതിന് പിന്നാലെയാണ് ജില്ലാ കമ്മിറ്റി നടപടി. ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ പാർട്ടി -സർക്കാർ തലത്തിൽ തിരുത്തൽ നടപടിയെടുക്കാനും തീരുമാനമായിട്ടുണ്ട്. സമാനമായ തട്ടിപ്പ് ആവർത്തിക്കരുതെന്ന് സിപിഎം സഹകരണ വകുപ്പിന് നിർദ്ദേശം നൽകി. ബാങ്ക് തട്ടിപ്പ് സംസ്ഥാന നേതൃത്വം നേരത്തേ അറിഞ്ഞിരുന്നെന്നും ഇതോടെ വ്യക്തമായി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന്റെ ഗൗരവം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താൻ ജില്ലാഘടകത്തിനു കഴിഞ്ഞില്ലെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയർന്ന വിമർശനം. തട്ടിപ്പിനെ കുറിച്ച് ആദ്യം പരാതി ലഭിച്ചത് തൃശൂരിൽ നിന്നുള്ള സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനാണ്. ജില്ലയിൽ അന്വേഷണം തീരുമാനിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ജില്ലയിൽ നിന്നു തന്നെയുള്ള എ.സി.മൊയ്തീൻ അന്ന് സഹകരണ മന്ത്രിയായിരുന്നു. അതിനാൽ തട്ടിപ്പിനെ കുറിച്ച് കൃത്യമായ വിവരം അദ്ദേഹത്തിനും ഉണ്ടായിരുന്നു.

എന്നിട്ടും വേണ്ടത്ര പ്രധാന്യത്തോടെ ഇത് സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ജാഗ്രത കാട്ടുകയും ചെയ്തില്ല. തട്ടിപ്പ് വിശദമായി പരിശോധിക്കാൻ ജില്ലാ നേതൃത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശം നൽകി. തൃശൂരിൽ പാർട്ടിയുടേയും സഹകരണ പ്രസ്ഥാനങ്ങളുടേയും വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഉതകുന്ന നടപടികൾ വേണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ജില്ലാ നേതൃത്വത്തിനും സർക്കാരിനും നിർദ്ദേശം നൽകി.

സഹകരണ മേഖലയിൽ പിടിമുറുക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്ന സാഹചര്യത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും ശക്തമായ ജാഗ്രത പുലർത്തണം എന്നും തീരുമാനിച്ചു. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളായ സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് സിപിഎമ്മിന് വലിയ ആഘാതമാണെന്നതിനാലാണ് പെട്ടന്നു തന്നെ തിരുത്തൽ നടപടികളിലേക്ക് നീങ്ങിയത്. ക്രമക്കേടുകൾ തടയാൻ സഹകരണ നിയമഭേദഗതിക്ക് സർക്കാരും നടപടി തുടങ്ങി. സഹകരണ വിജിലൻസ് ശക്തിപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.