തൃശൂർ: 300 കോടി രൂപയുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാംപ്രതി ടിആർ സുനിൽ കുമാർ പിടിയിൽ. തൃശൂരിൽ നിന്നാണ് ഇയാൾ ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്.

സുനിൽ കുമാർ മുൻപ് കരുവന്നൂർ ബാങ്ക് സെക്രട്ടറിയായിരുന്നു. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങൾ പുറത്തെത്തിയതോടെ സുനിൽ കുമാർ ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. നിലവിൽ ആറ് പേരാണ് കേസിൽ പ്രതികളായുള്ളത്. ഒളിവിൽ പോയ ഇവർക്ക് വേണ്ടി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

കേസിൽ നിലവിൽ ആറു പ്രതികളാണുള്ളത്. സുനിൽ കുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ.ബിജു കരിം (45), മുൻ സീനിയർ അക്കൗണ്ടന്റ് സി.കെ.ജിൽസ് (43), ഇടനിലക്കാരൻ കിരൺ (31), കമ്മിഷൻ ഏജന്റായിരുന്ന എ.കെ.ബിജോയ് (47), ബാങ്കിന്റെ ബാങ്കിന്റെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടന്റ് റെജി അനിൽ (43). ഇവർക്കെതിരെ ക്രൈംബ്രാഞ്ച് നേരത്തെ ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു. നാലാംപ്രതി കിരൺ രാജ്യം വിട്ടതായാണ് സൂചന.

100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂർ ബാങ്കിലെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ ജൂലായ് 17നാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. പൊലീസ് എഫ്‌ഐആറിലെ ആദ്യ ആറ് പ്രതികൾക്ക് എതിരെയാണ് കേസ്. പിഎംഎൽഎ ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്താണ് അന്വേഷണം നടത്തുക.

അതിനിടെ കരുവന്നൂർ വായ്പാ തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞില്ലെന്ന വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നു. 2018 ഡിസംബർ 8 ന് മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച ചെയ്തിരുന്നു. ബാങ്ക് ഭരണസമിതി പ്രസിഡന്റ് കൂടി അംഗമായ ബ്രാഞ്ചിൽ, അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് വിമർശനം ഉയർന്നത്. പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജു മാസ്റ്ററാണ് വിമർശനം ഉന്നയിച്ചത്. തട്ടിപ്പ് നടക്കുന്നതിൽ തനിക്ക് പങ്കില്ലെന്ന് പ്രസിഡന്റ് യോഗത്തിൽ വിശദീകരിക്കുന്നതും ശബ്ദരേഖയിലുണ്ട്.