തൃശൂർ: ജില്ലയിലെ കരുവന്നൂർ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് സിപിഎം നിയന്ത്രണത്തിലുള്ള മുൻ ഭരണസമിതി നടത്തിയ വൻക്രമക്കേടിന്റെ മഞ്ഞുമല മാത്രമെന്ന് സൂചന. സഹകരണ ബാങ്കിൽ നൂറ് കോടിയുടെ വായ്പ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിന് പിന്നാലെ മറ്റ് മേഖലയിലും ക്രമക്കേട് എന്ന് തെളിയിക്കുന്നതാണ് രേഖകൾ.

ബാങ്കിന് കീഴിലെ മൂന്ന് സൂപ്പർമാർക്കറ്റുകളിലെ സ്റ്റോക്കെടുപ്പിലും കുറി നടത്തിപ്പിലും വെട്ടിപ്പ് നടന്നെന്നാണ് പുതിയ റിപ്പോർട്ട്. ബാങ്കിന്റെ കീഴിൽ വരുന്ന മൂന്ന് സൂപ്പർമാർക്കറ്റുകളിലെ സ്റ്റോക്കെടുപ്പിൽ വ്യാപകമായ തിരിമറികൾ നടന്നു എന്നാണ് ആരോപണം. സൂപ്പർമാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങിയതിൽ ഒരുവർഷത്തെ കണക്കുകൾ പ്രകാരം മാത്രം ഒന്നരക്കോടി രൂപയിലധികം കുറവുണ്ടെന്നാണ് കണ്ടെത്തൽ.

സഹകരണ സംഘത്തിന് കീഴിലെ മാപ്രാണം, കരുവന്നൂർ, മൂർഖനാട് സൂപ്പർ മാർക്കറ്റുകളെ സ്റ്റോക്കെടുപ്പിലാണ് തിരിമറി നടന്നത്. 2020 ൽ മാത്രം നിന്ന് 1കോടി 69 ലക്ഷം രൂപ തട്ടിയതായാണ് ഓഡിറ്റ് റിപ്പോർട്ട്. ബാങ്കിലെ കുറി നടത്തിപ്പിൽ അൻപത് കോടി രൂപയുടെ തിരിമറി നടന്നു എന്നുമാണ് പുറത്ത് വരുന്ന വിവരം. മാസ തവണ നിക്ഷേപ പദ്ധതിയിൽ എല്ലാ ടോക്കണുകളും ഒരാൾക്ക് തന്നെ നൽകിയാണ് തട്ടിപ്പ് നടത്തിയത്.

സഹകരണ ബാങ്കുകളിൽ കേന്ദ്രത്തിന്റെ ആദ്യ ഇടപെടൽ കേരളത്തിൽ നിന്നു തന്നെ ഉണ്ടായേക്കുമെന്ന രീതിയിലാണ് ക്രമക്കേടിന്റെ വ്യാപ്തി സൂചിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ പുതിയ വകുപ്പ് സൃഷ്ടിക്കുകയും സഹകരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ച പശ്ചാത്തലത്തിൽ കോടികളുടെ ക്രമക്കേട് സംബന്ധിച്ച പരാതി കേന്ദ്രസർക്കാർ ഗൗരവമായി എടുക്കുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൈയിലാണ് ഈ വകുപ്പ്. ഇരിങ്ങാലക്കുട കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിലെ ക്രമക്കേട് ഭരണമുന്നണിയിലെ അംഗങ്ങൾക്ക് നേരിട്ടു പങ്കുള്ളത് ആയതിനാൽ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാകും.

അനിൽ എന്ന പേരിലറിയപ്പെടുന്ന സുഭാഷ് ഒരു കുറിയിലെ 50 ടിക്കറ്റുകൾ ഏറ്റെടുത്തു. ഇതിൽ പകുതിയോളം വിളിച്ചെടുക്കുകയും, മറ്റുള്ളവ ഈട് വച്ച് വായ്പ എടുക്കുകയുമാണ് ചെയ്തത്. പല പേരുകളിൽ ബിനാമി ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. കുറി നടത്തിപ്പിൽ 50 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സഹകരണ ബാങ്കിലെ ഭൂരിഭാഗം മാസ തവണ നിക്ഷേപ പദ്ധതികളിലും ഇതേ രീതിയിലുള്ള ക്രമക്കേട് നടന്നതായും ജോയിന്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

തൃശ്ശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് നിലവിൽ സിപിഎം നിയന്ത്രണത്തിലാണ്. ബാങ്കിൽ നിന്നും 2014 മുതൽ 2020 വരെയുള്ള കാലയളവിൽ നൂറു കോടി രൂപയുടെ തട്ടിപ്പു നടന്നതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ മുൻ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ചിരുന്ന പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

പെരിങ്ങനം സ്വദേശി കിരൺ എന്നയാളുടെ അക്കൗണ്ടിലേക്കാണ് 23 കോടി രൂപ എത്തിയതെന്നാണ് സൂചന. ബാങ്കിൽ നിന്നും വായ്പയെടുത്ത് കൃത്യമായി തിരിച്ചടച്ച പലർക്കും ജപ്തി നോട്ടീസ് വന്നതോടെയാണ് തട്ടിപ്പ് നടന്നത് പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

ഒരു വ്യക്തി ആധാരം ഈടുനൽകി വായ്പയെടുക്കുകയും അതേ ആധാരം ഉപയോഗിച്ച് മറ്റൊരു വായ്പയെടുക്കുകയും തുക മറ്റൊരു അക്കൗണ്ടിലേക്ക് പോവുകയുമാണ് ചെയ്തത്. ഇത്തരത്തിൽ 46 പേരുടെ ആധാരത്തിൽ നിന്നും എടുത്ത വായ്പയുടെ തുക ഒരു വ്യക്തികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തുവെന്നാണ് കണ്ടെത്തൽ.

നിലവിൽ സിപിഎമ്മിന്റെ നേതൃത്വത്തിലുള്ളതാണ് ഭരണസമിതി. ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ 12 അംഗ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ബാങ്ക് തട്ടിപ്പിനെതിരെ ഇഡിക്കും ആദായ നികുതി വകുപ്പിനും ബിജെപി നേതാക്കൾ പരാതി നൽകിയിരുന്നു.

300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് അവിടെ നടന്നിട്ടുണ്ട്. സഹകരണ ബാങ്കുകളിലെത്തുന്ന നിക്ഷേപങ്ങൾ സിപിഎം നേതാക്കൾ ബിനാമി പേരുകളിലും വ്യാജ പേരുകളിലും വായ്പയെടുത്ത് കോടികളുടെ തട്ടിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആരോപിക്കുകയാണ് ബിജെപിയുടെ തൃശൂർ ജില്ലാ നേതൃത്വം. കരുവന്നൂർ മോഡൽ തട്ടിപ്പ് മിക്ക സഹകരണ ബാങ്കുകളിലും സിപിഎം നേതാക്കൾ നടത്തുന്നുണ്ടെന്നാണ് ആരോപണം. അമിത് ഷായ്ക്ക് പരാതി നൽകുന്നതിന് പിന്നിൽ കേരളത്തിലെ ഇടപെടലിന് അവസരമൊരുക്കുകയാണ് ബിജെപി. ഇഡി ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നാണ് സൂചന.

കേരളത്തിൽ സഹകരണ ബാങ്കുകൾ മറയാക്കി സിപിഎം നേതാക്കൾ നടത്തുന്ന വൻ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ട് വരാൻ കേന്ദ്ര സർക്കാർ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സഹകരണ വകുപ്പ് മന്ത്രി അമിത്ഷായ്ക്ക് പരാതി നൽകുമെന്ന് ബിജെപി തൃശ്ശൂർ ജില്ലാ അധ്യക്ഷൻ അഡ്വ: കെ കെ അനീഷ് കുമാർ വ്യക്തമാക്കിയിരുന്നു. അന്വേഷണം സുതാര്യമായി നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചാൽ അഴിമതിയുടെ വ്യാപ്തി പൂർണമായും പുറത്തുവരാൻ സാധ്യതയേറും.