സുള്ള്യ(കർണാടക): ജീവനൊടുക്കിയ നിലയിൽ കാണപ്പെട്ട കാസർഗോഡ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന് മർദ്ദനമേറ്റത് പൊലീസ് സ്റ്റേഷനിൽനിന്നു മാത്രമോ? പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മജിസ്ട്രേറ്റിന്റെ ശരീരത്തിൽ 27 ചതവുകളുണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. മജിസ്ട്രേറ്റിന്റെ കൂടെ പോയ അഭിഭാഷകർക്കും ബിസിനസ്സുകാരനുമൊപ്പം സുള്ള്യയിലെ റിസോർട്ടിൽ മൂന്നു സ്ത്രീകളും ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിൽ രണ്ടു പേർ മലയാളികളും ഒരാൾ കന്നടക്കാരിയുമാണ്. മജിസ്ട്രേറ്റിനെ സുള്ള്യയിലേക്ക് പ്രലോഭിപ്പിച്ചു കൊണ്ടുവന്നതാണെന്നും മദ്യപാനശീലമില്ലാത്ത മജിസ്‌ട്രേറ്റിനെ വഴിയിൽ വച്ച് കോളയിൽ മദ്യം കലർത്തി കുടിപ്പിച്ചെന്നും അഭ്യൂഹമുണ്ട്. എന്തോ കാര്യലാഭത്തിനു വേണ്ടി അഭിഭാഷകരും ബിസിനസ്സുകാരും ചേർന്ന് മജിസ്ട്രേറ്റിനെ സുള്ള്യയിലെത്തിച്ചതാണെന്നാണ് വിവരം.

ഞായറാഴ്ച പകൽ ഓട്ടോറിക്ഷാ ഡ്രൈവറുമായും പിന്നീട് ഹോം ഗാർഡുമായും കലഹിച്ച മജിസ്ട്രേറ്റ് പൊലീസ് സ്റ്റേഷനിലെത്തി പൊലീസിനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ പേരിലുള്ള കുറ്റം. മജിസ്ട്രേറ്റ് തനിച്ച് ഇത്രയും പേരെ നേരിട്ടുവെന്നത് വിശ്വസിക്കാനാവുന്നതല്ല. സുള്ള്യയുമായി നല്ല ബന്ധമുള്ള അഭിഭാഷകരും ബിസിനസ്സുകാരനും ചേർന്നൊരുക്കിയ കെണിയിൽ മജിസ്‌ട്രേറ്റ് വീണുവെന്നാണ് ഇതിലൂടെ വ്യക്തമാവുന്നത്.

കൂട്ടാളികളുടെ ദുരുദ്ദേശ്യം മനസ്സിലാക്കിയ മജിസ്ട്രേറ്റ് മദ്യലഹരിയിൽ പോലും അതിനു കൂട്ടുനിന്നില്ലയെന്നാണ് കരുതേണ്ടത്. അന്നേദിവസം പൊലീസ് സ്റ്റേഷനിൽ മജിസ്ട്രേറ്റിന് ക്രൂരമായ മർദ്ദനമേറ്റെന്നാണ് പ്രചരിക്കപ്പെട്ടത്. എന്നാൽ നഗരത്തിലുള്ള സുള്ള്യ പൊലീസ് സ്റ്റേഷനിൽ വച്ച് ഇത്തരം പീഡനം നടന്നാൽ പുറംലോകം കൃത്യമായി അറിയും. മജിസ്ട്രേറ്റിന് രണ്ടോ മൂന്നോ മർദ്ദനം മാത്രം പൊലീസ് സ്റ്റേഷനിൽ നിന്ന് ഏറ്റിരിക്കാം. എന്നാൽ ദേഹമാസകലം ഇത്രയേറെ ക്ഷതമുണ്ടാകേണ്ട സംഭവം നടന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്.

സുള്ള്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കേരള - കർണ്ണാടക മാഫിയയുടെ എന്തോ കാര്യം കേസായി കോടതിയിലെത്തിയിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. അതിനു വേണ്ടിയായിരിക്കാം മജിസ്ട്രേറ്റിനെ അങ്ങോട്ടു കൊണ്ടുപോയത്. ഇവരാരും പൊലീസ് സ്റ്റേഷനിലെ സംഭവങ്ങൾക്കോ തുടർന്നോ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കേസുകൾ വേഗം തീർപ്പാക്കുന്നതിൽ മജിസ്ട്രേറ്റ് പ്രത്യേകം ശ്രദ്ധ പാലിച്ചിരുന്നു. കക്ഷികൾക്ക് അതുകൊണ്ടു തന്നെ മജിസ്ട്രേറ്റിൽ നല്ല ബഹുമാനം ഉണ്ടായിരുന്നു. കുറ്റമറ്റരീതിയിൽ വിധികൾ പ്രസ്താവിക്കുന്ന മജിസ്ട്രേറ്റിന്റെ നടപടിയിൽ ചില അഭിഭാഷകർ ഉൾപ്പെടെയുള്ളവർക്ക് എതിർപ്പുണ്ടായിരുന്നു. ജോലിയുടെ കാര്യക്ഷമതക്ക് ഉണ്ണികൃഷ്ണന് ഗുഡ്സ് സർവ്വീസ് എൻട്രിയും ലഭിച്ചിരുന്നു.

സുള്ള്യ സംഭവത്തിനു ശേഷം മജിസ്ട്രേറ്റിനെ കാസർഗോട്ടേക്ക് കൊണ്ടുവരുന്നതിന് മുമ്പ് റിസോർട്ടിൽ കൊണ്ടുപോയെന്നാണ് സംശയം. പൊലീസ് സ്റ്റേഷനിൽ അപമാനിതനായ ശേഷം വിവശനായ മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണനെ റിസോർട്ടിൽ എത്തിച്ച് വീണ്ടും മദ്യം നൽകിയിരിക്കാം. പണത്തിനോ മദിരാക്ഷിക്കോ വഴങ്ങാത്ത മജിസ്ട്രേറ്റിനെ വീണ്ടും മർദ്ദിച്ചതിനാലായിരിക്കാം ശരീരത്തിലുണ്ടായ 27 ചതവുകൾ. പൊലീസ് സ്റ്റേഷനിൽ എസ്.ഐ. യുടെ കോളറിൽ പിടിച്ചു എന്നതിന്റെ പേരിൽ മാത്രമാണ് മർദ്ദിച്ചതെന്ന് പറയുന്നു. മജിസ്ട്രേറ്റാണെന്ന് അറിയിച്ചതോടെ അവർ ബഹുമാനം നൽകി ഇരുത്തുകയും അഡീഷണൽ പൊലീസ് സൂപ്രണ്ട,് അവിടത്തെ ജഡ്ജി എന്നിവർ മുമ്പാകെ ഹാജരാക്കി ഇനി പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്ന് എഴുതി നൽകിയ ശേഷം വിട്ടയക്കുകയുമായിരുന്നു.

ഈ സമയത്തൊന്നും മജിസ്ട്രേറ്റിനെ കൊണ്ടുപോയ അഭിഭാഷകരോ ബിസിനസ്സുകാരനോ ഇടപെട്ടിരുന്നില്ല. കേരളാ പൊലീസ് അന്വേഷണത്തിനെത്തിയാൽ തെളിവുകൾ ഹാജരാക്കാനുള്ള ഒരുക്കത്തിലാണ് സുള്ള്യ പൊലീസ്. കൂട്ടുകാരെന്നു പറഞ്ഞു കൂടെ നടന്നവർ വഞ്ചിച്ചതോടെ കഠിന മന:പ്രയാസത്തിലാണ് മജിസ്ട്രേറ്റ് ഉണ്ണികൃഷ്ണൻ താമസസ്ഥലത്തെത്തിയത്. തൊട്ടടുത്ത ദിവസം തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.