കാസർഗോഡ്: മദ്രസ അദ്ധ്യാപകൻ മുഹമ്മദ് റിയാസ് മൗലവിയുടെ കൊലപാതകത്തിന് കാരണമെന്ന് വിശ്വസിക്കുന്ന കളിക്കളത്തിലെ ദൃശ്യങ്ങൾ ലഭിക്കാൻ പൊലീസ് ശ്രമം ആരംഭിച്ചു. ഷട്ടിൽ മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങുമുതൽ മത്സരം അവസാനിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ ലഭ്യമായാൽ കൊലക്ക് പിന്നിലെ ഗൂഢാലോചനയുടെ നിജസ്ഥിതി വ്യക്തമാവുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

താളിപ്പടപ്പ് മൈതാനത്ത് നടന്ന കബഡി മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ കർണ്ണാടകത്തിലെ ചില ബിജെപി. നേതാക്കൾ സംബന്ധിച്ചതായി അറിവായിട്ടുണ്ട്. റിയാസ് മൗലവിയെ കൊലപ്പെടുത്തിയ പ്രതികൾ മൂന്നു പേരും അവിടെ നിന്നും മടങ്ങി ച്യുരിയിൽ നടന്ന ഷട്ടിൽ ടൂർണ്ണമെന്റ് നടക്കുന്ന മൈതാനിയിൽ എത്തിയിരുന്നു. അതോടെയാണ് അവിടെ സംഘർഷാവസ്ഥ ഉടലെടുത്തത്.

വാളുമായി എത്തിയ മൂവർ സംഘം ഷട്ടിൽ ടൂർണമെന്റ് നടക്കുന്ന സ്ഥലത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇത് ചോദ്യം ചെയ്തപ്പോഴായിരുന്നു സംഘർഷം ആരംഭിച്ചത്. സംഘർഷത്തിനൊടുവിൽ പ്രതികളായ കേളുഗുഡെ ഭജനമന്ദിരത്തിനു സമീപത്തെ അപ്പു എന്ന അജേഷിന് മർദ്ദനമേൽക്കുകയും അയാളുടെ പല്ല് കൊഴിയുകയും ചെയ്തുവെന്നാണ് വിവരം. തിരിച്ച് പ്രതികൾ മൈതാനത്ത് കുപ്പിയെറിഞ്ഞും പരാക്രമം കാട്ടി. കൂട്ടാളികളായ മാത്തെയിലെ നിതിൻ, കേശവകുടീരത്തിലെ അഖിൽ എന്ന അഖിലേഷ് എന്നിവർക്കും മർദ്ദനമേറ്റിരുന്നു.

ഈ സംഭവത്തിന്റെ പ്രതികാരത്തിൽ ഒരന്യമതസ്ഥനെ കൊല ചെയ്യുക എന്ന ഉദ്ദേശത്തോടെ ഇവർ നീങ്ങിയെന്നാണ് പ്രാഥമിക വിവരം. സംഘർഷത്തിനിടെ വിവരമറിഞ്ഞെത്തിയ കൺട്രോൾ റൂം പൊലീസ് നടത്തിയ തിരച്ചിലിൽ ഒരു ബൈക്ക് കണ്ടെത്തിയിരുന്നു. ഇത് മോഷ്ടിച്ചതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇതെല്ലാം പ്രതികൾക്കു നേരെയുള്ള തെളിവുകളായി നിലകൊള്ളുന്നുണ്ട്.

പൊലീസെത്തിയതും ബൈക്ക് പിടിച്ചെടുത്തതും എല്ലാം കളിക്കളത്തിലെ സംഘർഷവുമായി ബന്ധപ്പെട്ടാണെന്ന് വിലയിരുത്തിയ സംഘം എതിരാളികളെ ആരെയെങ്കിലും കണ്ടാൽ കൊലപ്പെടുത്തി പകരം വീട്ടാമെന്ന ഉദ്ദേശത്തിൽ ഇറങ്ങിയപ്പോഴായിരുന്നു പള്ളി ഹാളിന് തൊട്ട മുറിക്കു പുറത്ത് പുസ്തക വായനയിൽ മുഴുകിയ റിയാസ് മൗലവിയെ കണ്ടത്. അതോടെ ഒന്നുമറിയാത്ത റിയാസ് മൗലവിയെ കത്തി ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിനാൽ ഈ വിവരങ്ങൾ വ്യക്തമാകണമെങ്കിൽ കളിക്കളത്തിലെ സി.ഡി. ദൃശ്യങ്ങൾ പൊലീസ് ശേഖരിക്കേണ്ടതുണ്ട്.

തിരിച്ചറിയൽ പരേഡിനായി പ്രതികളെ ഹാജരാക്കാൻ അന്വേഷണസംഘം ഇന്ന് കാസർഗോഡ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകും. പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കയാണ് പ്രതികളെ. കോടതി അനുവദിക്കുന്ന മുറക്ക് തിരിച്ചറിയൽ പരേഡിനു വേണ്ടി പ്രതികളെ കസ്റ്റഡിയിലെടുക്കും. മുഖ്യപ്രതി അജേഷിന്റെ വീട്ടിൽ നിന്നും രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അലക്കാനിട്ട വസ്ത്രങ്ങൾക്കിടയിൽ നിന്നാണ് രക്തം പുരണ്ട വസ്ത്രം ലഭിച്ചത്. ഇത് ഉടൻ ശാസ്ത്രീയ പരിശോധനക്ക് അയക്കും. മൗലവി കൊല്ലപ്പെട്ട സ്ഥലത്തു നിന്ന് ലഭിച്ച രക്ത സാമ്പിളും വസ്ത്രത്തിൽ കാണുന്ന രക്തവും ഒന്നു തന്നെയാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.

കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ ശരീരത്തിൽ ആകെ 28 വെട്ടുകളാണ് ഏറ്റിരുന്നത്. ഇതിൽ നെഞ്ചത്തുള്ള രണ്ട് വെട്ടുകൾ മാരകമായിരുന്നു. ഇതാണ് മൗലവിയുടെ മരണത്തിന് കാരണമായത്. ഒരേ രീതിയിലുള്ള ആയുധം കൊണ്ടാണ് മൗലവിക്ക് മുറിവേറ്റത്. ഒരാൾ തന്നെ ആയുധം ഉപയോഗിച്ച് അക്രമിച്ചതെന്നാണ് പ്രാഥമിക നിഗമനം.

മൗലവിയുടെ കൊലപാതകത്തെ തുടർന്ന് ബോധപൂർവ്വം സംഘർഷമുണ്ടാക്കാനും സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചരണവും നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് ചീഫ് കെ.ജി. സൈമൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.