- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെവ്‌കോ ലാസ്റ്റ്ഗ്രേഡ് പോസ്റ്റിന് സമാനമായി സ്ഥിരപ്പെടുത്തിയത് 426 പേരെ; കാസർകോട് വെയർഹൗസിൽ സിപിഎം ഇടപെട്ട് സ്ഥിരപ്പെടുത്തിയത് 20 സജീവപ്രവർത്തകരെ; നിയമനത്തിൽ വ്യാപക പ്രതിഷേധം; നിയമനത്തെക്കുറിച്ച് അറിയില്ലെന്നും മറുപടി വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമെന്ന് വെയർഹൗസ് മാനേജർ
കാസർകോട്: പുറംകരാർ തൊഴിലാളികളായ 426 പേരെ ബെവ്‌കോ ലാസ്റ്റ് ഗ്രേഡ് പോസ്റ്റിന് സമാനമായി സ്ഥിരപ്പെടുത്തിയപ്പോൾ കാസർകോഡ് വെയർ ഹൗസിൽ നടന്നത് സിപിഎം സ്ഥിരപ്പെടുത്തൽ. കാസർകോട് സ്ഥിരപ്പെടുത്തിയ 20 പേർ പനയാൽ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ സജീവ സിപിഎം പ്രവർത്തകരാണ്.സിപിഎം ഉദുമ ഏരിയാ കമ്മിറ്റിക്ക് കീഴിൽ വരുന്ന പനയാൽ ലോക്കൽ കമ്മിറ്റിയിലുൾപ്പെടുന്ന ബട്ടത്തൂർ, ബങ്ങാട്, പനയാൽ, പെരുന്തട്ട, ഈലടുക്കം ബ്രാഞ്ചുകളിൽ നിന്നുള്ളവരാണ് 20 പേരിൽ മിക്കവരും. സ്ഥിര നിയമനം നേടിയവരിൽ പലരും ഇപ്പോഴും വിവിധ രാഷ്ട്രീയ സംഘടനകളിൽ സജീവമാണ്.
വിരമിച്ച ഒരാളൊഴികെ 19 പേരും ബെവ്‌കോയിലെ സിഐടിയുവിന്റെ സജീവ പ്രവർത്തകരാണ്. സ്ഥിര നിയമനം കിട്ടിയ ഷീബ പനയാൽ ഈയിടെ ഡിവൈഎഫ്‌ഐ ജില്ലാ സമ്മേളനത്തിലും പങ്കെടുത്തു.നിരവധി വർഷം ജോലി ചെയ്തവരെ തഴഞ്ഞാണ് അനധികൃത നിയമനം എന്നാണ് പരാതി ഉയരുന്നത്.തഴയപ്പെട്ടവർ സ്ഥിരനിയമനത്തിനായി ഹൈക്കോടതിയെ സമീപിച്ചു. കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ബെവ്‌കോ വാദിച്ചു. ഹർജി കോടതി തള്ളി.
2014 ലാണ് ബെവ്‌കോ കാസർകോട് വെയർഹൗസ് തുടങ്ങിയത്. 2016 ഒക്ടോബറിൽ കാസർകോട് ബങ്ങാടുള്ള ധനലക്ഷ്മി കുടുംബശ്രീ ലേബൽ ഒട്ടിക്കാൻ പുതിയ കരാർ ഏറ്റെടുത്തു.ലേബൽ ഒട്ടിച്ച് തുടങ്ങി ഒന്നര വർഷം കഴിഞ്ഞപ്പോഴേക്ക് 2018 ജൂൺ മാസം 20 പേരെയും സ്ഥിരപ്പെടുത്തി. ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ടിനും സ്ഥിര നിയമനം കിട്ടി.
ലേബൽ ഒട്ടിച്ച് തുടങ്ങി വെറും ഒന്നരവർഷം കൊണ്ട് ലേബലിങ് സ്റ്റാഫായി ബെവ്‌കോയിൽ സ്ഥിര നിയമനം നേടിയ കാസർകോട് വെയർ ഹൗസിൽ ജോലി ചെയ്യുന്ന 20 പേരിൽ 15 പേരും സിപിഎം അംഗങ്ങളോ സജീവ പ്രവർത്തകരോ ആണ്. രണ്ട് വർഷം പൂർത്തിയായവരെ മാത്രമാണ് സ്ഥിരപ്പെടുത്തിയതെന്ന ബെവ്‌കോ വാദവും പൊളിയുകയാണ്. സ്ഥിരപ്പെടുത്തൽ തീയ്യതിയായ 07.06.2018 വരെ രണ്ട് വർഷം തുടർച്ചയായി ജോലി ചെയ്ത് വരെന്നാണ് വിവരാവാകാശ രേഖകൾ.
രണ്ട് വർഷം പൂർത്തിയായവർക്ക് മാത്രമാണ് സ്ഥിര നിയമനം നൽകിയതെന്ന ബെവ്‌കോ വാദവും കളവാണെന്ന് തെളിയുകയാണ്.വർഷങ്ങൾക്ക് മുമ്പ് നടന്ന നിയമനമായതിനാൽ തന്നെ കാസർകോഡ് വെയർ ഹൗസിൽ നടന്ന നിയമനങ്ങളെ കുറിച്ച് അറിയില്ലെന്നും പരിശോധിച്ച് മാത്രമേ മറുപടി പറയാനാകൂ എന്നാണ് കാസർകോട് വെയർഹൗസ് മാനേജരുടെ പ്രതികരണം.
മറുനാടന് മലയാളി ബ്യൂറോ