കാസർഗോഡ്: ഗുണ്ടകളുടെ വിളയാട്ടം കാസർഗോഡ് ജില്ലയെ വീണ്ടും ഭയാനകമാക്കുന്നു. മുംബൈ അധോലോകത്തെപ്പോലെ വ്യാപാരികളിൽ നിന്നും നിർബന്ധിത ഗുണ്ടാപിരിവ് നടത്തി വിലസുകയാണ് ഈ ഗുണ്ടാസംഘങ്ങൾ. അതിനിടെ ഉപ്പള ടൗണിലുണ്ടായ പരസ്പര വെടിവെപ്പുമായി ബന്ധപ്പെട്ട് ഗുണ്ടാ തലവന്മാരായ കാലിയാ റഫീഖ്, കസായി അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാലിയാ റഫീഖിനെതിരെ കാപ്പ ചുമത്താനുള്ള ഒരുക്കത്തിലാണ് പൊലീസ്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഉപ്പള ടൗണിലുണ്ടായ അക്രമം അധോലോക സംഘങ്ങളുടെ വളർച്ച ത്വരിതപ്പെടുകയാണെന്നുള്ള സൂചനയാണ് നൽകുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പക പരസ്യമായ ഏറ്റുമുട്ടലിലേക്ക് കടന്നതോടെ ഉപ്പളയിലെ ജനങ്ങൾ അസ്വസ്ഥരാണ്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെ വാഗണാറിലും ബൊലേറോയിലും എത്തിയ രണ്ടുസംഘങ്ങൾ തോക്കുകൾ കൊണ്ടാണ് ഏറ്റുമുട്ടിയത്. കുപ്രസിദ്ധ ഗുണ്ട കാലിയാ റഫീഖ് ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. അയാൾക്കൊപ്പം പതിവ് സംഘാംഗങ്ങളും. ആറുപേരടങ്ങുന്ന മറ്റൊരു സംഘവുമായി ഈത്തപ്പ കസായി അലിയും എത്തിയതോടെയാണ് വെടിവെപ്പ് നടന്നത്.

തന്റെ സുഹൃത്തിന്റെ ഫ്ളാറ്റിൽ മുഖംമൂടി അണിഞ്ഞ് ഒരാൾ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞതോടെ കസായി അലിയും സംഘവും എത്തിയത്. ഈ വിവരമറിഞ്ഞ മറ്റു സംഘം അവിടത്തേക്ക് കുതിച്ചു. അതോടെ ഇരു സംഘവും തമ്മിൽ വെടിവെപ്പാരംഭിച്ചു. ജനങ്ങളെ ഭയവിഹ്വലരാക്കി ഇരുപതുമിനുട്ടോളം ഇവർ പരസ്പരം വെടി ഉതിർത്തു. കാലിയാ റഫീഖും സംഘവും സഞ്ചരിച്ച കാറിന് വെടിയുണ്ടകൾ തുളച്ചു കയറി. വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും ഇരുസംഘങ്ങളും വാഹനങ്ങൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. പൊലീസ് രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. രണ്ടുവർഷം മുമ്പ് ഉപ്പള മണ്ണൻകുഴിയിലെ ഫ്ളാറ്റിനു സമീപം വച്ച് മുത്തലീബ് എന്നയാളെ ഭാര്യയുടേയും മക്കളുടേയും കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയിരുന്നു. കാലിയാ റഫീഖും സംഘവുമാണ് മുത്തലീബിനെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഈ സംഭവത്തോടെ ഇരുസംഘങ്ങളും തമ്മിൽ കുടിപ്പക നിലനിന്നിരുന്നു.

മുത്തലീബ് വധക്കേസിൽ ജാമ്യംതേടി പുറത്തിറങ്ങിയ കാലിയാ റഫീക്ക് വീണ്ടും കൊലവിളി തുടരുകയാണ്. കാലിയാ റഫീഖിനെ വധിക്കാൻ ദിവസങ്ങൾക്കു മുമ്പ് തോക്കുമായി ഉപ്പളയിൽ ഒരാളെത്തിയതായും വിവരമുണ്ടായിരുന്നു. ഇത് മണത്തറിഞ്ഞ കാലിയാ റഫീഖ് തന്നെ അപകടപ്പെടുത്താനെത്തിയ അഷ്ഫാക്ക് എന്നയാളെ കീഴടക്കിയിരുന്നു. കാലിയാ റഫീക്കിനെ വധിക്കാൻ ക്വട്ടേഷൻ ഏൽപ്പിച്ച അഷ്ഫാക്ക് പൊലീസിൽ ഹാജരായി. കസായി സംഘം ആവശ്യപ്പെട്ട പ്രകാരമാണ് ദൗത്യം ഏറ്റെടുത്തതെന്ന് മൊഴി നൽകിയിരുന്നു. ഇയാളിൽ നിന്നും പൊലീസ് തോക്ക് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗുണ്ടാസംഘത്തിൽപ്പെട്ടവരെ കണ്ടാലുടൻ വെടിവെക്കാൻ പൊലീസ് നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാൽ ഈ ഗുണ്ടാസംഘങ്ങൾക്ക് നേരെ ഒരു ചെറുവിരൽ അനക്കാൻ പോലും പൊലീസിനായിരുന്നില്ല. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള അക്രമങ്ങളിൽ നേരത്തെ ഒട്ടേറെ യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. വാഹനങ്ങളും ആയുധങ്ങളും എടുത്ത് തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന ഗുണ്ടാ സംഘങ്ങളെ നിലയ്ക്ക് നിർത്താനുള്ള ഒരു പൊലീസ് സംവിധാനം കാസർഗോഡ് ജില്ലയിലെ വടക്കൻ മേഖലയിൽ ഇല്ല. ഗുണ്ടാസംഘങ്ങളെ ഭയന്ന് രാത്രിയാകും മുമ്പേ ഉപ്പള നഗരം വിജനമാവുകയാണ്. അതിന്റെ മറവിൽ കുടിപ്പക തീർക്കാൻ ഇറങ്ങുകയാണ് ഗുണ്ടാ തലവന്മാർ.