- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിയന്ത്രണങ്ങൾ പിൻവലിച്ചത് സമ്മർദ്ദം മൂലമല്ല; പിന്നിൽ സിപിഎം സമ്മർദ്ദമെന്ന മാധ്യമ വാർത്തകൾ തെറ്റ്; സാധാരണക്കാരെ ഓർത്താണ് തീരുമാനം മാറ്റിയത്; കഴിഞ്ഞ ലോക്ഡൗൺ സമയത്ത് റിക്ഷാ ഡ്രൈവർമാർ ആത്മഹത്യ ചെയ്ത സംഭവം അടക്കം കുറിച്ച് കാസർകോട് കലക്ടറുടെ വിശദീകരണം
കാസർകോട്: കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ കലക്ടർ തിരുത്തൽ വരുത്തിയത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. സിപിഎം ജില്ലാ സമ്മേളനം ഇന്ന് തുടങ്ങുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്നാണ് വിമർശനം ഉയർന്നത്. എന്നാൽ, ഈ വിമർശനം തള്ളി കളക്ടർ രംഗത്തുവന്നു.
കാസർകോട് പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയുള്ള ഉത്തരവ് പിൻവലിച്ചത് ആരുടെയും സമ്മർദം മൂലമല്ലെന്ന് ജില്ലാ കലക്ട വ്യക്തമാക്കി. ഇത്തരത്തിൽ വരുന്ന മാധ്യമ വാർത്തകൾ തെറ്റാണ്. നേരത്തെ നിലവിലുണ്ടായിരുന്ന മാർഗ നിർദ്ദേശ പ്രകാരമായിരുന്നു നിയന്ത്രണം പ്രഖ്യാപിച്ചത്. എന്നാൽ പുതിയ മാർഗ നിർദ്ദേശം വന്നതിനെതുടർന്ന് തീരുമാനം റദ്ദാക്കുകയായിരുന്നെന്നും കലക്ടർ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ടെങ്കിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാൽ മതി. അല്ലാത്ത പക്ഷം എന്തിനാണ് നിയന്ത്രണങ്ങൾ വെച്ച് സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നത്.
സ്ഥിരവേതനമുള്ള എന്നെപ്പോലുള്ളവരെയല്ല ലോക്ഡൗൺ ബാധിക്കുന്നത്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് റിക്ഷാ ഡ്രൈവർമാർ ആത്മഹത്യ ചെയ്ത സംഭവങ്ങളും കലക്ടർ ചൂണ്ടിക്കാട്ടി. കാസർകോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപെടുത്തിയ തീരുമാനം രണ്ട് മണിക്കൂറുകൾക്കുള്ളിൽ കലക്ടർ പിൻവലിച്ചിരുന്നു. സിപിഐഎം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനാലാണ് കലക്ടർ തീരുമാനം മാറ്റിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കലക്ടറുടെ വിശദീകരണം.
കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഒരുതരത്തിലുമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, മത, സാമുദായിക പൊതുപരിപാടികളും അനുവദനീയമല്ലെന്നാണ് കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി ആദ്യം പുറത്തിറക്കിയ ഉത്തരവ്. മൂന്നുദിവസത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 30.5 ആയതിനാലാണ് നടപടിയെന്നുപറഞ്ഞായിരുന്നു കളക്ടറുടെ ഉത്തരവ്. നിശ്ചയിച്ച പരിപാടികൾ സംഘാടകർ അടിയന്തരമായി മാറ്റിവെക്കണം. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ച് കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുമാത്രം നടത്തണം.
കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കും. സർക്കാർനിർദ്ദേശം പാലിക്കാത്ത സാഹചര്യം പലയിടങ്ങളിലുമുണ്ട്. ഉത്സവാഘോഷച്ചടങ്ങുകൾ നടത്താൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്നും അതത് സ്റ്റേഷൻ ഹൗസ് ഓഫീസറിൽനിന്നും അനുമതി വാങ്ങണം. കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്നുറപ്പാക്കാൻ ഇത്തരം ചടങ്ങുകളിൽ പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
രാത്രി ഒൻപതോടെയാണ് ഈ ഉത്തരവ് റദ്ദുചെയ്തുകൊണ്ടുള്ള കളക്ടറുടെ അറിയിപ്പ് ലഭിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെന്നും അതിനാൽ നേരത്തേയുള്ള ഉത്തരവ് റദ്ദുചെയ്യുന്നുവെന്നുമാണ് കളക്ടറുടെ അറിയിപ്പിൽ പറയുന്നത്. ഇതിനിടെ കളക്ടറുടെ ആദ്യ ഉത്തരവ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചു. ചാനലുകളിൽ വാർത്തയും വന്നു.
മറുനാടന് മലയാളി ബ്യൂറോ